Published: November 09, 2025 05:59 PM IST
1 minute Read
തിരുവനന്തപുരം∙ രഞ്ജി ട്രോഫി ക്രിക്കറ്റിൽ സൗരാഷ്ട്രയ്ക്കെതിരെ കേരളത്തിന് 73 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങിയ സൗരാഷ്ട്ര രണ്ടാം ദിവസം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 47 റൺസെന്ന നിലയിലാണ്. ഗജ്ജർ സമ്മാർ (20*), ജയ് ഗോഹിൽ (22*) എന്നിവരാണ് ക്രീസിൽ. കേരളത്തിന്റെ ആദ്യ ഇന്നിങ്സ് സ്കോറിനേക്കാൾ 26 റൺസിനു പിന്നിലാണ് ഇപ്പോഴും സൗരാഷ്ട്ര.
ഒന്നാം ഇന്നിങ്സിൽ 2ന് 82 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച കേരളം 233 റൺസിന് ഓൾഔട്ടാകുകയായിരുന്നു. തുടക്കത്തിൽ തന്നെ അഹമ്മദ് ഇമ്രാന്റെ വിക്കറ്റ് നഷ്ടമായി.10 റൺസെടുത്ത ഇമ്രാനെ ജയ്ദേവ് ഉനദ്ഘട്ട് റിട്ടേൺ ക്യാച്ചെടുത്താണ് പുറത്താക്കിയത്. സ്കോർ 128ൽ നിൽക്കെ രോഹൻ കുന്നുമ്മലും മടങ്ങി. 80 റൺസെടുത്ത രോഹൻ ചിരാഗ് ജാനിയുടെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങുകയായിരുന്നു തുടർന്നെത്തിയ ക്യാപ്റ്റൻ മുഹമ്മദ് അസഹ്റുദിൻ സംപൂജ്യനായി മടങ്ങി. എന്നാൽ അങ്കിത് ശർമയും ബാബ അപരാജിത്തും ചേർന്ന ആറാം വിക്കറ്റ് കൂട്ടുകെട്ട് കേരളത്തിന് തുണയായി. ഇരുവരും ചേർന്നുള്ള 78 റൺസ് കൂട്ടുകെട്ടാണ് കേരളത്തിന് ലീഡ് സമ്മാനിച്ചത്.
38 റൺസെടുത്ത അങ്കിത് ശർമയെ പുറത്താക്കി ധർമേന്ദ്ര സിങ് ജഡേജയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തുടർന്നെത്തിയവരിൽ ആർക്കും പിടിച്ചു നിൽക്കാനായില്ല. വരുൺ നായനാരും ബേസിൽ എൻപിയും റണ്ണെടുക്കാതെ മടങ്ങിയപ്പോൾ ഏദൻ ആപ്പിൾ ടോം നാല് റൺസെടുത്ത് പുറത്തായി. ഒടുവിൽ ഒരറ്റത്ത് ഉറച്ചുനിന്ന ബാബ അപരാജിത്ത് കൂടി വീണതോടെ കേരളത്തിന്റെ ഇന്നിങ്സ് 233ൽ അവസാനിച്ചു. 69 റൺസാണ് അപരാജിത് നേടിയത്. സൗരാഷ്ട്രയ്ക്ക് വേണ്ടി ജയ്ദേവ് ഉനദ്ഘട്ട് നാലും ഹിതെൻ കാംബി രണ്ട് വിക്കറ്റും വീഴ്ത്തി.
രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ സൗരാഷ്ട്രയ്ക്ക് തുടക്കത്തിൽ തന്നെ ഹാർവിക് ദേശായിയുടെ വിക്കറ്റ് നഷ്ടമായി. അഞ്ച് റൺസെടുത്ത ഹാർവിക്കിനെ നിധീഷിന്റെ പന്തിൽ രോഹൻ കുന്നുമ്മൽ കയ്യിലൊതുക്കുകയായിരുന്നു. എന്നാൽ രണ്ടാം വിക്കറ്റിൽ ഒത്തു ചേർന്ന ഗജ്ജർ സമ്മാറും ജയ് ഗോഹിലും ചേർന്ന് കൂടുതൽ വിക്കറ്റുകൾ നഷ്ടപ്പെടുത്താതെ രണ്ടാം ദിവസം പൂർത്തിയാക്കി.
English Summary:








English (US) ·