ഒന്നാം ഏകദിനത്തിൽ ‘ടെസ്റ്റ് കളിച്ച്’ ഇംഗ്ലണ്ട് 42.2 ഓവറിൽ 174; സൂര്യവംശി 19 പന്തിൽ 48 റൺസുമായി മിന്നി, ഇന്ത്യ ‘ട്വന്റി20 വേഗ’ത്തിൽ വിജയത്തിൽ!

6 months ago 6

ഹോവ്∙ ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ വിജയസാധ്യതയുണ്ടായിട്ടും അതെല്ലാം കൈവിട്ട് സീനിയർ ടീം തോൽവിയിലേക്ക് വഴുതിയതിന്റെ നിരാശ മായും മുൻപേ, ഇംഗ്ലണ്ടിനെ നാണംകെടുത്തുന്ന പ്രകടനവുമായി ഇന്ത്യൻ യുവനിര. നിലവിൽ ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന ഇന്ത്യൻ അണ്ടർ 19 ടീമാണ്, ഒന്നാം യൂത്ത് ഏകദിനത്തിൽ ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെ തകർത്ത് വിട്ടത്. ഐപിഎലിലെ മിന്നും താരം വൈഭവ് സൂര്യവംശി 19 പന്തിൽ 48 റൺസുമായി തകർത്തടിച്ച മത്സരത്തിൽ, ഇന്ത്യൻ യുവനിര ഇംഗ്ലണ്ടിനെ വീഴ്ത്തിയത് ആറു വിക്കറ്റിന്.

മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ടീം ടെസ്റ്റിനെ വെല്ലുംവിധം മെല്ലെപ്പോക്കുമായി 42.2 ഓവറിൽ 174 റൺസെടുത്തപ്പോൾ, ട്വന്റി20യെ അതിശയിക്കുന്ന വേഗത്തിലായിരുന്നു ഇന്ത്യൻ യുവനിരയുടെ മറുപടി. ഏകദിന മത്സരമാണെന്നതു മറന്ന് വൈഭവ് സൂര്യവംശിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ബാറ്റർമാർ തകർത്തടിച്ചപ്പോൾ, വെറും 24 ഓവറിൽ ഇന്ത്യ ലക്ഷ്യത്തിലെത്തി. ബാക്കിയായത് 26 ഓവറുകൾ!

ക്യാപ്റ്റൻ കൂടിയായ മറ്റൊരു ഐപിഎൽ താരം ആയുഷ് മാത്രെയ്‌ക്കൊപ്പം ഓപ്പണറായി കളത്തിലിറങ്ങിയ വൈഭവ്, 19 പന്തിൽ മൂന്നു ഫോറും അഞ്ച് സിക്സറും സഹിതമാണ് 48 റൺസെടുത്തത്. ആയുഷ് മാത്രെ 30 പന്തിൽ നാലു ഫോറുകളോടെ 21 റൺസെടുത്തും പുറത്തായി. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും വെറും 45 പന്തിൽ 71 റൺസ് അടിച്ചുകൂട്ടിയപ്പോൾത്തന്നെ മത്സരത്തിന്റെ ഗതി വ്യക്തമായിരുന്നു.

വൈഭവും തൊട്ടടുത്ത ഓവറിൽ ആയുഷ് മാത്രയും പുറത്തായത് ഇന്ത്യൻ ഇന്നിങ്സിന്റെ വേഗതയെ ബാധിച്ചതോടെയാണ് മത്സരം 24 ഓവർ വരെ നീണ്ടത്. അഭിഗ്യാൻ കുണ്ഡു 34 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 45 റൺസുമായി പുറത്താകാതെ നിന്നു. രാഹുൽ കുമാർ 25 പന്തിൽ ഒരു സിക്സ് സഹിതം 17 റൺസോടെയും പുറത്താകാതെ നിന്നു. പിരിയാത്ത അഞ്ചാം വിക്കറ്റിൽ ഇരുവരും 47 പന്തിൽ 55 റൺസ് കൂട്ടിച്ചേർത്തു.

ഇന്ത്യയ്ക്കായി മൗല്യരാജ് സിൻഹ് 15 പന്തിൽ രണ്ടു ഫോറുകൾ സഹിതം 16 റൺസെടുത്തു. ഇംഗ്ലണ്ടിനായി എ.എം. ഫ്രഞ്ച് ആറ് ഓവറിൽ 46 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. റാൽഫി ആൽബർട്ട് നാല് ഓവറിൽ 25 റൺസ് വഴങ്ങിയും ജാക്ക് ഹോം അഞ്ച് ഓവറിൽ 50 റൺസ് വഴങ്ങിയും ഓരോ വിക്കറ്റും സ്വന്തമാക്കി.

നേരത്തെ, മലയാളി താരം മുഹമ്മദ് ഇനാൻ രണ്ടു വിക്കറ്റുമായി കരുത്തു കാട്ടിയതോടെയാണ് ഇന്ത്യ ഇംഗ്ലണ്ടിനെ 174 റൺസിൽ ഒതുക്കിയത്. 10 ഓവറിൽ 47 റൺസ് മാത്രം വഴങ്ങിയാണ് ഇനാൻ രണ്ടു വിക്കറ്റെടുത്തത്. കനിഷ്ക് ചൗഹാൻ 10 ഓവറിൽ 20 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ഹെനിൽ പട്ടേൽ, ആർ.എസ്. അംബരീഷ് എന്നിവരും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

ഇംഗ്ലണ്ടിന്റെ ഇതിഹാസ താരം ആൻഡ്രൂ ഫ്ലിന്റോഫിന്റെ മകൻ റോക്കി ഫ്ലിന്റോഫ് അർധസെഞ്ചറിയുമായി അവരുടെ ടോപ് സ്കോററായി. ഒരറ്റത്ത് വിക്കറ്റുകൾ കൊഴിയുമ്പോഴും പിടിച്ചുനിന്ന റോക്കി ഫ്ലിന്റോഫ്, 90 പന്തിൽ 56 റൺസെടുത്ത് പത്താമനായാണ് പുറത്തായത്. മൂന്നു വീതം സിക്സും ഫോറും ഉൾപ്പെടുന്നതാണ് റോക്കിയുടെ ഇന്നിങ്സ്.

ഇസാക് മുഹമ്മദ് (28 പന്തിൽ 42), ഡോകിൻസ് (29 പന്തിൽ 18), ബെൻ മയേസ് (19 പന്തിൽ 16), ജയിംസ് മിന്റോ (31 പന്തിൽ 10) എന്നിവരാണ് ഇംഗ്ലണ്ട് നിരയിൽ രണ്ടക്കം കണ്ട മറ്റുള്ളവർ.  

English Summary:

India U19 Crushes England U19 successful Youth ODI Thriller

Read Entire Article