ലണ്ടൻ∙ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനായി നാളെ ലീഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇറങ്ങുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രധാന ആശങ്ക ഇലവനിൽ ഏതൊക്കെ പേസർമാരെ കളിപ്പിക്കണമെന്നതാണ്. നിലവിൽ ജസ്പ്രീത് ബുമ്ര മാത്രമാണ് ടീമിൽ സ്ഥാനമുറപ്പുള്ള ഏക പേസർ. ബുമ്രയ്ക്കൊപ്പം ന്യൂബോൾ കൈകാര്യം ചെയ്യാനും മധ്യ ഓവറുകളിൽ പന്തെറിയാനും കുറഞ്ഞതു 2 പേസർമാരെങ്കിലും നിർബന്ധമാണ്.
മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിങ്, ഹർഷിത് റാണ എന്നിവരാണ് ബുമ്രയ്ക്കു പുറമേയുള്ള പേസർമാർ. ഇവർക്കൊപ്പം ഷാർദൂൽ ഠാക്കൂർ, നിതീഷ് കുമാർ റെഡ്ഡി എന്നീ ഓൾറൗണ്ടർമാർ കൂടി ചേരുന്നതാണ് ഇന്ത്യയുടെ പേസ് നിര.
∙ ബുമ്ര ദ് ബെസ്റ്റ്
2021–2022 ഇംഗ്ലണ്ട് പര്യടനത്തിലെ 5 മത്സര പരമ്പര 2–2ൽ അവസാനിപ്പിക്കാൻ ഇന്ത്യയെ സഹായിച്ചത് ജസ്പ്രീത് ബുമ്രയുടെ ബോളിങ് മികവായിരുന്നു. അന്ന് 5 മത്സരങ്ങളിലെ 9 ഇന്നിങ്സുകളിൽ നിന്നായി 22.47 ശരാശരിയിൽ 23 വിക്കറ്റ് നേടിയ ബുമ്രയായിരുന്നു വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ഒന്നാമൻ. ഇംഗ്ലണ്ടിന്റെ ഒലി റോബിൻസനും ജയിംസ് ആൻഡേഴ്സനും (21 വിക്കറ്റ് വീതം) മാത്രമാണ് പരമ്പരയിൽ 20 വിക്കറ്റിനു മുകളിൽ നേടിയത്.
ബുമ്രയുടെ കണിശതയാർന്ന സ്പെല്ലുകളാണ് അന്ന് രണ്ട് മത്സരങ്ങൾ ജയിക്കാൻ ഇന്ത്യയെ സഹായിച്ചത്. 3 വർഷത്തിനു ശേഷം വീണ്ടും ഇംഗ്ലണ്ടിൽ എത്തുമ്പോൾ ബുമ്ര തന്നെയാണ് ഇന്ത്യയുടെ വജ്രായുധം.
∙ സാധ്യതയിൽ സിറാജ്
കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിൽ ബുമ്ര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജായിരുന്നു– 18 വിക്കറ്റ്. ഇത്തവണ മുഹമ്മദ് ഷമിയുടെ അഭാവത്തിൽ ബുമ്രയ്ക്കൊപ്പം ന്യൂബോൾ പങ്കിടാൻ ഏറ്റവും കൂടുതൽ സാധ്യത കൽപിക്കുന്നതും സിറാജിനു തന്നെ.
എന്നാൽ സെമി ഓൾഡ് ബോളിലാണ് സിറാജിനു കൂടുതൽ നന്നായി പന്തെറിയാൻ സാധിക്കുന്നത് എന്നതിനാൽ മൂന്നാം പേസറായി സിറാജിനെ പരിഗണിച്ചാൽ മതിയെന്നും അഭിപ്രായമുണ്ട്.
∙ പേസിൽ പ്രസിദ്ധ്
ഇന്ത്യൻ പിച്ചുകളിൽ പോലും പേസും ബൗൺസും കണ്ടെത്താൻ സാധിക്കുന്ന ആറടി രണ്ടിഞ്ച് ഉയരക്കാരൻ പ്രസിദ്ധ് കൃഷ്ണയാണ് ന്യൂബോൾ കൈകാര്യം ചെയ്യാൻ സാധ്യതയുള്ള മറ്റൊരു പേസർ. അപ്രതീക്ഷിത ബൗൺസിലൂടെ ബാറ്റർമാരെ പരീക്ഷിക്കുന്ന പ്രസിദ്ധ് ഇംഗ്ലണ്ടിലെ സാഹചര്യങ്ങളിൽ തിളങ്ങുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകരുടെ വിലയിരുത്തൽ.
∙ അർഷ്ദീപിന്റെ ഇടംകൈ
ടീമിലെ ഏക ഇടംകൈ പേസർ ആണെന്നത് അർഷ്ദീപ് സിങ്ങിനു മുൻതൂക്കം നൽകുന്നു. ടെസ്റ്റിൽ ഇതുവരെ അരങ്ങേറ്റം കുറിച്ചിട്ടില്ലെങ്കിലും കൗണ്ടി ക്രിക്കറ്റിൽ 5 മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റ് വീഴ്ത്തിയ അർഷ്ദീപ് ഇംഗ്ലണ്ടിൽ ഇതിനോടകം മികവു തെളിയിച്ച താരമാണ്.
ന്യൂബോൾ നന്നായി സ്വിങ് ചെയ്യിക്കാൻ കഴിയുമെന്നതും മികച്ച പേസും അർഷ്ദീപിന്റെ പ്രത്യേകതയാണ്.
∙ പ്രതീക്ഷയോടെ ആകാശും ഹർഷിതും
ഇക്കഴിഞ്ഞ ബോർഡർ– ഗാവസ്കർ ട്രോഫിയിൽ അവസരം ലഭിച്ചെങ്കിലും കാര്യമായ ഇംപാക്ട് ഉണ്ടാക്കാൻ സാധിക്കാതെ പോയ പേസർമാരാണ് ആകാശ് ദീപും ഹർഷിത് റാണയും. ന്യൂബോൾ നന്നായി സ്വിങ് ചെയ്യിക്കാൻ സാധിക്കുന്നത് ആകാശിന് മുൻതൂക്കം നൽകുമ്പോഴും വേഗക്കുറവ് തിരിച്ചടിയാകുന്നു.
മറുവശത്ത് ആവശ്യത്തിനു പേസ് ഉണ്ടെങ്കിലും അത് ഉപയോഗപ്പെടുത്തുന്നതിലെ വീഴ്ചയാണ് ഹർഷിതിന്റെ പോരായ്മ.
English Summary:








English (US) ·