ഒന്നാം സ്ഥാനം ഇപ്പോൾ വേണ്ട, ആർസിബി 189ന് ഓൾഔട്ട്; സൺറൈസേഴ്സ് ഹൈദരാബാദിന് 42 റൺസ് വിജയം

8 months ago 8

മനോരമ ലേഖകൻ

Published: May 23 , 2025 07:37 PM IST Updated: May 23, 2025 11:42 PM IST

1 minute Read

srh
വിക്കറ്റു നേട്ടം ആഘോഷിക്കുന്ന സൺറൈസേഴ്സ് താരങ്ങൾ. Photo: X@IPL

ലക്നൗ∙ ഇന്ത്യൻ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താനുള്ള റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ മോഹങ്ങൾക്കു തടയിട്ട് സൺറൈസേഴ്സ് ഹൈദരാബാദ്. ലക്നൗ ഏകന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 42 റൺസ് വിജയമാണ് ഹൈദരാബാദ് നേടിയത്. 232 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബി 19.5 ഓവറിൽ 189 റൺസെടുത്തു പുറത്തായി.

ഇന്നു ജയിച്ചിരുന്നെങ്കിൽ ഗുജറാത്ത് ടൈറ്റൻസിനെ പിന്നിലാക്കി ബെംഗളൂരുവിന് ഒന്നാം സ്ഥാനത്തെത്താമായിരുന്നു. 32 പന്തിൽ 62 റൺസെടുത്ത ഫിൽ സോൾട്ടാണ് മറുപടി ബാറ്റിങ്ങിൽ ആർസിബിയുടെ ടോപ് സ്കോറർ. 25 പന്തുകള്‍ നേരിട്ട വിരാട് കോലി 43 റൺസെടുത്തും പുറത്തായി. ഫിൽ സോൾട്ടും വിരാട് കോലിയും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ 80 റൺസാണു കൂട്ടിച്ചേർത്തത്. 

മറുപടി ബാറ്റിങ്ങിൽ ഗംഭീര തുടക്കം ലഭിച്ചിട്ടും അതു മുതലാക്കാൻ ആർസിബിയുടെ മധ്യനിരയ്ക്കു സാധിച്ചില്ല. മയങ്ക് അഗർവാളും (10 പന്തിൽ 11), രജത് പാട്ടിദാറും (16 പന്തിൽ 18), ജിതേഷ് ശർമയും (15 പന്തിൽ 24) അവസരത്തിനൊത്ത് ഉയർന്നില്ല. റൊമരിയോ ഷെപ്പേഡ് റണ്ണൊന്നുമെടുക്കാതെയും ടിം ഡേവിഡ് ഒരു റണ്ണെടുത്തും പുറത്തായതോടെ ബെംഗളൂരു ബാറ്റിങ് നിര ഏറക്കുറെ കീഴടങ്ങിയ മട്ടായി. ഹൈദരാബാദിനായി ക്യാപ്റ്റൻ പാറ്റ് കമിൻസ് മൂന്നു വിക്കറ്റും ഇഷാൻ മലിംഗ രണ്ടു വിക്കറ്റും വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 231 റണ്‍സെടുത്തു. അർധ സെഞ്ചറി നേടിയ ഇഷാന്‍ കിഷനാണ് സൺറൈസേഴ്സിന്റെ ടോപ് സ്കോറർ. 48 പന്തുകൾ നേരിട്ട ഇഷാൻ കിഷൻ അഞ്ച് സിക്സുകളും ഏഴു ഫോറുകളും ഉൾപ്പടെ 94 റൺസെടുത്തു പുറത്താകാതെനിന്നു. അഭിഷേക് ശർമ (17 പന്തിൽ 34), അനികേത് വർമ (ഒൻപതു പന്തിൽ 26), ഹെൻറിച് ക്ലാസൻ (13 പന്തിൽ 24) എന്നിവരും ബാറ്റിങ്ങിൽ തിളങ്ങി. സൺറൈസേഴ്സ് നേരത്തേ പ്ലേഓഫ് കാണാതെ പുറത്തായിരുന്നു.

English Summary:

Royal Challengers Bengaluru vs Sunrisers Hyderabad, IPL 2025 Match - Live Updates

Read Entire Article