'ഒന്നിച്ച് വീണ്ടുമൊരു സിനിമ എന്ന സ്വപ്നം ബാക്കിവെച്ചാണ് ഷാജി സർ മടങ്ങിയത്'; അനുസ്മരിച്ച് മോഹൻലാൽ

8 months ago 8

28 April 2025, 09:59 PM IST

mohanlal shaji n karun

മോഹൻലാലും ഷാജി എൻ. കരുണും | ഫയൽ ഫോട്ടോ/ മാതൃഭൂമി

ന്തരിച്ച വിഖ്യാതസംവിധായകന്‍ ഷാജി എന്‍. കരുണിനെ അനുസ്മരിച്ച് നടന്‍ മോഹന്‍ലാല്‍. തന്റെ അഭിനയജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയ സംവിധായകനാണ് ഷാജി എന്‍. കരുണ്‍ എന്ന് മോഹന്‍ലാല്‍ ഓര്‍മിച്ചു. വാനപ്രസ്ഥം തന്നെ സംബന്ധിച്ചിടത്തോളം അതിന് മുമ്പും പിന്‍പും എന്ന വഴിത്തിരിവുണ്ടാക്കിയ സിനിമയാണ്. കാനിലെ റെഡ് കാര്‍പ്പറ്റില്‍ അദ്ദേഹത്തോടൊപ്പം നടക്കുന്നത് ഇന്നലെയെന്നോണം ഓര്‍ക്കുന്നു. ഒന്നിച്ച് വീണ്ടുമൊരു സിനിമ എന്ന സ്വപ്‌നം ബാക്കിവെച്ചിട്ടാണ് ഷാജി എന്‍. കരുണ്‍ മടങ്ങിയതെന്നും മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മോഹന്‍ലാലിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

മലയാളസിനിമയെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച, ഓരോ മലയാളിയും അഭിമാനത്തോടെ ചേര്‍ത്തുപിടിച്ച, ഷാജി എന്‍ കരുണ്‍ സര്‍ നമ്മെ വിട്ടുപിരിഞ്ഞു.

'നേരം പുലരുമ്പോള്‍', പഞ്ചാഗ്‌നി, 'ഒന്നുമുതല്‍ പൂജ്യം വരെ' - ഈ മൂന്ന് സിനിമകളിലും എന്റെ റോളുകള്‍ ദൈര്‍ഘ്യം കൊണ്ട് ചെറുതും പ്രാധാന്യം കൊണ്ട് നിറഞ്ഞുനില്‍ക്കുന്നതുമായിരുന്നു. ഈ മൂന്ന് ചിത്രങ്ങളുടേയും ഛായാഗ്രാഹകന്‍, ഞാനേറെ ബഹുമാനിക്കുന്ന, പില്‍ക്കാലത്ത് എന്റെ അഭിനയജീവിതത്തില്‍ തന്നെ വഴിത്തിരിവുണ്ടാക്കിയ ഷാജി എന്‍ കരുണ്‍ സര്‍ ആയിരുന്നു. ക്യാമറകൊണ്ട് കവിത രചിക്കുക എന്നൊക്കെ ആലങ്കാരികമായി പറയുന്നത് അക്ഷരാര്‍ത്ഥത്തില്‍ നമുക്ക് അനുഭവവേദ്യമാക്കി തന്ന ചലച്ചിത്രകാരന്‍. വാനപ്രസ്ഥത്തിന്റെ കാലത്താണ് ഷാജി സര്‍ എന്ന സംവിധായകനോടൊപ്പം പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം ഉണ്ടായത്. എന്നെ സംബന്ധിച്ചിടത്തോളം അതിന് മുമ്പും പിന്‍പും എന്നൊരു വഴിത്തിരുവുണ്ടാക്കിയ സിനിമ. കാനിലെ റെഡ് കാര്‍പ്പറ്റില്‍ അദ്ദേഹത്തോടൊപ്പം നടക്കുന്നത് ഇന്നലെയെന്നോണം ഞാനോര്‍ക്കുന്നു. ഒന്നിച്ച് വീണ്ടുമൊരു സിനിമ എന്ന സ്വപ്‌നം ബാക്കിവെച്ചിട്ടാണ് പ്രിയപ്പെട്ട ഷാജി സര്‍ മടങ്ങിയത്. ആ ഓര്‍മ്മകള്‍ക്ക് മുന്നില്‍ കണ്ണീര്‍ പ്രണാമം.

Content Highlights: Mohanlal pays tribute to precocious manager Shaji N. Karun

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article