Published: October 17, 2025 04:03 PM IST
1 minute Read
ലണ്ടൻ∙ ഇംഗ്ലണ്ടിന് കന്നി ട്വന്റി20 ലോകകപ്പ് കിരീടം നേടിക്കൊടുത്ത ക്യാപ്റ്റനും ടീമിന്റെ സഹപരിശീലകനുമായിരുന്ന പോള്‍ കോളിങ്‌വുഡ് പൊതുജീവിതത്തിൽനിന്ന് ‘അപ്രത്യക്ഷൻ’. വഴിവിട്ട സ്വകാര്യ ജീവിതം പരസ്യമായതിനു പിന്നാലെ കോടികളുടെ നികുതി വെട്ടിപ്പ് കൂടി പുറത്തായതോടെയാണ് കോളിങ്‌വുഡ് മുങ്ങിയത്. കഴിഞ്ഞ ഡിസംബറില്‍ ന്യൂസീലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റിനിടെയാണ് കോളിങ്‌വുഡ് അവസാനമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. ഈ വർഷം മേയ് 22നു സിംബാബ്‌വെയ്ക്കെതിരെ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് മത്സരത്തിനു മുൻപ് അവധിയെടുത്ത കോളിങ്‌വുഡ്, പിന്നീട് ‘പൊങ്ങിയിട്ടില്ല’. ഇതു സംബന്ധിച്ച ഔദ്യോഗിക വിശദീകരണങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
2023 ഏപ്രിൽ മുതൽ കോളിങ്‌വുഡിന്റെ ജീവിതം വിവാദച്ചുഴിയിലാണ്. മുൻ ഇംഗ്ലണ്ട് താരവും ടീം മേറ്റുമായിരുന്ന ഗ്രേം സ്വാൻ, കോളിങ്‌വുഡിന്റെ ലീക്ക്ഡ് ഓഡിയോ ക്ലിപ്പിനെക്കുറിച്ച് ഒരു പോഡ്‌കാസ്റ്റിൽ വെളിപ്പെടുത്തി. സാമാന്യം അശ്ലീലം കലര്‍ന്ന ഓഡിയോ ക്ലിപ്, ക്രിക്കറ്റ് താരങ്ങള്‍ക്കിടയില്‍ അതിനകം ചര്‍ച്ചയായിരുന്നു. ഒന്നിലേറെ സ്ത്രീകളുമായി രണ്ടു മണിക്കൂറോളം ലൈംഗികബന്ധത്തിലേര്‍പ്പെട്ടതിന്‍റെ വിവരണമായിരുന്നു ഓഡിയോയിലുണ്ടായിരുന്നത്. എപ്പോഴായിരുന്നു സംഭവമെന്നും എവിടെ വച്ചായിരുന്നെന്നും താരം വെളിപ്പെടുത്തിയില്ലെങ്കിലും ‘കോളിങ്‌വുഡിനു മാത്രം’ പറ്റുന്ന കാര്യമാണിതെന്നും ‘വലിയ സഞ്ചാരി’യാണെന്നും ഗ്രേം സ്വാൻ പോഡ്കാസ്റ്റിൽ കളിയാക്കുകയും ചെയ്തു. ഇതാണ് വിവാദത്തിന് വഴി തെളിച്ചത്.
ഇതുകൂടാതെ നികുതി വെട്ടിച്ചതിന് 196,000 പൗണ്ട് (ഏകദേശം 2 കോടി രൂപ) കോളിങ്‌വുഡിന് പിഴ ഈടാക്കാനും ഉത്തരവുണ്ടായിരുന്നു. എച്ച്എം റവന്യൂ കസ്റ്റംസുമായുള്ള നിയമപോരാട്ടത്തിൽ തോറ്റതോടെയാണ് പിഴ ഈടാക്കിയത്. സ്പോണസർമാരിൽനിന്നുൾപ്പെടെ ലഭിക്കുന്ന തുകയുടെ വിവരങ്ങൾ മറച്ചുവയ്ക്കുന്നതിന് കോളിങ്‌വുഡ് അനധികൃതമായി കമ്പനി രൂപീകരിച്ചതായി അന്വേഷണത്തിൽ വ്യക്തമായി. ഇതു സംബന്ധിച്ച വിവരങ്ങൾ കൂടി പുറത്തുവന്നതോടെയാണ് കോളിങ്‌വുഡ് ‘ഒളിവിൽ’ പോയത്.
49 വയസ്സുകാരനായ താരം, വിവാഹമോചിതനാണ്. ഇംഗ്ലണ്ടിന്‍റെ ഓള്‍റൗണ്ടറായിരുന്ന കോളിങ്‌വുഡ്, ഇതാദ്യമായല്ല വിവാദത്തില്‍പ്പെടുന്നത്. 2007ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ട്വന്‍റി20 ലോലകപ്പിനിടെ കോളിങ്‌വുഡിനെ കേപ്ടൗണ്‍ സ്ട്രിപ് ക്ലബില്‍ കണ്ടതായി വാര്‍ത്തകളുണ്ടായിരുന്നു. ക്ലബില്‍നിന്ന് താരം നേരത്തെ ഇറങ്ങിയെന്ന് വാദിച്ചെങ്കിലും 1000 പൗണ്ടാണ് അന്ന് ഇംഗ്ലിഷ് ക്രിക്കറ്റ് ബോര്‍ഡ് പിഴ ഈടാക്കിയത്. 2022ല്‍ ഇംഗ്ലണ്ടിന്‍റെ ഇടക്കാല കോച്ച് ആയതിന് ശേഷവും കോളിങ്‌വുഡ് വിവാദത്തില്‍പ്പെട്ടു. വിന്‍ഡീസിനോട് ഇംഗ്ലണ്ട് 10 വിക്കറ്റിന് തോറ്റ് തുന്നംപാടി ദിവസങ്ങള്‍ കഴിഞ്ഞ് ബാര്‍ബഡോസ് ബീച്ചില്‍ ഒരു യുവതിയെ ചുംബിച്ച് നില്‍ക്കുന്ന കോളിങ്‌വുഡിന്‍റെ ചിത്രങ്ങൾ വൈറലായിരുന്നു. ആഷസില്‍ ഓസീസിനോടേറ്റ നാണംകെട്ട തോല്‍വിക്ക് പിന്നാലെയാണ് കോളിങ്‌വുഡിനെ ഇടക്കാല കോച്ചായി ഇസിബി നിയമിച്ചത്.
2005ലെ ആഷസ് വിജയിച്ച ഇംഗ്ലണ്ട് ടീമിൽ അംഗമായിരുന്ന കോളിങ്‌വുഡിന്റെ ക്യാപ്റ്റൻസിയിലാണ് 2010ൽ ഇംഗ്ലണ്ട് ട്വന്റി20 ലോകകപ്പ് നേടിയത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ലോകകപ്പ് കിരീമായിരുന്നു അത്. 68 ടെസ്റ്റുകളില്‍ നിന്നായി 4259 റണ്‍സും 197 ഏകദിനങ്ങള്‍ നിന്ന് 5092 റണ്‍സും 111 വിക്കറ്റുമാണ് കോളിങ്‌വുഡിന്റെ സമ്പാദ്യം.
English Summary:








English (US) ·