Published: June 24 , 2025 12:36 PM IST
1 minute Read
ലീഡ്സ്∙ ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ സെഞ്ചറി തികച്ചതിനു പിന്നാലെ ഋഷഭ് പന്തിന്റെ ‘കരണംമറിച്ചിൽ’ ആഘോഷത്തിനായി കാത്തിരുന്നവരുടെ കൂട്ടത്തിൽ ഇത്തവണ ഇതിഹാസ താരം സുനിൽ ഗാവസ്കറും ഉണ്ടായിരുന്നു. സെഞ്ചറിക്കു പിന്നാലെ കാണികളെ അഭിവാദ്യം ചെയ്ത പന്തിനോട് കരണംമറിഞ്ഞ് ആഘോഷിക്കാൻ ഗാലറിയിൽ നിന്ന് ഗാവസ്കർ പലതവണ ആവശ്യപ്പെട്ടു.
എന്നാൽ അടുത്ത തവണയാവട്ടെ എന്നു പന്ത് തിരികെ ആംഗ്യം കാണിച്ചു. ആദ്യ ഇന്നിങ്സിൽ സെഞ്ചറി നേട്ടത്തിനു പിന്നാലെ പന്ത് ഗ്രൗണ്ടിൽ കരണംമറിഞ്ഞ് ആഘോഷിച്ചിരുന്നു. രണ്ടാം ഇന്നിങ്സിൽ 140 പന്തുകൾ നേരിട്ട ഋഷഭ് പന്ത് 118 റൺസെടുത്താണു പുറത്തായത്. 15 ഫോറുകളും മൂന്നു സിക്സുകളും നേടിയ താരത്തെ ശുഐബ് ബഷീറിന്റെ പന്തിൽ സാക് ക്രൗലി ക്യാച്ചെടുത്താണു പുറത്താക്കിയത്. ആദ്യ ഇന്നിങ്സിൽ 178 പന്തുകൾ നേരിട്ട താരം 134 റൺസടിച്ചു പുറത്തായിരുന്നു.
ഒരു ടെസ്റ്റിലെ രണ്ട് ഇന്നിങ്സിലും സെഞ്ചറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറാണ് ഋഷഭ് പന്ത്. ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടുന്ന ഏഴാമത്തെ ഇന്ത്യന്‍ താരവും ഇംഗ്ലണ്ടിൽ ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരവുമാണ് പന്ത്. ലോക ക്രിക്കറ്റിൽ ഒരു ടെസ്റ്റിൽ രണ്ട് സെഞ്ചറികൾ സ്വന്തമാക്കുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പർ ബാറ്ററാണ് ഋഷഭ് പന്ത്. മുൻ സിംബാബ്‍വെ താരം ആൻഡി ഫ്ലവറാണ് ഈ നേട്ടത്തിൽ ആദ്യമെത്തിയത്.
ഓസ്ട്രേലിയൻ പര്യടനത്തിനിടെ ഋഷഭ് പന്ത് മോശം ഷോട്ട് കളിച്ച് പുറത്തായപ്പോൾ സുനിൽ ഗാവസ്കർ ‘സ്റ്റുപിഡ്’ എന്നു വിളിച്ചത് വൻ വിവാദമായിരുന്നു. ഇംഗ്ലണ്ടിനെതിരായ ആദ്യ ഇന്നിങ്സിലെ സെഞ്ചറിക്കു പിന്നാലെ ‘സൂപ്പർ, സൂപ്പർ, സൂപ്പർ’ എന്നായിരുന്നു കമന്ററി ബോക്സിൽ ഇരുന്ന് ഗാവസ്കർ പ്രതികരിച്ചത്.
English Summary:








English (US) ·