
'ദാരിപോണ്ടോത്തുണ്ട്' എന്ന ഗാനരംഗത്തുനിന്ന് | സ്ക്രീൻഗ്രാബ്
കേൾക്കുമ്പോൾത്തന്നെ ഇഷ്ടംതോന്നുന്ന ചില പാട്ടുകളുണ്ട്. അതിന് മെലഡിയെന്നോ ഫാസ്റ്റ് നമ്പറെന്നോ വേർതിരിവുണ്ടാവില്ല. സോഷ്യൽ മീഡിയയുടെ പിന്തുണ കൂടിയാകുമ്പോൾ അത്തരം ഗാനങ്ങൾ കൂടുതൽ പേരിലേക്ക് പടർന്നെത്തും, അതും ചുരുങ്ങിയ സമയംകൊണ്ട്. അങ്ങനെയൊരു ഗാനം ഇപ്പോൾ ട്രെൻഡായി മാറിയിരിക്കുകയാണ്. മദീൻ എസ്.കെ ഈണം പകർന്ന് മമിദി മൗനിക എഴുതി ആലപിച്ച 'ദാരിപോണ്ടോത്തുണ്ട്' എന്ന തെലുങ്ക് ഡിജെ ഗാനമാണത്.
ഇടക്കാലത്ത് യൂട്യൂബിലും സോഷ്യൽ മീഡിയാ റീലുകളിലും ഇടംപിടിച്ച തെലുങ്ക് നാടൻപാട്ട് റീമിക്സുകളുടെ അതേ പാതയിൽത്തന്നെയാണ് 'ദാരിപോണ്ടോത്തുണ്ട്' എന്ന ഗാനവും എത്തിയത്. മൂന്നുമാസം മുൻപ് ട്രീ മ്യൂസിക് എന്ന യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തിറങ്ങിയത്. പതിയെപ്പതിയെ ഗാനം കത്തിപ്പടരാൻ തുടങ്ങി. ഗാനത്തിലെ നായിക ധരിച്ചിരിക്കുന്ന വേഷവും ഹൂക്ക് സ്റ്റെപ്പുകളുമെല്ലാം ഇൻസ്റ്റാഗ്രാം റീലുകൾ ഭരിക്കാൻ തുടങ്ങി. ഗാനത്തിന്റെ പൂർണരൂപം എന്താണെന്ന് അന്വേഷിച്ച് യൂട്യൂബിലേക്ക് ആളുകളെത്തിയതോടെ പാട്ടിന്റെ റേഞ്ച് തന്നെ മാറി.
മൂന്നുമാസംകൊണ്ട് ഏഴുകോടിയിലേറെ പേരാണ് ഗാനം യൂട്യൂബിൽ മാത്രം കണ്ടത്. മലയാളികളും ഗാനത്തിന് പ്രതികരണം അറിയിച്ചെത്തിയതോടെ യൂട്യൂബ് കമന്റ് ബോക്സ് അക്ഷരാർത്ഥത്തിൽ പാൻ ഇന്ത്യൻ ആയി. ഒന്നും മനസിലായില്ലെങ്കിലും നല്ല രസമുണ്ട് കേൾക്കാൻ എന്നാണ് മിക്കവരുടേയും പ്രതികരണം. കേട്ടപ്പോൾത്തന്നെ ചാർജായി, നല്ല വൈബ് പാട്ട്, ഈ സോങ് തേടി കുറച്ചു ലേറ്റ് ആയാലും മലയാളികൾ വരും ഉറപ്പ്, കൊള്ളാലോ പാട്ട്, ഒന്നും മനസിലായില്ലെങ്കിലും കിടിലൻ വൈബ്, സോഷ്യൽ മീഡിയ കത്താൻ ഇതുമതി എന്നെല്ലാമാണ് മറ്റ് മലയാള കമന്റുകൾ.
ശിവ വേലുപുലയാണ് ഗാനത്തിന്റെ ഛായാഗ്രാഹകൻ. ശേഖർ വൈറസ് ഛായാഗ്രഹണവും ലിംഗ ഡിജെ മിശ്രണവും നിർവഹിച്ചിരിക്കുന്നു. നേരത്തേ തെലുങ്ക് ഗാനങ്ങളായ ഓ പിലഗ വെങ്കടേഷ്, റാനു ബോംബെ കി റാനു എന്നീ ഗാനങ്ങളും മലയാളി സംഗീത പ്രേമികൾക്കിടയിൽ തരംഗമായിരുന്നു.
Content Highlights: The Telugu DJ way `Daripontothundu` by Madheen SK and Mamidi Mounika is trending





English (US) ·