Published: November 16, 2025 09:54 PM IST
1 minute Read
ദോഹ∙ റൈസിങ് സ്റ്റാർസ് ഏഷ്യാകപ്പിൽ പാക്കിസ്ഥാൻ താരങ്ങളുമായുള്ള ഹസ്തദാനം ഒഴിവാക്കി ഇന്ത്യ. മത്സരത്തിൽ ദേശീയ ഗാനത്തിനായി ഇരു ടീമുകളും ഗ്രൗണ്ടിൽ അണിനിരന്നെങ്കിലും, അതിനു ശേഷമുള്ള ഹസ്തദാനം ഒഴിവാക്കുകയായിരുന്നു. മത്സരത്തിന്റെ ടോസ് സമയത്ത് ഇന്ത്യൻ ക്യാപ്റ്റൻ ജിതേഷ് ശർമയും പാക്കിസ്ഥാൻ ക്യാപ്റ്റന്‍ ഇർഫാൻ ഖാനും ഹസ്തദാനത്തിനു നിന്നിരുന്നില്ല. സീനിയർ ടീമിനെ മാതൃകയാക്കിയാണ് ഇന്ത്യന്‍ യുവതാരങ്ങളും ഹസ്തദാനം ഒഴിവാക്കിയത്.
നേരത്തേ ഏഷ്യാകപ്പ് ക്രിക്കറ്റിലും വനിതാ ലോകകപ്പിലും ഇന്ത്യ– പാക്കിസ്ഥാൻ താരങ്ങൾ തമ്മിൽ ഹസ്തദാനം ഉണ്ടായിരുന്നില്ല. ഏഷ്യാകപ്പില്‍ പാക്കിസ്ഥാനുമായി ഫൈനലിലുൾപ്പടെ മൂന്നു തവണ ഏറ്റുമുട്ടിയപ്പോഴും ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നയിച്ച ഇന്ത്യൻ സംഘം ഹസ്തദാനം ഒഴിവാക്കുകയായിരുന്നു. പഹൽഗാം ഭീകരാക്രമണത്തിനും പിന്നാലെ ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂറിനും ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം പൂർണമായും നിലച്ചത്.
ഏഷ്യാകപ്പ് ഫൈനലിൽ പാക്കിസ്ഥാനെ തോല്‍പിച്ച ഇന്ത്യൻ ടീമിന് വിജയികൾക്കുള്ള ട്രോഫി ഇതുവരെ ലഭിച്ചിട്ടില്ല. വിജയത്തിനു ശേഷം ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ തലവനും പാക്ക് മന്ത്രിയുമായ മൊഹ്സിൻ നഖ്‍വിയിൽനിന്ന് ട്രോഫി സ്വീകരിക്കില്ലെന്ന നിലപാടിലായിരുന്നു ഇന്ത്യ. തുടർന്ന് ട്രോഫിയുമായി മൊഹ്സിൻ നഖ്‍വി ഗ്രൗണ്ട് വിടുകയായിരുന്നു. ട്രോഫി വേണമെങ്കിൽ തന്റെ കയ്യിൽനിന്നു തന്നെ താരങ്ങൾ സ്വീകരിക്കണമെന്ന കടുംപിടിത്തത്തിലാണ് നഖ്‍വി. യുഎഇയിലെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ആസ്ഥാനത്താണ് ട്രോഫി ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്.
English Summary:








English (US) ·