
മിറാഷ് എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: Facebook
സസ്പെൻസ് ത്രില്ലർ എന്ന് കേൾക്കുമ്പോൾ മലയാളികളുടെ മനസിലേക്ക് ആദ്യമെത്തുന്ന നവയുഗ സംവിധായകനാണ് ജീത്തു ജോസഫ്. ദൃശ്യം എന്ന ബ്രാൻഡ് കയ്യിലുള്ളതുകൊണ്ട് അദ്ദേഹം ഏത് സിനിമ പ്രഖ്യാപിച്ചാലും ഒരു മിനിമം പ്രതീക്ഷ പ്രേക്ഷകർക്കുണ്ടാകും. ജീത്തു ജോസഫ് എന്ന സംവിധായകനെ പ്രേക്ഷകർ വിശ്വസിക്കുന്നു, അല്ലെങ്കിൽ അദ്ദേഹത്തിൽനിന്ന് അവർ പ്രതീക്ഷിക്കുന്ന ചിലതുണ്ട്. അവയെല്ലാം സംയോജിപ്പിച്ചുകൊണ്ടാണ് മിറാഷ് എന്ന പുതിയ ചിത്രവുമായി അദ്ദേഹം എത്തിയിരിക്കുന്നത്. ആസിഫ് അലി, അപർണാ ബാലമുരളി, ഹക്കീം ഷാജഹാൻ, ഹന്ന റെജി കോശി എന്നിവരാണ് മുഖ്യവേഷങ്ങളിൽ.
പതിയെത്തുടങ്ങി ചുവടുറപ്പിച്ച ശേഷം വേഗത കൈവരിക്കുംവിധമാണ് മിറാഷ് എന്ന ത്രില്ലറിനെ ജീത്തു ജോസഫ് രൂപപ്പെടുത്തിയിരിക്കുന്നത്. കഥാപാത്രങ്ങളെ കൃത്യമായി അടയാളപ്പെടുത്തിയ ശേഷമാണ് ഈ വേഗത മാറ്റമെന്നതാണ് ശ്രദ്ധേയം. ഒരു ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അഭിരാമി, കിരൺ, റിതിക എന്നിവരുടെ ജീവിതത്തിലേക്ക് അവിചാരിതമായി അശ്വിൻ കുമാർ എന്ന ഓൺലൈൻ മാധ്യമപ്രവർത്തകൻ കടന്നുവരുന്നു. അതിനിടയാക്കിയ ആ സാഹചര്യമാണ് ചിത്രത്തെ മുന്നോട്ടുകൊണ്ടുപോവുന്നത്. അശ്വിനും മൂവർ സംഘവും നടത്തുന്ന അതിസാഹസികമായ യാത്രയാണ് ചിത്രം പിന്നീട് സംസാരിക്കുന്നത്.
ട്രെയിലറിൽ കാണിക്കുന്നതുപോലെ സസ്പെൻസ് ത്രില്ലർ മൂഡിലാണ് ചിത്രം പോകുന്നത്. ഒരു ഘട്ടത്തിൽ ചിത്രം പസിൽ ത്രില്ലർ അല്ലെങ്കിൽ മൈൻഡ് ഗെയിം ത്രില്ലർ എന്ന രീതിയിലേക്കും പതിയെ ചുവടുമാറ്റുന്നുണ്ട്. ഒരു ജോണറിൽനിന്ന് മറ്റൊരു ജോണറിലേക്ക് വഴിമാറ്റം നടത്തുമ്പോൾ പ്രേക്ഷകന് അലോസരം അനുഭവപ്പെടാത്തതരത്തിലാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത് എന്നത് എടുത്തുപറയണം. കൃത്യമായ ഇടവേളകളിൽ ട്വിസ്റ്റും സർപ്രൈസും പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നു എന്നതും മിറാഷിന്റെ പ്ലസ് പോയിന്റാണ്.
ആസിഫ് അലിയാണ് ഓൺലൈൻ മാധ്യമപ്രവർത്തകനായ അശ്വിൻ ആയെത്തുന്നത്. ത്രില്ലറുകളിൽ നായകനായഭിനയിക്കുമ്പോൾ ആസിഫ് അലിയിലെ നടൻ പുറത്തുവരുമെന്ന് പറയുന്നത് വെറുതേയല്ല എന്നത് സാധൂകരിക്കുന്നുണ്ട് മിറാഷിലെ അദ്ദേഹത്തിന്റെ പ്രതികരണം. ആക്ഷനും ഇമോഷനും ഒരുപോലെ കടന്നുചെല്ലുന്ന കഥാപാത്രമാണ് ആസിഫ് അലി അവതരിപ്പിച്ച അശ്വിൻ. നിസ്സഹായതയും പ്രണയവും പ്രതികാരവും എല്ലാം ഒരുപോലെ സന്നിവേശിപ്പിച്ച കഥാപാത്രമാണ് അപർണ അവതരിപ്പിച്ച അഭിരാമി. ഹന്ന റെജി കോശി അവതരിപ്പിച്ച റിതിക, ഹക്കീം ഷാജഹാൻ അവതരിപ്പിച്ച കിരൺ എന്നീ കഥാപാത്രങ്ങളും ഒന്നിലേറെ തലങ്ങളുള്ളതാണ്. കൂട്ടത്തിൽ അതീവ സങ്കീർണമായ അവസ്ഥയിലൂടെ കടന്നുപോകുന്നത് അപർണ അവതരിപ്പിച്ച അഭിരാമിയാണ്. ആറുമുഖം എന്ന പോലീസ് വേഷത്തിലെത്തിയ സമ്പത്തും കഥാപാത്രത്തോട് നീതി പുലർത്തി.
വിഷ്ണു ശ്യാം ഒരുക്കിയ പശ്ചാത്തലസംഗീതത്തിനും സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണത്തിനും പ്രത്യേകം കയ്യടി നൽകേണ്ടതാണ്. അപര്‍ണ ആര്‍. തറക്കാട് എഴുതിയ കഥയ്ക്ക് ശ്രീനിവാസ് അബ്രോള്‍, ജീത്തു ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവുമെഴുതിയിരിക്കുന്നത്. മുകേഷ് ആര്‍. മേത്ത, ജതിന്‍ എം. സേഥി, സി.വി. സാരഥി എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ട്വിസ്റ്റുകളും സർപ്രൈസുകളും നിറഞ്ഞ ത്രില്ലർ ചിത്രം ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ മിറാഷിന് ടിക്കറ്റെടുക്കാം.
Content Highlights: Jeethu Joseph`s Mirage is simply a suspense thriller starring Asif Ali and Aparna Balamurali
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·