
ഷെൽട്ടൺ. ബ്രേക്ക്ഡാൻസ് തരംഗകാലത്തെ ചിത്രം (ഫയൽ), പെയിന്റിംഗ് ജോലിക്കിടെ ഷെൽട്ടൺ | ഫോട്ടോ: മാതൃഭൂമി
സിരകളിൽ മിന്നലോടിക്കുന്ന ചടുലമായ ചുവടുകൾ എഴുപതുകളുടെ അവസാനത്തിൽ ന്യൂയോർക്കിലെ തെരുവുകളിൽ നിന്നാണ് ലോകമെമ്പാടും കത്തിക്കയറിയത്. ബ്രേക്ക് ഡാൻസെന്ന ആ നൃത്തരൂപം ഇങ്ങ് കൊച്ചുകേരളത്തിലും തരംഗം സൃഷ്ടിച്ചു. ബ്രേക്ക് ഡാൻസ് സംഘങ്ങൾ എൺപതുകളുടെ പകുതിയിൽ കേരളത്തിലെ യുവാക്കളെ ചില്ലറയല്ല ഹരംകൊള്ളിച്ചത്. എന്നാൽ ഒരു തലമുറയെ ചുവടുവെപ്പിച്ചവർ പലരും ഇന്ന് സ്റ്റേജിലില്ല. ജീവിതത്തിന്റെ അരങ്ങിൽ അവർ തിളങ്ങാതെ പലമേഖലകളിലും പ്രവർത്തിക്കുകയാണ്.
1989 ഫെബ്രുവരി അഞ്ചിന് തൃശ്ശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ ഒരു ഹീറോ പിറന്നു. അന്നേവരെ ഇൻഡോർ സ്റ്റേഡിയം കണ്ടിട്ടില്ലാത്ത ജനക്കൂട്ടം ആ ചരിത്രപ്പിറവിക്ക് സാക്ഷ്യം വഹിച്ചു. മിന്നിത്തിളങ്ങുന്ന മാല ബൾബുകളെയും സിരകളിൽ നിറയുന്ന സംഗിതത്തെയും അപ്രസ്കമാക്കി ബ്രേക്ക് ഡാൻസ് രാജകുമാരന്റെ പട്ടാഭിഷേകം. കേരളത്തിൽ നടന്ന ആദ്യ ഓൾ കേരള ബ്രേക്ക് ഡാൻസ് മത്സരത്തിൽ ഒന്നാമതായ പതിനാറുകാരനെപ്പറ്റിയാണ് പറഞ്ഞുവരുന്നത്. പേര് മഠത്തിപ്പറമ്പിൽ ഷെൽട്ടൻ. തൃശ്ശൂരിന്റെ സ്വന്തം ബ്രേക്ക് ഡാൻസ് ഷെൽട്ടൻ. പിന്നെയും ആ പേര് ഉയർന്നുകേട്ടു. അക്കാദമിയുമായും ബ്രേക്ക് ഡാൻസ് സംഘം രൂപികരിച്ചും അയാൾ ഞെട്ടിച്ചുകൊണ്ടിരുന്നു. എന്നാൽ സ്റ്റേജിന്റെ ആർപ്പുവിളിയും ആരാധനയും ഏറ്റുവാങ്ങാൻ ഷെൽട്ടൻ എന്ന പ്രതിഭയ്ക്ക് അധികകാലം കിട്ടിയില്ല. ജീവിതത്തിന്റെ ഓട്ടപ്പാച്ചിലിൽ ഡാൻസിന്റെ ചടുലത ഇല്ലെന്ന ബോധ്യമായപ്പോൾ പെയിന്റിങ്ങ് പണിക്കിറങ്ങി. ബ്രേക്ക് ഡാൻസ് കഥ പറയുന്ന മൂൺവാക്ക് സിനിമ തിയേറ്ററിൽ നിറഞ്ഞോടുമ്പോൾ വീണ്ടും ഷെൽട്ടനെ കാണാനെത്തി. തൃശ്ശൂർ വിവേകോദയം സ്കൂളിന് സമീപമുള്ള കൃഷ്ണഗാർഡൻസിൽ പോളിഷിങ് ജോലിയിലായിരുന്നു അദ്ദേഹം.
ആ രാത്രി മറക്കില്ല
കാണികളുടെ തിരക്ക് നിയന്ത്രിക്കാനാതെ ഒരിക്കൽ ഉപേക്ഷിക്കപ്പെട്ട മത്സരം അടുത്ത മാസം വീണ്ടും നടത്തുന്നു. അമേരിക്കയിൽ രൂപപ്പെട്ട ഹിപ്-ഹോപ് സംസ്കാരത്തിൽ വേരുകളുള്ള ബ്രേക് ഡാൻസിന് തൃശ്ശൂരിലെന്ത് കാര്യമെന്ന് ചോദിക്കുന്നവർക്കുള്ള മറുപടി ഇതിലുണ്ട്. 1989 -ൽ തൃശ്ശൂർ മോഡൽ ബോയ്സ് സ്കൂളിലായിരുന്നു ആദ്യമായി ബ്രേക്ക് ഡാൻസിനായൊരു ഓൾ കേരള കോമ്പറ്റിഷൻ നടത്താൻ തീരുമാനിച്ചത്. ഇതിനുപിന്നിൽ പ്രവർത്തിച്ചതാകട്ടെ സി.ജി. പ്രിൻസെന്ന കലാകാരൻ. ശില്പി, ചിത്രകാരൻ, ചലച്ചിത്രകാരൻ എന്നിങ്ങനെയെല്ലാം പ്രശസ്തനായിരുന്നു തൃശ്ശൂരുകാർക്ക് പ്രിൻസേട്ടൻ. സാധാരണക്കാരെ ഒന്നിപ്പിക്കാൻ ബ്രേക്ക് ഡാൻസിനെക്കാൽ മറ്റൊരു കലാരൂപമില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. 1989 ഫെബ്രുവരി അഞ്ചിന് തൃശ്ശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ പ്രവേശനടിക്കറ്റുകൾ വെച്ച് ഈ മത്സരം വീണ്ടും നടത്താൻ തീരുമാനിച്ചു. ടിക്കറ്റുകൾ വെച്ച് തിരക്ക് നിയന്ത്രിക്കാമെന്ന സംഘാടകരുടെ മോഹമെല്ലാം പൊളിഞ്ഞെങ്കിലും സംഭവം വലിയ വിജയമായി. അക്കാലത്ത് പേരുകേട്ട സംഘങ്ങളെല്ലാം ഗ്രൂപ്പും ഡബിളും സിംഗിളുമായി വേദിയെ ത്രസിപ്പിച്ചു. അൻപത്തിയൊന്ന് പേർ മത്സരിച്ചെങ്കിലും വിജയക്കൊടി പാറിച്ചത് പത്താം ചെസ്റ്റ് നമ്പരുമായി വേദിയിൽകയറിയ നാട്ടുകാരുടെ ബ്രേക്ക് ഡാൻസ് പയ്യനായിരുന്നു. കപ്പടിക്കുമെന്ന് എനിക്ക് വലിയ പ്രതീക്ഷയില്ലായിരുന്നു. കാരണം വൻ പുള്ളികളല്ലേ കളിക്കാനെത്തിയിരിക്കുന്നത്. പിന്നെ എല്ലാം പരീക്ഷണമായിരുന്നു. അന്നത്തെ ഹിറ്റായ റോബോട്ടിക് ഡാൻസിനൊപ്പം കട്ടും, ഷിവറും വാരിവിതറി. കിട്ടിയത് പത്തിൽ പത്ത് മാർക്ക്.-ഷെൽട്ടൻ പഴയ ഓർമകളിലേക്ക് പേയി.
ആടിത്തിമർക്കുന്ന ഓർമകൾ
‘എൺപതുകളുടെ അവസാനം തൃശ്ശൂരിലെ പള്ളിപ്പെരുന്നാളുകൾക്കും വിശേഷങ്ങൾക്കും മുടി നീട്ടിവളർത്തി കോട്ടും തൊപ്പിയും ഇട്ട് ഒരു ഗാങ് ഇറങ്ങും. സംഘത്തിന്റെ നേതാവ് ഇയ്ക്കിടെ ഓരോ സ്റ്റെപ്പിടും. കണ്ടുനിൽക്കുന്ന ആളുകളുടെ സിരകളിൽ മിന്നലടിക്കാൻ അതുമതി’. സമകാലികനായ ഒരു തൃശ്ശൂർ ഗഡി ഷെൽട്ടനെ വിശേഷിപ്പിച്ചത് ഇങ്ങനെയായിരുന്നു. എന്റെ പിള്ളേർക്ക് പോലും ഞാൻ ബ്രേക്ക് ഡാൻസ് കളിക്കുമെന്ന് അറിയില്ലായിരുന്നു. ഞാനവരോട് അതൊന്നും പറഞ്ഞിട്ടുമില്ല. എന്നാൽ സുഹൃത്തുക്കൾ നീ കളിക്കടാ എന്നവർ പ്രോത്സാഹിപ്പിക്കും. അതാണ് എനിക്കുള്ള അംഗീകാരം അതുമതിയല്ലോ - കിങ് ഓഫ് റോബോട്ടിക് ഡാന്സ് എന്ന് ആരാധകർ വിളിക്കുന്ന ഷെൽട്ടന് പറഞ്ഞുതുടങ്ങി. ഗോവയിലെ പ്രശസ്തമായ ഗോവ സിൻഡിക്കേറ്റ് എന്നൊരു സംഗീത ബാൻഡിനെപ്പോലും സൈഡാക്കിയ ചരിത്രവും ഷെൽട്ടനുണ്ട്. 1989 ഏപ്രിൽ 14 -ന് ഇൻഡോർ സ്റ്റേഡിയമായിരുന്നു വേദി. മ്യൂസിക്കും ഗോവൻ ഡാൻസേഴ്സിന്റെ ബ്രേക്ക് ഡാൻസും നടക്കുകയാണ്. കാണാനെത്തിയ ഷെൽട്ടനും സുഹൃത്തുക്കളും വെറുതേ ഒന്നുരണ്ട് സ്റ്റെപ്പിട്ടപ്പോഴേക്കും കാണികൾ ആർത്തുവിളിച്ചു. സംഘാടകരും പോലീസു ഇടപെട്ടു. കാണികളുടെ ആർപ്പുവിളിയിൽ വീണ്ടും ചുവടുവെച്ച ഷെൽട്ടനെ പോലീസ് വളഞ്ഞു. ഒന്നുകിൽ ചുവടുവെയ്ക്കരുത് അല്ലെങ്കിൽ പുറത്തു പോകണം. നിവൃത്തിയില്ലാതെ ഷെൽട്ടനും സംഘവും പുറത്തുപോയി.
ഗുരുവായ സുഹൃത്ത്
കൊച്ചിയിൽ നിന്നാണ് ഷെൽട്ടന്റെ കുടുംബം തൃശ്ശൂർ നഗരത്തിന്റെ സമീപത്തുള്ള ചേറൂരിൽ താമസത്തിനെത്തിയത്. അപ്പൻ കുമ്പളങ്ങിക്കാരൻ ദേവസ്സിയും അമ്മ ഫോർട്ട് കൊച്ചി സ്വദേശി ഗ്രേസിയും ഷെൽട്ടന്റെ ഡാൻസ് മോഹത്തിന് ഒരിക്കലും എതിർപ്പ് പറഞ്ഞില്ല. പത്താം ക്ലാസ്സോടെ പഠിത്തം നിർത്തിയ ഷെൽട്ടന് സുഹൃത്തായ നിക്സനാണ് ഗുരുവും പ്രചോദനവുമായത്. അന്ന് നിക്സന്റെ വീട്ടിൽ ഡിവിഡി ഇട്ടായിരുന്നു പകലെന്നോ രാത്രിയെന്നോ ഇല്ലാത്ത പരിശീലനം. നടന്നുപോകുമ്പോൾ പോലും വെറുതേ സ്റ്റെപ്പിട്ടായിരിക്കും പോകുന്നത്. ബ്രേക്ക് ഡാൻസ് എന്ന ഹോളിവുഡ് സിനിമയായിരുന്നു പ്രചോദനം. ആദ്യമായി ബ്രേക്ക് ഡാൻസ് കളിക്കാൻ സ്റ്റേജിൽ കയറുന്നതും നിക്സനൊപ്പമാണ്. 1986 ഡിസംബറിലെ ക്രിസ്തുമസ് രാത്രിയിൽ കോലഴിയിലാണ് ആദ്യമായി സ്റ്റേജിൽ കയറുന്നത്. അന്ന് കാണികൾ നിറഞ്ഞുകവിയുന്ന പരിപാടികളാണ്. പാളിയാൽ കൂവലും അടിയുമൊക്കെ ആയി മാറാം. പെറ്റ് ഷോപ്പ് ബോയ്സിന്റെ വെസ്റ്റ് എൻഡ് ഗേൾസ് എന്ന ഹിറ്റ് പാട്ടിനൊപ്പമായിരുന്നു ചുവടുകൾ. കാണികൾ ഏറ്റെടുത്തതോടെ ആത്മവിശ്വാസമായി. മത്സരിക്കാൻ ഷെൽട്ടനും പിള്ളേരും ഉണ്ടെങ്കിൽ സ്റ്റേജിലേക്ക് ഞങ്ങളില്ല എന്നതായിരുന്നു അന്നത്തെ പേരുകേട്ട ബ്രേക്ക് ഡാൻസ് സംഘങ്ങളുടെ നിപലാട്.
കാലം മാറിയില്ലേ...
അക്കാലത്ത് കേരളത്തിന്റെ മുക്കിലും മൂലയിലും യുവാക്കൾ ബ്രേക്ക് ഡാൻസിൽ വീണിരുന്നു. പലയിടത്തും ബ്രേക്ക് ഡാൻസ് സംഘങ്ങൾ പേരെടുത്തപ്പോൾ ഷെൽട്ടനും ടീമിനെ ഇറക്കി. പേര് ‘റോക്ക് ബോയ്സ്’. ഷെൽട്ടൻ, നിക്സൺ, മെയ്സൺ, ശിവദാസ്, പ്രവീൺ എന്നിവരുടെ റോക്ക് ബോയ്സ് തരംഗമാകാൻ അധികസമയം എടുത്തില്ല. കേരളത്തിലുടനീളം പരിപാടികളുമായി ടീം പേരെടുത്തു. തൃശ്ശൂരിലെ പ്രധാനപരിപാടികൾക്കെല്ലാം ഷെൽട്ടന്റെയും സംഘത്തിന്റെയും ബ്രേക്ക് ഡാൻസ് ഒഴിച്ചുകൂടാനാവാത്ത ഐറ്റമായി. ബ്രേക്ക് ഡാൻസ് സ്വന്തമായി പഠിച്ചെടുത്ത ഷെൽട്ടൻ മറ്റുള്ളവർക്ക് പകർന്നുകൊടുക്കാൻ തയ്യാറായിരുന്നു. എന്നാൽ അതിന് പിന്നിലുള്ള അധ്വാനം പലരെയും പിന്നോട്ടുവലിച്ചു. സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് അക്കാദമി എന്ന ആശയത്തിന് തുടക്കമിട്ടെങ്കിലും മുന്നോട്ടുപോയില്ല.
ജീവനും ജീവിതവുമായ ബ്രേക്ക് ഡാൻസിന് ബ്രേക്കിട്ടത് മനപ്പൂർവ്വം എടുത്ത തീരുമാനം അല്ലായിരുന്നു. കാലം ആ മാറ്റം ആവശ്യപ്പെട്ടതായിരുന്നെന്ന് ഷെൽട്ടൻ പറയും.
ബ്രേക്ക് ഡാൻസ് തരംഗം അധികകാലം നിലനിന്നില്ല. തൃശ്ശൂരിലും ബ്രേക്ക് ഡാൻസിനോടുള്ള കമ്പം ആളുകൾക്കു കുറഞ്ഞു. അങ്ങനെയാണ് ഈ മേഖലയിൽ നിന്ന് പടിയറങ്ങുന്നത്. കുടുംബത്തെ പോറ്റാൻ തിരഞ്ഞെടുത്ത പെയിന്റിങ്, പോളിഷിങ് ജോലിക്കിടയിലും അയാൾ ഡാൻസറായി മാറുകയാണ്. തൃശ്ശൂരിലെ ഒരു തലമുറയെ മുഴുവൻ തന്റെ ചടുലമായ ചുവടുകളാൽ ആരാധകരാക്കി മാറ്റിയ ബ്രേക്ക് ഡാൻസ് ഹീറോ ഷെൽട്ടന്റെ വാക്കുകളിൽ പഴയ സ്റ്റേജുകളുടെ ഓർമ നിറഞ്ഞു. ഒരു സ്റ്റെപ്പ് ഇടുമോ എന്ന ചോദ്യത്തിന് പിന്നാലെ ആ കൈകൾ ചലിച്ചു. ശരീരമാകെ റോബോട്ടിനെപ്പോലെ ഇളകി. സ്റ്റേജിന്റെ ആർപ്പുവിളി അനുഭവിച്ചിട്ട് വർഷങ്ങൾ ആയെങ്കിലും പ്രതിഭയുടെ മിന്നലാട്ടമാണ് ഈ മനുഷ്യൻ.
Content Highlights: Shelton: The Breakdancing King of Thrissur's Lost Era





English (US) ·