Published: June 06 , 2025 12:41 PM IST
1 minute Read
മുംബൈ∙ വർഷങ്ങൾക്കു ശേഷം ഇന്ത്യൻ ടെസ്റ്റ് ടീമിലേക്കു തിരിച്ചെത്തിയ കരുൺ നായരെ പിന്തുണച്ച് പരിശീലകൻ ഗൗതം ഗംഭീർ. കരുൺ നായരുടെ അനുഭവ സമ്പത്ത് ഇംഗ്ലണ്ടിൽ ടീം ഇന്ത്യയ്ക്കു കരുത്താകുമെന്ന് ഗംഭീർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്കു വേണ്ടി ഇംഗ്ലണ്ടിലേക്കു പുറപ്പെടുന്നതിനു മുൻപു നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഗംഭീർ കരുൺ നായരുടെ തിരിച്ചുവരവിനെക്കുറിച്ചു പ്രതികരിച്ചത്. ‘‘ഒന്നോ രണ്ടോ ടെസ്റ്റ് മത്സരങ്ങളുടെ പേരിൽ ആരെയും വിലയിരുത്താൻ സാധിക്കില്ല. ആഭ്യന്തര ക്രിക്കറ്റിൽ ആരെങ്കിലും വലിയ സ്കോറുകൾ കണ്ടെത്തിയിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന് ആവശ്യമായത്രയും അവസരങ്ങൾ ലഭിക്കണം.’’– ഗംഭീർ വ്യക്തമാക്കി.
‘‘രാജ്യാന്തര ക്രിക്കറ്റിലും താരങ്ങൾക്കു കഴിവു തെളിയിക്കാൻ അവസരങ്ങൾ കിട്ടണം. ഇംഗ്ലണ്ടിൽ കരുണിന്റെ അനുഭവ സമ്പത്ത് തീര്‍ച്ചയായും ഇന്ത്യയ്ക്കു നേട്ടമാകും. കരുൺ ഇംഗ്ലണ്ടിൽ കൗണ്ടി ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. അതു കൂടാതെ മികച്ച ഫോമിലുമാണ്.’’– ഗംഭീർ വ്യക്തമാക്കി. ഇംഗ്ലണ്ട് ലയൺസിനെതിരായ ആദ്യ ടെസ്റ്റിൽ കരുൺ നായർ 204 റൺസ് നേടിയിരുന്നു. 2017ലാണ് മലയാളി താരം ഇന്ത്യൻ ജഴ്സിയിൽ ഒടുവിൽ കളിച്ചത്. കഴിഞ്ഞ ആഭ്യന്തര സീസണിൽ വിദർഭയ്ക്കു വേണ്ടി തിളങ്ങിയതോടെയാണ് കരുണിന് ദേശീയ ടീമിലേക്കു വീണ്ടും അവസരം ലഭിച്ചത്.
കഴിഞ്ഞ രഞ്ജി ട്രോഫി സീസണിൽ 863 റൺസാണ് വിദർഭ താരം അടിച്ചെടുത്തത്. 16 ഇന്നിങ്സുകളിൽനിന്ന് നാലു സെഞ്ചറികളും രണ്ട് അർധ സെഞ്ചറികളും കരുൺ സ്വന്തമാക്കി. ഫൈനലിൽ 135 റൺസടിച്ച് കേരളത്തിനെതിരെ വിദർഭയുടെ കിരീട വിജയത്തിലും കരുൺ നിർണായക പങ്കുവഹിച്ചു. വിജയ് ഹസാരെ ട്രോഫിയിൽ ഒൻപതു കളികളിൽനിന്ന് 779 റൺസാണ് കരുൺ നായർ അടിച്ചുനേടിയത്.
English Summary:








English (US) ·