ഒന്നോ രണ്ടോ പേരെ വച്ച് കപ്പ് നേടാനാകില്ല, ടോപ് ഓർഡറിനെ മാത്രം ആശ്രയിച്ചിട്ടും കാര്യമില്ല: ഇത് തിരിച്ചറിവുകൾ ആർസിബിക്ക് സമ്മാനിച്ച കപ്പ്!

7 months ago 11

പ്രതീക്ഷ വിശ്വാസത്തിനും വിശ്വാസം യാഥാർഥ്യത്തിനും വഴിമാറിയ രാത്രിയിൽ ഐപിഎൽ കിരീടം, അതേറ്റവും കൂടുതൽ ആഗ്രഹിച്ച കൈകളിൽത്തന്നെ എത്തിച്ചേർന്നിരിക്കുന്നു. ആഗ്രഹം സത്യമാണെങ്കിൽ, അതിനുവേണ്ടിയുള്ള പ്രയത്നം പരിശുദ്ധമാണെങ്കിൽ അൽപം വൈകിയാലും കാലം കൈവിടില്ലെന്ന് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവും അവരുടെ എല്ലാമെല്ലാമായ വിരാട് കോലിയും തെളിയിച്ചിരിക്കുന്നു.

18 വർഷത്തെ കഠിനകാലം കടന്ന് ഐപിഎൽ മോഹക്കപ്പിൽ ആർസിബിയുടെയും കോലിയുടെയും പൊൻമുത്തം പതിക്കുമ്പോൾ ക്രിക്കറ്റിൽ ടീം ഗെയിമിന്റെ പ്രാധാന്യം ഒരിക്കൽകൂടി വ്യക്തമാകുന്നു. താരപ്പൊലിമയിലും ആരാധക പിന്തുണയിലും ഐപിഎലിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായിട്ടും കപ്പ് മാത്രം അകന്നു നിന്നതിന്റെ നിരാശ തീർക്കാൻ ഉറപ്പിച്ചാണ് ഈ സീസണിൽ ബെംഗളൂരു ഇറങ്ങിയത്.

മെഗാ ലേലം മുതൽ കൃത്യമായ പ്ലാൻ ടീമിനുണ്ടായിരുന്നു. കോലിയും രജത് പാട്ടിദാറും യഷ് ദയാലും അടക്കം മൂന്നുപേരെ മാത്രം നിലനിർത്തി ടീം സമ്പൂർണമായി പൊളിച്ചെഴുതാൻ ഉറപ്പിച്ചിരുന്നു. ലേലത്തി‍ൽ സൂപ്പർ താരങ്ങൾക്കു പിന്നാലെ പോകാതെ ആവശ്യമുള്ള പൊസിഷനുകളിലേക്ക് ഏറ്റവും മികച്ച താരങ്ങളെ കണ്ടെത്തുന്നതിലായിരുന്നു ടീമിന്റെ ശ്രദ്ധ.

18 നീണ്ട വർഷങ്ങൾ.. യൗവനകാലം മുതലുള്ള  ജീവിതം മുഴുവൻ ഈ നിമിഷത്തിനു വേണ്ടിയാണു ഞാൻ നൽകിയത്. ഇങ്ങനെയൊരു ദിവസത്തിനായി ഒരുപാട് ആഗ്രഹിച്ചിരുന്നെങ്കിലും അതു യാഥാർഥ്യമാകുമെന്ന് കരുതിയിരുന്നില്ല. എന്റെ ഉടലും ഉയിരും എന്നും ബെംഗളൂരുവിന് ഒപ്പമാണ്.

സാധാരണയായി ബാറ്റർമാരെ വാങ്ങിക്കൂട്ടി, തട്ടിക്കൂട്ട് ബോളിങ് നിരയുമായി ലേലത്തിൽ നിന്നു മടങ്ങുന്ന പതിവ് ഇക്കുറി ആർസിബി തെറ്റിച്ചു. ഇത്തവണത്തെ ലേലത്തിൽ അവർ ഏറ്റവും കൂടുതൽ തുക മുടക്കിയത് ഓസീസ് പേസർ ജോഷ് ഹെയ്സൽവുഡിന് വേണ്ടിയായിരുന്നു. അതിന്റെ ഗുണം ടൂർണമെന്റിൽ ഉടനീളം ആർസിബിക്കു ലഭിച്ചു. ടീമിന്റെ സ്ട്രൈക്ക് ബോളറായി മാറിയ ഹെയ്സൽവുഡ്, പല മത്സരങ്ങളിലും വിജയശിൽപിയായി.

ഹെയ്സൽവുഡിനു കൂട്ടായി ഭുവനേശ്വർ കുമാറിനെക്കൂടി എത്തിച്ചതോടെ ടീമിന്റെ പേസ് യൂണിറ്റ് സുശക്തം. ദുർബലമായ സ്പിൻ നിരയെ ബലപ്പെടുത്താൻ ടീമിലെത്തിച്ച ആഭ്യന്തര താരം സുയാഷ് ശർമയും ഓൾറൗണ്ടർ ക്രുനാൽ പാണ്ഡ്യയും ടൂർണമെന്റിൽ ഉടനീളം പ്രതീക്ഷ കാത്തു.

ടോപ് ഓർഡർ ബാറ്റിങ് നിരയെ മാത്രം ആശ്രയിച്ചു മുന്നോട്ടുപോയിരുന്ന ആർസിബിക്ക് ഇത്തവണ മധ്യനിരയിലും ഫിനിഷിങ്ങിലും ലഭിച്ചത് എണ്ണംപറഞ്ഞ ബാറ്റർമാർ. ജിതേഷ് ശർമ, ലിയാം ലിവിങ്സ്റ്റൻ, ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേഡ് എന്നിവരടങ്ങിയ ബാറ്റിങ് യൂണിറ്റ് ടീമിന്റെ കരുത്തു വർധിപ്പിച്ചു. ഓപ്പണിങ്ങിൽ ഫിൽ സോൾട്ട് എത്തിയതോടെ പവർപ്ലേയിൽ റൺനിരക്ക് ഉയർത്താനും ആർസിബിക്കു സാധിച്ചു.

ഒന്നോ രണ്ടോ പേരെ മാത്രം ആശ്രയിച്ച് കപ്പ് നേടാൻ സാധിക്കില്ലെന്ന തിരിച്ചറിവാണ് ഈ സീസണിൽ ആർസിബിക്കു വന്ന പ്രധാന മാറ്റം. ലീഗ് റൗണ്ടിലെ മത്സരങ്ങളിൽ 9 വ്യത്യസ്ത താരങ്ങളാണ് ഇത്തവണ ആർസിബിക്കായി പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയത്. ബാറ്റിങ്ങിൽ 10 താരങ്ങൾ ഇതുവരെ അർധ സെഞ്ചറിയും നേടി. നിർണായക ഘട്ടങ്ങളിലെല്ലാം ടീമിന്റെ രക്ഷകനായി ഒരാൾ അവതരിച്ചുകൊണ്ടേയിരുന്നു. ഈ ടീം എഫർട്ട് തന്നെയാണ് സീസണിൽ ആർസിബിയുടെ കുതിപ്പിന് ഇന്ധനമായത്. 

English Summary:

RCB's Maiden IPL Triumph: Virat Kohli and Team Achieve Historic Victory

Read Entire Article