05 July 2025, 10:30 AM IST
.jpg?%24p=bb879fe&f=16x10&w=852&q=0.8)
മോഹൻലാലും പ്രിയദർശനും 'ഒപ്പം' ചിത്രീകരണത്തിനിടെ, അക്ഷയ് കുമാർ, സെയ്ഫ് അലിഖാൻ | ഫോട്ടോ: മാതൃഭൂമി, എഎഫ്പി, പിടിഐ
17 വര്‍ഷങ്ങള്‍ക്കുശേഷം അക്ഷയ് കുമാറും സെയ്ഫ് അലിഖാനും ഒന്നിക്കുന്ന ബോളിവുഡ് ചിത്രത്തിന്റെ ടൈറ്റില്‍ തീരുമാനമായതായി റിപ്പോര്‍ട്ട്. പ്രിയദര്‍ശന്‍ സംവിധാനംചെയ്യുന്ന ത്രില്ലര്‍ ചിത്രത്തിന് 'ഹൈവാന്‍' എന്ന് പേരിടാന്‍ അണിയറപ്രവര്‍ത്തകര്‍ ധാരണയില്‍ എത്തിയതായി വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 2016-ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം 'ഒപ്പ'ത്തിന്റെ ബോളിവുഡ് റീമേക്കാണിതെന്നാണ് സൂചന.
ചിത്രത്തിനായി പല പേരുകള്‍ പരിഗണനയില്‍ ഉണ്ടായിരുന്നെങ്കിലും, ഒടുവില്‍ 'ഹൈവാനി'ല്‍ തീരുമാനമാവുകയായിരുന്നു എന്നാണ് വിവരം. 2008-ലാണ് ഏറ്റവും ഒടുവില്‍ അക്ഷയ് കുമാറും സെയ്ഫ് അലിഖാനും ഒന്നിച്ചത്. അക്ഷയ് കുമാര്‍ 'ഒപ്പ'ത്തിന്റെ കടുത്ത ആരാധകനാണെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബോളിവുഡ് റീമേക്കില്‍ പ്രിയദര്‍ശന്‍ വേഷം വാഗ്ദാനംചെയ്തപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ അക്ഷയ് കുമാര്‍ കൈകൊടുത്തുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിച്ചേക്കും. അടുത്തവര്‍ഷം പ്രദര്‍ശനത്തിന് എത്തിക്കാനാണ് പദ്ധതി. അക്ഷയ് കുമാര്‍ നായകനാകുന്ന പ്രിയദര്‍ശന്റെ തന്നെ സംവിധാനത്തിലുള്ള 'ഭൂത് ബംഗ്ലാ' എന്ന സിനിമയുടെ ചിത്രീകരണം അടുത്തിടെ പൂര്‍ത്തിയായിരുന്നു. അക്ഷയ് കുമാറും സുനില്‍ ഷെട്ടിയും പരേഷ് റാവലും ഒന്നിക്കുന്ന 'ഹേരാ ഫേരി 3'യും പ്രിയദര്‍ശന്റെ സംവിധാനത്തില്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനംചെയ്ത മലയാളം ചിത്രമാണ് 'ഒപ്പം'. കാഴ്ചപരിമിതിയുള്ള ലിഫ്റ്റ് ഓപ്പറേറ്ററായ ജയരാമന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. സമുദ്രക്കനിയായിരുന്നു വില്ലന്‍.
Content Highlights: Akshay Kumar and Saif Ali Khan reunite aft 17 years successful Priyadarshan`s thriller
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·