20 June 2025, 09:52 AM IST

രഘുനാഥ് പലേരി, അഖിൽ സത്യൻ | ഫോട്ടോ: ശ്രീജിത്ത് പി. രാജ്, Facebook
സത്യൻ അന്തിക്കാടിന്റെ മകനും സംവിധായകനുമായ അഖിൽ സത്യനൊപ്പം പ്രവർത്തിച്ച അനുഭവം പങ്കിട്ട് തിരക്കഥാകൃത്തും നടനുമായ രഘുനാഥ് പലേരി. ഒപ്പം വളർന്നവരുടെ മക്കളോടൊപ്പം വീണ്ടും വളരാൻ അനുഗ്രഹം ലഭിക്കുക ഏതോ മഹാശക്തിയുടെ വരദാനമാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. പൊന്മുട്ടയിടുന്ന താറാവ് എന്ന ചിത്രത്തിന്റെ തിരക്കഥയെഴുതാനാവശ്യപ്പെട്ട് സത്യൻ അന്തിക്കാട് പിറവി എന്ന ചിത്രത്തിന്റെ സെറ്റിലേക്ക് വന്ന ഓർമയും രഘുനാഥ് പലേരി പങ്കുവെച്ചു. ഷാജി എൻ. കരുണിനേയും പലേരി കുറിപ്പിൽ അനുസ്മരിക്കുന്നുണ്ട്.
രഘുനാഥ് പലേരിയുടെ വാക്കുകൾ:
ചുറ്റും മഴ പെയ്യുന്ന ഒരു പകൽ നേരത്താണ് ശ്രീ സത്യൻ അന്തിക്കാട് കാഞ്ഞങ്ങാടുള്ള 'പിറവി'യുടെ ചിത്രീകരണം നടക്കുന്ന സ്ഥലത്തേക്ക് എന്നെ തേടി വരുന്നത്. ശ്രീ ഷാജി കരുണിന്റെ ചിത്രമായിരുന്നു പിറവി. ഷാജി ഇന്നില്ല. ഷാജിയുടെ മനസ്സ് നിറയെ സിനിമാ മഴയായിരുന്നു. പെയ്യിക്കാവുന്നത്രയും പെയ്യിച്ചാണ്, മനസ്സിനകത്ത് പെയ്തമർന്നൊരു മഴപോലെ ഷാജിയും ഈ ഭൂമി വിട്ടത്.
തൃശ്ശൂരിൽ നിന്നേ പുറപ്പെട്ട് മഴയത്ത് വന്നിറങ്ങിയ സത്യനെ, മഴയിലേക്ക് വിരൽ ചൂണ്ടിക്കാണിച്ചത് ഷാജിയായിരുന്നു. ക്യാമറക്കരികിൽ നിന്നും മഴയത്ത് നടന്നാണ് സത്യനരികിൽ എത്തിയതും. സത്യൻ വന്നത് എന്നോട് 'പൊന്മുട്ട ഇടുന്ന തട്ടാനെ' ചോദിക്കാനായിരുന്നു. യാതൊരു മടിയുമില്ലാതെ, ദേഹത്തിലെ നനവ്പോലും തുടക്കാതെ, സത്യൻ തട്ടാനെ ചോദിച്ചു. ശ്രീനിവാസനെ തട്ടാനായി സ്വീകരിക്കുമെങ്കിൽ പൊന്മുട്ട തരാമെന്ന് ഞാനും വാക്കു പറഞ്ഞു. സത്യനും ഞാനും പരസ്പരം വാക്ക് പാലിച്ചു. ആ തട്ടാൻ ആയിരുന്നു ഞങ്ങൾ ഒരുമിച്ചുള്ള ആദ്യ സിനിമ. ഒരു പപ്പടം ചുട്ടെടുക്കുന്ന മനോഹാരിത പോലെയാണ് സത്യൻ തട്ടാനെക്കൊണ്ട് അനായാസം പൊന്മുട്ട ഇടീപ്പിച്ചത്. ആ പൊൻമുട്ട മനസ്സിന്റെ ആകാശത്തിലെ നിറവെളിച്ചമായി ഇന്നും എന്നിൽ നിറഞ്ഞുനിൽക്കുന്നു.
പിന്നീടുള്ള സിനിമകൾക്കിടയിൽ എപ്പോഴൊക്കെയോ ആണ് സത്യൻ്റെ ചുറ്റുമുള്ള ലോകം എന്നിലേക്കും കുടിയേറുന്നത്. അങ്ങനെ മനസ്സിൽ പതിഞ്ഞ സത്യൻ്റെ മക്കളിൽ അഖിലും അനൂപും സ്റ്റാർട്ടും കട്ടും കേട്ട് വളർന്നും പഠിച്ചും എഴുതിയും എഴുതാതെയും സിനിമാ സംവിധായകരായി. അവരുടെ സിനിമകളും പ്രേക്ഷകർക്കു മുന്നിലെ കാഴ്ചകളായി.
ഇതാ ഇന്നത്തെ മഴയത്ത്, അതിലൊരു മകനായ അഖിലിൻ്റെ മുന്നിൽ, അവനെഴുതിയ സംഭാഷണം ഉരുവിട്ട്, അവന്റെ പുതിയ സിനിമയിലെ ഒരു കഥാപാത്രമായി ഞാനും മഴ നനഞ്ഞും നനയാതെയും നിൽക്കുന്നു. എത്ര വ്യക്തമായാണ് അഖിൽ ഓരോ കാര്യവും എനിക്ക് പറഞ്ഞു തരുന്നത്. ഒപ്പം വളർന്നവരുടെ മക്കളോടൊപ്പം വീണ്ടും വളരാൻ അനുഗ്രഹം ലഭിക്കുക ഏതോ മഹാശക്തിയുടെ വരദാനമാണ്. ആ ശക്തിക്കു മുന്നിൽ ശിരസ്സ് നമിക്കവേ മനസ്സുതന്നെ ഒരു പ്രഭാവലയമാകുന്നു.
പൊന്മുട്ട തേടി വന്ന സത്യാ നിനക്ക് നന്ദി. ഈ ദിവസം ഷാജിക്ക് സമർപ്പിക്കുന്നു
Content Highlights: Raghunath Paleri shares his acquisition moving with Akhil Sathyan, lad of Sathyan Anthikad
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·