ഒമാനെതിരെ പാക്കിസ്ഥാന് 93 റൺസ് വിജയം; മുഹമ്മദ് ഹാരിസ് (43 പന്തിൽ 66)പ്ലെയർ ഓഫ് ദ് മാച്ച്

4 months ago 4

ദുബായ് ∙ പാർട്ട് ടൈം ക്രിക്കറ്റർമാരുമായി ഏഷ്യാ കപ്പി‍നു വന്ന ഒമാനെ ‘ഫുൾടൈം കളിപ്പിച്ച’ പാക്കിസ്ഥാനു 93 റൺസ് വിജയം. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 160 റൺസ്. മറുപടിയായി ഒമാന്റെ ബാറ്റിങ് 16.4 ഓവർ വരെ നീണ്ടിട്ടും അവർക്കു നേടാനായത് 67 റൺസ് മാത്രം! അപ്രതീക്ഷിത അടിയൊഴുക്കുകൾ ഒന്നുമില്ലാതെ തുടങ്ങിയവസാനിച്ച കളിയിൽ പാക്കിസ്ഥാനു 93 റൺസ് വിജയം. വൺഡൗണായി ഇറങ്ങി അർധസെഞ്ചറി പ്രകടനത്തോടെ പാക്ക് ഇന്നിങ്സിന്റെ നട്ടെല്ലായ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് ഹാരിസാണ് (43 പന്തിൽ 66) പ്ലെയർ ഓഫ് ദ് മാച്ച്. ഗ്രൂപ്പ് ബിയിലെ അടുത്ത മത്സരത്തിൽ നാളെ ഇന്ത്യയാണ് പാക്കിസ്ഥാന്റെ എതിരാളികൾ. മത്സരവേദി ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം തന്നെ.

തുടക്കം മുതൽ...

161 റൺസ് എന്ന വിജയലക്ഷ്യത്തിലേക്കു ബാറ്റു ചെയ്യാനിറങ്ങിയ ഒമാനെ ഒരു ഘട്ടത്തിൽ പോലും നിലയുറപ്പിക്കാൻ പാക്ക് ബോളർമാർ അനുവദിച്ചില്ല. രണ്ടാം ഓവറിൽ ക്യാപ്റ്റൻ ജതീന്ദർ സിങ് പുറത്തായതിനു പിന്നാലെ ഒന്നൊന്നായി ഒമാൻ ബാറ്റർമാർ പുറത്തായിക്കൊണ്ടിരുന്നു. എങ്കിലും പവർപ്ലേയിൽ 2 വിക്കറ്റ് നഷ്ടത്തിൽ 40 റൺസ് നേടാൻ ഒമാനു കഴിഞ്ഞതാണു കളിയിൽ നിർണായകമായത്. പിന്നീട് 7 മുതൽ 16 വരെയുള്ള ഓവറുകളിൽ ആകെ നേടാനായത് 21 റൺസ് മാത്രം. നഷ്ടപ്പെട്ടത് 7 വിക്കറ്റുകളും. 23 പന്തിൽ 3 ഫോറും ഒരു സിക്സും സഹിതം 27 റൺസെടുത്ത ഹമ്മദ് മിർസയാണ് ഒമാൻ നിരയിലെ ടോപ്സ്കോറർ. ഓപ്പണർ ആമിർ കലീം (13), വാലറ്റത്തു ഷക്കീൽ അഹ്മദ് (10) എന്നിവരൊഴികെ മറ്റാർക്കും വ്യക്തിഗത സ്കോർ രണ്ടക്കം കടത്താനായില്ല. പാക്ക് ബോളിങ് നിരയിൽ സയിം അയൂബ്, സൂഫിയാൻ മുഖീം, ഹഫീർ അർഷാദ് എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി.

കൊട്ടിക്കയറി പാക്ക് പട

നേരത്തേ, പതിഞ്ഞ താളത്തിൽ തുടങ്ങിയിട്ടും ഒമാനെതിരെ ഭേദപ്പെട്ട സ്കോറിലേക്കു കൊട്ടിക്കയറുകയായിരുന്നു പാക്കിസ്ഥാൻ. ഓപ്പണർ സയിം അയൂബ് നേരിട്ട ആദ്യ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി പുറത്തായെങ്കിലും പ്രമോഷൻ കിട്ടി വൺഡൗണായി ക്രീസിലെത്തിയ മുഹമ്മദ് ഹാരിസ് കളി തിരിച്ചുവച്ചു.

ഓപ്പണർ സഹിബ്സദാ ഫർഹാനൊപ്പം (29 പന്തിൽ 29 റൺസ്) രണ്ടാം വിക്കറ്റിൽ 85 റൺസ് കൂട്ടിച്ചേർക്കാൻ ഹാരിസിനായി. 10–ാം ഓവറിൽ സൂഫിയാൻ മെഹ്മൂദിനെ ഡീപ് മിഡ്‌വിക്കറ്റിനു മുകളിലൂടെ സിക്സർ പറത്തിയാണ് ഹാരിസ് അർധസെ‍ഞ്ചറി നേട്ടം ആഘോഷിച്ചത്. ഒരു വശത്ത് ടൈമിങ് കിട്ടാതെ ഫർഹാൻ ബുദ്ധിമുട്ടുന്നതിനിടെയും ചാഞ്ചല്യമില്ലാതെ ഇങ്ങേപ്പുറത്ത് ഹാരിസ് ബാറ്റു ചെയ്തത് ഒമാൻ ബോളർമാരെയും തളർത്തി.

മധ്യനിര മങ്ങി

പവർപ്ലേയിൽ മോശമില്ലാത തുടങ്ങിയ പാക്കിസ്ഥാനെ മധ്യ ഓവറുകളിൽ ഒമാൻ ബോളർമാർ അൽപമൊന്നു പിടിച്ചുകെട്ടി. 11–ാം ഓവറിൽ ഇടംകൈ സ്പിന്നർ ആമിർ കലീമിനു റിട്ടേൺ ക്യാച്ച് നൽകി ഹർഫാൻ മടങ്ങിയതു മുതൽ പാക്കിസ്ഥാന്റെ സ്കോറിങ്ങിന് വേഗം കുറ‍ഞ്ഞു. 13–ാം ഓവർ എറിയാനെത്തിയ കലീം 2 വിലപ്പെട്ട വിക്കറ്റുകൾ നേടിയാണ് ആ ഓവർ അവസാനിപ്പിച്ചത്. മികച്ച ടൈമിങ്ങോടെ ബാറ്റു ചെയ്യുകയായിരുന്ന ഹാരിസ് കലീമിനെ റിവേഴ്സ് സ്വീപ് ചെയ്യാൻ ശ്രമിച്ചതാണു വിനയായത്. ഇൻസൈഡ് എഡ്ജ് ചെയ്ത പന്ത് ഹാരിസിന്റെ വിക്കറ്റു തെറിപ്പിച്ചു. പകരമെത്തിയ പാക്ക് ക്യാപ്റ്റൻ സൽമാൻ ആഗയെ ക്രീസിൽ നിലയുറപ്പിക്കാൻ കലീം സമ്മതിച്ചില്ല. ഫുൾടോസ് ബോളിൽ ഹമ്മദ് മിർസയ്ക്കു ക്യാച്ച് നൽകി പാക്ക് ക്യാപ്റ്റൻ പൂജ്യനായി മടങ്ങി.

ആമിർ കലീമിന്റെ സ്പെല്ലാണ് (31 റൺസ് വഴങ്ങി 3 വിക്കറ്റ്) 200 കടക്കുമെന്നു കരുതിയ പാക്ക് കുതിപ്പിന് കടിഞ്ഞാണിട്ടത്. മറ്റൊരു ഇടംകൈ സ്പിന്നർ ഷാ ഫൈസലും (31 റൺസ് വഴങ്ങി 3 വിക്കറ്റ്) പാക്കിസ്ഥാനെ പിടിച്ചുനിർത്തി. ഫൈസലിന്റെ പന്തിൽ ഹസൻ നവാസിനെ ഡീപ് പോയിന്റിൽ (9) ഹസ്നയിൻ ഷാ ക്യാച്ചിൽ കുടുക്കിയപ്പോൾ പാക്ക് സ്കോർ 16.4 ഓവറിൽ 5ന് 120. ഡെത്ത് ഓവറുകളിൽ ഫഖർ സമാനും (16 പന്തിൽ 23 നോട്ടൗട്ട്), മുഹമ്മദ് നവാസുമാണ് (10 പന്തിൽ 19) പാക്കിസ്ഥാനെ 160ൽ എത്തിച്ചത്. 

English Summary:

Asia Cup Cricket : Pakistan vs Oman, 4th Match, Group A - Updates

Read Entire Article