
ആരതി, രാധികാ ശരത്കുമാർ, ഖുശ്ബു സുന്ദർ, രവി മോഹൻ | ഫോട്ടോ: Instagram, ആർക്കൈവ്സ്, സാബു സ്കറിയ, ജെൻസൺ | മാതൃഭൂമി
നടൻ രവി മോഹനുമായുള്ള വിവാഹമോചനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ആരതിക്ക് പിന്തുണ പ്രഖ്യാപിച്ച് നടിമാരായ ഖുശ്ബു സുന്ദറും രാധിക ശരത്കുമാറും. രവി മോഹൻ കഴിഞ്ഞദിവസം സുഹൃത്തും ഗായികയുമായ കെനിഷ ഫ്രാന്‍സിസിനോടൊപ്പം നിര്‍മാതാവ് ഇഷാരി ഗണേശിന്റെ മകളുടെ വിവാഹത്തിന് എത്തിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇതിനെത്തുടർന്ന് ആരതി നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെയാണ് നടിമാർ ആരതിക്ക് പിന്തുണയുമായെത്തിയത്.
ഒരു പിതാവെന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങളിൽ നിന്ന് രവി ഒഴിഞ്ഞുമാറുന്നതിനെക്കുറിച്ചും, കെനിഷ ഫ്രാൻസിസിനൊപ്പം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ചുമുള്ള ആരതിയുടെ വാക്കുകൾക്കാണ് ഖുശ്ബുവും രാധികയും പിന്തുണയുമായെത്തിയത്.
ഒരമ്മയുടെ സത്യം വരും നാളുകളിൽ ഒരു സാക്ഷ്യമായി നിലകൊള്ളും എന്നാണ് ആരതി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിന് പ്രതികരണമായി ഖുശ്ബു പറഞ്ഞത്.

കരുത്തുകാണിക്കുന്ന കൈയുടെ ഇമോജിയാണ് ആരതിക്ക് പിന്തുണയറിയിച്ച് അവരുടെ കുറിപ്പ് പങ്കുവെച്ചുകൊണ്ട് രാധികാ ശരത്കുമാർ പോസ്റ്റ് ചെയ്തത്.
'എന്റെ മക്കള്‍ക്ക് വേണ്ടി ഞാന്‍ സംസാരിക്കുന്നു' എന്ന ക്യാപ്ഷനോടെയാണ് ആരതി കുറിപ്പ് പങ്കുവെച്ചത്. വേര്‍പിരിയുകയാണെന്ന് തീരുമാനിച്ചശേഷം രവി മോഹന്‍ മക്കളുടെ കാര്യങ്ങള്‍ അന്വേഷിക്കാറില്ലെന്നും രവിയില്‍നിന്ന് സാമ്പത്തികമോ വൈകാരികമോ ആയ പിന്തുണയില്ലാതെയാണ് രണ്ട് ആണ്‍മക്കളേയും വളര്‍ത്തുന്നതെന്നുമാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ആരതി പറഞ്ഞത്. രവി മോഹന്റെ നിര്‍ദേശത്തെ തുടര്‍ന്ന് വീട് വിട്ടിറങ്ങിപ്പോകേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്നും അവര്‍ കുറിച്ചു.
''വിവാഹമോചനവുമായി ബന്ധപ്പെട്ട കേസ് ഇപ്പോഴും നടക്കുകയാണ്. എന്നാല്‍ 18 വര്‍ഷം എന്റെ സ്‌നേഹത്തിലും വിശ്വസ്തതയിലും ഒപ്പം നിന്ന മനുഷ്യന്‍ എന്നില്‍ നിന്ന് മാത്രമല്ല, ഒരുകാലത്ത് താന്‍ നിറവേറ്റാമെന്ന് വാഗ്ദ്ധാനം ചെയ്ത ഉത്തരവാദിത്തങ്ങളില്‍നിന്ന് പോലും ഒഴിഞ്ഞുമാറിയിരിക്കുന്നു. മാസങ്ങളായി മക്കളുടെ എല്ലാ കാര്യങ്ങളും ചെയ്യുന്നത് ഞാനാണ്. എഎല്ലാ സങ്കടങ്ങളും ഞാന്‍ പിടിച്ചുനിര്‍ത്തി. എല്ലാം ഒറ്റയ്ക്ക് ചുമന്നു. ഒരുകാലത്ത് മക്കള്‍ തന്റെ അഭിമാനമാണെന്ന് പറഞ്ഞ വ്യക്തിയില്‍നിന്ന് വൈകാരികമോ സാമ്പത്തികമോ ആയ ഒരു ചെറിയ പിന്തുണ പോലും ലഭിച്ചില്ല.'' ആരതി കൂട്ടിച്ചേർത്തു.
നിര്‍മാതാവ് ഇഷാരി ഗണേശിന്റെ മകളുടെ വിവാഹത്തിനാണ് രവി മോഹനും കെനിഷയും ഒരുമിച്ചെത്തിയത്. ഒരേ നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ് ഇരുവരും ഒരുമിച്ച് വിവാഹത്തിനെത്തിയതാണ് ചര്‍ച്ചകള്‍ക്ക് കാരണം. ആരതിയുമായി രവി മോഹന്‍ വേര്‍പിരിയാന്‍ കാരണം കെനിഷയുമായുള്ള ബന്ധമാണെന്ന് ആരോപണങ്ങളുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് രവി മോഹന്‍ കെനിഷയ്‌ക്കൊപ്പമെത്തിയത്.
രവിയിൽ നിന്ന് വേർപിരിഞ്ഞ ശേഷം ആരതി ഇപ്പോൾ രണ്ട് മക്കളോടൊപ്പമാണ് താമസിക്കുന്നത്. കഴിഞ്ഞ വർഷം, രവിയും ആരതിയും വേർപിരിയലിനെച്ചൊല്ലി പരസ്യമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു.
Content Highlights: Khushbu Sundar and Radikaa Sarathkumar basal by Aarti against Ravi Mohan amid their divorce
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·