12 May 2025, 05:33 PM IST

ഡെന്നീസ് ലില്ലി, ജെഫ് തോംസൺ, ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായ് | Photo: Getty Images, ANI
ന്യൂഡല്‍ഹി: ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനത്തെ മുന്‍ ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍മാരായ ഡെന്നീസ് ലില്ലി - ജെഫ് തോംസണ്‍ ജോഡിയോട് ഉപമിച്ച് സൈന്യത്തിന്റെ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായ്. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ ശക്തിയും കൃത്യതയും വിശദീകരിക്കാനാണ് രാജീവ് ഘായ് ഒരുകാലത്ത് ഏതൊരു ബാറ്റിങ് നിരയുടെയും പേടിസ്വപ്‌നമായിരുന്ന ലില്ലി - തോംസണ്‍ പേസ് ജോഡിയെ കൂട്ടുപിടിച്ചത്.
സിന്ദൂര്‍ ഓപ്പറേഷനെ കുറിച്ചുള്ള വാര്‍ത്താ സമ്മേളനത്തിനിടെയാണ് അദ്ദേഹം ക്രിക്കറ്റ് വിഷയമാക്കി സംസാരിച്ചത്. ഇന്ത്യന്‍ താരം വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപനവും അദ്ദേഹത്തിന്റെ വാര്‍ത്താസമ്മേളനത്തില്‍ പരാമര്‍ശിക്കപ്പെട്ടു.
''വിരാട് കോലി ഇന്ന് വിരമിച്ചതിനാല്‍ നമുക്ക് ഇന്ന് ക്രിക്കറ്റിനെ കുറിച്ച് സംസാരിക്കാം. മറ്റ് ഇന്ത്യക്കാരെ പോലെ അദ്ദേഹം എന്റെയും പ്രിയപ്പെട്ട ക്രിക്കറ്റ് കളിക്കാരനാണ്. 70-കളില്‍ സ്‌കൂളില്‍ പഠിക്കുമ്പോഴുള്ള ഒരു സംഭവം എനിക്കോര്‍മ്മയുണ്ട്. ഇംഗ്ലണ്ട് ഓസ്‌ട്രേലിയയും തമ്മിലുള്ള മത്സരം നടക്കുകയാണ്. അക്കാലത്ത് ഓസ്‌ട്രേലിയയുടെ രണ്ട് പ്രഗത്ഭരായ ബൗളര്‍മാരായ ജെഫ് തോംസണും ഡെന്നിസ് ലില്ലിയും ചേര്‍ന്ന് ഇംഗ്ലീഷ് ബാറ്റിങ്‌നിരയെ തകര്‍ത്തു. 'തോംസണ് കിട്ടിയില്ലെങ്കില്‍ ലില്ലി എടുത്തിരിക്കും' എന്ന് അക്കാലത്ത് ഓസ്‌ട്രേലിയയില്‍ ഒരു പഴഞ്ചൊല്ല് പോലുമുണ്ടായിരുന്നു.'' - രാജീവ് ഘായ് വ്യക്തമാക്കി.
വിവിധ തലങ്ങളുള്ള ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം എത്ര ശക്തവും കൃത്യവുമാണെന്ന് വിശദീകരിക്കാനാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ഓപ്പറേഷന്‍ സിന്ദൂരിലും തുടര്‍ന്ന് ഇന്ത്യയെ ലക്ഷ്യമാക്കി പാകിസ്താന്‍ നടത്തിയ ആക്രമണങ്ങളിലും രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ ശക്തി പ്രകടമായിരുന്നു. അതിര്‍ത്തി കടന്നുള്ള ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളെ ഇന്ത്യക്ക് ചെറുക്കാനായതോടെ വ്യോമപ്രതിരോധ സംവിധാനത്തിന്റെ കരുത്തും ചര്‍ച്ചയായിരുന്നു.
ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ആകാശത്ത് മതില്‍ പോലെ പ്രവര്‍ത്തിച്ചുവെന്നും അതിനെ തകര്‍ക്കാന്‍ പാക് ആക്രമണങ്ങള്‍ക്ക് കഴിഞ്ഞില്ലെന്നും സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Content Highlights: India`s aerial defence strategy likened to legendary Aussie gait duo Lillee-Thomson








English (US) ·