2011-ലെ ഇന്ത്യയുടെ ഏകദിന ലോകകപ്പ് വിജയത്തിന് ഏപ്രില്‍ രണ്ടാം തീയതി 14 വര്‍ഷം തികഞ്ഞിരിക്കുകയാണ്. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരില്‍ ശ്രീലങ്കയെ ആറു വിക്കറ്റിന് കീഴടക്കിയായിരുന്നു ഇന്ത്യയുടെ കിരീടനേട്ടം. ഫൈനലില്‍ ക്യാപ്റ്റന്റെ ഇന്നിങ്‌സോടെ ടീമിനെ മുന്നില്‍നിന്ന് നയിച്ച എം.എസ്. ധോനിയായിരുന്നു കളിയിലെ താരം. കളത്തിനകത്ത് മാത്രമല്ല ടീം അംഗങ്ങളുടെ അച്ചടക്കം ഉറപ്പുവരുത്തുന്നതിലും ധോനിക്ക് തന്റേതായ തന്ത്രമുണ്ടായിരുന്നു. ടീം ഇന്ത്യയുടെ പരിശീലക സംഘത്തില്‍ അംഗമായിരുന്ന മുന്‍ മെന്റല്‍ കണ്ടീഷനിങ് കോച്ച് പാഡി അപ്ടണിന്‍റെ പഴയ വെളിപ്പെടുത്തൽ ലോകകപ്പ് നേട്ടത്തിന്‍റെ 14-ാം വാർഷികത്തിൽ വീണ്ടും ചർച്ചയാകുകയാണ്.
ടീം ഇന്ത്യയുടെ പല നിര്‍ണായക നേട്ടങ്ങളിലും നായകസ്ഥാനത്ത് ധോനിയായിരുന്നു. കളിക്കളത്തിലെ തന്ത്രങ്ങളുടെ കാര്യത്തിലും പകരക്കാരനില്ലാത്ത താരമാണ് ധോനി. എന്നാല്‍, കളത്തിനകത്ത് മാത്രമല്ല ടീം അംഗങ്ങളുടെ അച്ചടക്കം ഉറപ്പുവരുത്തുന്ന കാര്യത്തിലും ധോനിക്ക് തന്റേതായ തന്ത്രമുണ്ടായിരുന്നുവെന്നാണ് പാഡി അപ്ടൺ നേരത്തേ ചൂണ്ടിക്കാണിച്ചിരുന്നത്.
ക്യാപ്റ്റനെന്ന നിലയില്‍ ഇന്ത്യന്‍ ടീമിനായി ധോനി ചെയ്ത കാര്യങ്ങള്‍ ശ്രദ്ധേയമായിരുന്നെങ്കിലും ടീമില്‍ അച്ചടക്കം നിലനിര്‍ത്താന്‍ ധോനി ചെയ്ത കാര്യങ്ങള്‍ തീര്‍ത്തും വ്യത്യസ്തമായിരുന്നെന്ന് അപ്ടണ്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് വെളിപ്പെടുത്തിയിരുന്നു. 2019-ല്‍ കൊല്‍ക്കത്തയില്‍ 'ദി ബെയര്‍ഫൂട്ട് കോച്ച്' എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശന വേളയിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍മാരായിരുന്ന അനില്‍ കുംബ്ലെയും ധോനിയും കളിക്കാര്‍ ടീം മീറ്റിങ്ങിന് വൈകിവരാതിരിക്കാന്‍ സ്വീകരിച്ച നടപടികളേക്കുറിച്ച് പറഞ്ഞത്.
അപ്ടണ്‍ ടീമിനൊപ്പം ചേരുന്ന സമയം. അനില്‍ കുംബ്ലെ അന്ന് ടെസ്റ്റ് ക്യാപ്റ്റനും ധോനി ഏകദിന ടീം ക്യാപ്റ്റനുമാണ്. ടീം യോഗങ്ങള്‍ക്കും പരിശീലനത്തിനും ടീം അംഗങ്ങള്‍ കൃത്യമയത്തുതന്നെ എത്തണമെന്ന് അന്ന് താരങ്ങളോട് പറഞ്ഞു. എല്ലാവരും ശരിയെന്നു പറഞ്ഞു. എന്നാല്‍, ആരെങ്കിലും വൈകിയെത്തിയാല്‍ എന്തു ചെയ്യണമെന്ന ചര്‍ച്ച വന്നു. ഒടുവിലത് ക്യാപ്റ്റന്‍മാര്‍ക്ക് തീരുമാനിക്കാമെന്ന് എല്ലാവരും സമ്മതിച്ചു.
വൈകിയെത്തുന്ന കളിക്കാരന്‍ 10,000 രൂപ പിഴയടയ്ക്കണമെന്നായിരുന്നു ടെസ്റ്റ് ടീം ക്യാപ്റ്റന്‍ അനില്‍ കുംബ്ലെയുടെ നിര്‍ദേശം. എന്നാല്‍, ഏകദിന ടീമിന്റെ കാര്യം വന്നപ്പോള്‍ ധോനി എല്ലാവരെയും ഞെട്ടിച്ച ഒരു നിര്‍ദേശമാണ് മുന്നോട്ടുവെച്ചത്. ടീം യോഗങ്ങള്‍ക്കോ പരിശീലനത്തിനോ മറ്റോ ഏതെങ്കിലും കളിക്കാരന്‍ വൈകിയാല്‍ എല്ലാവരും 10,000 രൂപ പിഴയടയ്ക്കണമെന്ന നിര്‍ദേശമാണ് ധോനി മുന്നോട്ടുവെച്ചത്. അതില്‍പിന്നെ ഏകദിന ടീമിലെ ആരുംതന്നെ വൈകിയെത്തിയിട്ടില്ലെന്നും അപ്ടണ്‍ പറഞ്ഞു.
Content Highlights: MS Dhoni`s unsocial method to guarantee on-time squad meetings for the Indian Cricket team








English (US) ·