ഒരാഴ്ച മുൻപ് ‌രോഹിത്തും കോലിയും 2, 4 സ്ഥാനങ്ങളിൽ; ഏറ്റവും പുതിയ റാങ്കിങ്ങിൽ ഇരുവരെയും ‘കാണാനില്ല’, വിരമിക്കൽ അഭ്യൂഹം വീണ്ടും സജീവം

5 months ago 5

ഓൺലൈൻ ഡെ‌സ്‌ക്

Published: August 20, 2025 05:34 PM IST

1 minute Read

rohit-sharma-virat-kohli
രോഹിത് ശർമയും വിരാട് കോലിയും (ഫയൽ ചിത്രം, X/@BCCI)

മുംബൈ∙ ഏകദിന ബാറ്റർമാരുടെ ഐസിസി റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തെത്തി ‘ഞെട്ടിച്ച’ ഇന്ത്യൻ നായകൻ രോഹിത് ശർമയെ, ഒരാഴ്ചയ്ക്കിപ്പുറം പുതുക്കിയ റാങ്കിങ്ങിൽ ‘കാണാനില്ല’! അന്ന് നാലാം സ്ഥാനത്തുണ്ടായിരുന്ന വിരാട് കോലിയും പുതുക്കിയ പട്ടികയിൽനിന്ന് പുറത്തായി. ഐസിസി റാങ്കിങ്ങിൽ ആദ്യ പത്തിലുണ്ടായിരുന്ന രണ്ടു ബാറ്റർമാർ ഒരുമിച്ച് ഒരാഴ്ചയ്ക്കുള്ളിൽ പട്ടികയിൽനിന്ന് പുറത്തായത് ക്രിക്കറ്റ് വൃത്തങ്ങളിലും ആശയക്കുഴപ്പം സൃഷ്ടിച്ചു. ടെസ്റ്റ്, ട്വന്റി20 ഫോർമാറ്റുകളിൽനിന്ന് വിരമിച്ചെങ്കിലും ഇപ്പോഴും ഏകദിനത്തിൽ സജീവമായി തുടരുന്ന ഇരുവരും റാങ്കിങ്ങിൽനിന്ന് ഇത്ര പെട്ടെന്ന് അപ്രത്യക്ഷരായത് സമ്പൂർണ വിരമിക്കലിന്റെ സൂചനയാണെന്നും അഭ്യൂഹം പരന്നു.

പുതുക്കിയ റാങ്കിങ് പ്രകാരം ഇന്ത്യൻ താരം ശുഭ്മൻ ഗില്ലാണ് ഒന്നാം സ്ഥാനത്തുള്ളത്. 784 റേറ്റിങ് പോയിന്റുമായാണ് ഗിൽ ഒന്നാം സ്ഥാനത്തു തുടരുന്നത്. കഴിഞ്ഞയാഴ്ച രോഹിത്തിനും പിന്നിൽ മൂന്നാമതായിരുന്ന പാക്കിസ്ഥാൻ താരം ബാബർ അസം, രോഹിത്തിന്റെ അസാന്നിധ്യത്തിൽ പുതിയ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തുണ്ട്. ന്യൂസീലൻഡ് താരം ഡാരിൽ മിച്ചൽ, ശ്രീലങ്കൻ താരം ചരിത് അസലങ്ക, അയർലൻഡ് താരം ഹെൻറി ടെക്ടർ എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള മറ്റുള്ളവർ.

ആറാം സ്ഥാനത്തുള്ള ശ്രേയസ് അയ്യരാണ് പുതുക്കിയ റാങ്കിങ്ങിൽ ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യൻ താരം. റാങ്കിലായിരുന്ന ശ്രേയസ്, രോഹിത്തും കോലിയും പുറത്തായതോടെയാണ് ആറാം സ്ഥാനത്തേക്ക് ഉയർന്നത്. അതേസമയം, കോലിയും രോഹിത്തും റാങ്കിങ്ങിൽനിന്ന് പുറത്തായതിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. പ്രസ്തുത ഫോർമാറ്റിൽനിന്നോ രാജ്യാന്തര ക്രിക്കറ്റിൽനിന്നോ വിരമിച്ചവരെയും ദീർഘനാളായി കളത്തിലില്ലാത്തവരെയുമാണ് പൊതുവെ റാങ്കിങ്ങിൽനിന്ന് ഒഴിവാക്കുക. ഈ വർഷം ചാംപ്യൻസ് ട്രോഫി ജയിച്ച ഇന്ത്യൻ ടീമിന്റെ നായകനായിരുന്നു രോഹിത് ശർമ. വിരാട് കോലിയും ആ ടീമിൽ അംഗമായിരുന്നു. 

നേരത്തെ, 2027 ലോകകപ്പിലേക്ക് രോഹിത്തിനേയും വിരാട് കോലിയേയും പരിഗണിച്ചേക്കില്ലെന്നും അതിനാൽ ഇരുവരും അധികം വൈകാതെ വിരമിക്കൽ പ്രഖ്യാപിച്ചുമെന്നുമുള്ള അഭ്യൂഹം നിലനിൽക്കെയാണ് കഴിഞ്ഞയാഴ്ച രോഹിത് രണ്ടാം റാങ്കിലേക്ക് മുന്നേറി ഞെട്ടിച്ചത്. വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ മോശം പ്രകടനത്തോടെ പാക്കിസ്ഥാൻ സൂപ്പർതാരം ബാബർ അസം പിന്തള്ളപ്പെട്ടതായിരുന്നു മുപ്പത്തെട്ടുകാരനായ രോഹിത്തിന്റെ അപ്രതീക്ഷിത കുതിപ്പിനു പിന്നിൽ.

സമീപകാലത്തൊന്നും രാജ്യാന്തര മത്സരങ്ങൾ കളിച്ചിട്ടില്ലാത്ത രോഹിത്, ഏറ്റവും ഒടുവിൽ കളത്തിലുണ്ടായിരുന്നത് ഇക്കഴിഞ്ഞ ഐപിഎൽ സീസണിലാണ്. ഒക്ടോബറിൽ ഓസ്ട്രേലിയയ്‌ക്കെതിരെയുള്ള ഏകദിന പരമ്പരയോടെ രോഹിത്തും കോലിയും വിരമിച്ചേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.

English Summary:

Virat Kohli And Rohit Sharma Disappear From ICC ODI Batter's Rankings

Read Entire Article