ഒരാഴ്ചകൊണ്ട് ഡ്രൈവിങ് പഠിച്ച എൻഎഫ് വർ​ഗീസ്; കൊച്ചുവാവയെ കട്ടെടുത്തല്ലോ എന്ന് വിലപിച്ച രാജൻ പി ദേവ്

6 months ago 6

‘മുപ്പത്താറു വർഷമായെടാ ബെൻസേ ഞാൻ പോലീസില്. ഇതിനെടേല് പുറത്തറിയുന്നതും അറിയാത്തതുമായ പല ചെറ്റത്തരങ്ങളും ഞാൻ ചെയ്തിട്ടുണ്ട്...’ മൺകലത്തിൽ കമഴ്ത്തിവെച്ച ഊഫർ സ്പീക്കറിൽനിന്നെന്നപോലെ ഈ ശബ്ദം ആദ്യം മുഴങ്ങിയപ്പോഴേ ജനം പറഞ്ഞു -ആരെയോ ഓർമ്മിപ്പിക്കുന്ന ശബ്ദം; രൂപവും അതേ. പതിയെ ആ സാമ്യം തെളിഞ്ഞുവന്നു, പലയിടത്തും ചർച്ചയായി. ഓർമ്മകളിൽ ആ പഴയ ശബ്ദം മുഴങ്ങി- ‘ഇരുപത്തിമൂന്നു വർഷമായെടോ ഞാൻ വിടപറഞ്ഞിട്ട്. ഇതിെനടേല് പലപ്പഴായി നിങ്ങളെന്നെ ഓർത്തതില് സന്തോഷം...’ അതെ, എൻ.എഫ്.വർഗീസിന്റെ ശബ്ദം!

‘തുടരും’ സിനിമയിൽ പുതുമുഖമായെത്തി ഏവരെയും ഞെട്ടിച്ച പ്രകാശ് വർമ ചർച്ചകളിൽ നിറഞ്ഞുനിൽക്കുമ്പോൾ പലരും പറഞ്ഞു -എൻ.എഫ്.വർഗീസ് ഉണ്ടായിരുന്നെങ്കിൽ ചെയ്യേണ്ട റോൾ. മിമിക്രിയിൽനിന്ന്, കൊടുംക്രൂര വില്ലനായി എൻ.എഫ്.വർഗീസ് മലയാളത്തിലേക്ക് ഇടിച്ചിറങ്ങിവന്നതും താരതമ്യേനെ പുതുമുഖമായിട്ടായിരുന്നു.

ടിക്കറ്റിനൊപ്പം കണ്ണുതുടയ്ക്കാൻ തൂവാലകൂടി നൽകി മലയാളികളെ കരയിച്ച ‘ആകാശദൂതി’ലെ വില്ലൻവേഷത്തിലൂടെയായിരുന്നു എൻ.എഫ്.വർഗീസും ഇങ്ങനെയൊരു വരവു നടത്തിയത്. കൊച്ചിൻ കലാഭവനിൽ മിമിക്രി കലാകാരനായി വേദികളിൽ തിളങ്ങിയിരുന്ന വർഗീസ്, ചില സിനിമകളിൽ തലകാണിച്ചിരുന്നു.

ആളുകൾ തിരിച്ചറിയുന്നൊരു വേഷത്തിനായുള്ള അദ്ദേഹത്തിന്റെ കാത്തിരിപ്പ് 1993-ൽ സഫലമായി. ‘ആകാശദൂതി’ൽ വില്ലനായി ഇതുവരെ പരിചിതമല്ലാത്ത ഒരു നടനെ തിരയുകയായിരുന്നു സിബി മലയിലും തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫും.

ഒറ്റയടിക്ക് ഡ്രൈവിങ് പഠിച്ച വില്ലൻ

ചർച്ചകൾ നടക്കുന്നതിനിടെ, ചാൻസ് തേടി പലതവണ വന്നിട്ടുള്ള എൻ.എഫ്.വർഗീസിന്റെ മുഖവും ശബ്ദവും പെട്ടെന്ന് ഡെന്നീസ് ജോസഫിന് ഓർമ്മവന്നു. സിബി മലയിലും ഏതൊെക്കയോ മിമിക്രിവേദികളിൽ വർഗീസിനെ കണ്ടിട്ടുണ്ട്. പക്ഷേ, അഭിനേതാെവന്ന നിലയിൽ എങ്ങനെയാവുമെന്ന് ഊഹമില്ല. എന്തായാലും വർഗീസിനെ വിളിച്ചുവരുത്തി സംസാരിച്ചപ്പോൾ ആൾ ഓക്കേയാണെന്ന് സിബി ഉറപ്പിച്ചു. നിർമാതാവിനോടു പറഞ്ഞ് അഡ്വാൻസും കൈമാറി. പക്ഷേ, അടുത്ത ദിവസം കഥാപാത്രത്തെക്കുറിച്ചു വിവരിച്ചപ്പോൾ വർഗീസ് ആകെ വിയർത്തു, മുഖമാകെ വാടി. കാര്യമിതാണ്- സിനിമയിൽ ആ കഥാപാത്രത്തിന്റെ രംഗങ്ങൾ മിക്കപ്പോഴും വണ്ടിയോടിക്കുന്നതാണ്.

തന്റെ പാൽവണ്ടിയിൽ കറങ്ങിനടക്കുന്ന അയാൾ, മുരളിയുടെ കഥാപാത്രത്തെ വണ്ടിയിടിച്ചു കൊലപ്പെടുത്താൻപോലും ശ്രമിക്കുന്നുണ്ട്. ഈ വിവരണങ്ങൾ കേട്ട എൻ.എഫ്.വർഗീസ്, തനിക്ക് ഈ ചാൻസ് നഷ്ടപ്പെട്ടു എന്നുതന്നെ ഉറപ്പിച്ചു. സൈക്കിൾപോലും നേരെ ഓടിക്കാനറിയാത്ത താൻ സിനിമയിലെങ്ങനെ മിനി ലോറി ഓടിക്കും! ഷൂട്ട് തുടങ്ങാൻ ഒരാഴ്ച മാത്രമാണു മുന്നിൽ. വഴിയുണ്ടാക്കാമെന്നു പറഞ്ഞു പോയ വർഗീസ്, അന്നു രാത്രിതന്നെ അടുത്തുള്ള ഡ്രൈവിങ് സ്കൂളിൽ ചേർന്നു.

ആശാന്റെ കാലുപിടിച്ച് രാപകൽ കോഴ്‌സായി ഡ്രൈവിങ് പഠനം തുടങ്ങി. ഒരാഴ്ച തികയും മുൻപ് പനമ്പള്ളി നഗറിലെ ഡെന്നീസ് ജോസഫിന്റെ വീട്ടിൽ ഡ്രൈവിങ് സ്കൂളിലെ വണ്ടി തനിയെ ഓടിച്ച് അദ്ദേഹമെത്തി.

തിരികെ വണ്ടി വളച്ചെടുത്തു മടങ്ങുമ്പോൾ കഥാപാത്രം വർഗീസിന് ഉറപ്പിച്ചു. ‘ആകാശദൂതി’ൽ മിനിലോറി ഓടിച്ചു പായുന്ന കേശവനെ കണ്ടാൽ പറയുമോ ഒരാഴ്ചകൊണ്ടു ഡ്രൈവിങ് പഠിച്ചിറങ്ങിയ ആളാണെന്ന്?

കൈവിട്ട കാട്ടുകുതിരയും രാജൻ പി.ദേവിന്റെ കാർലോസും
‘എന്റെ കൊച്ചുവാവയെ നിങ്ങൾ കട്ടെടുത്തല്ലോ...’- രാജൻ പി.ദേവ് പല വേദികളിലും ഇങ്ങനെ വിലപിച്ചിരുന്നു. ആയിരത്തോളം വേദികളിൽ വേഷമിട്ട് താൻ അനശ്വരമാക്കിയ ‘കാട്ടുകുതിര’യിലെ കൊച്ചുവാവയെന്ന കഥാപാത്രമായിരുന്നു ഈ വേദനയ്ക്കു പിന്നിൽ. സിനിമയായപ്പോൾ, താൻ ഒഴിവാക്കപ്പെട്ട് കൊച്ചുവാവയായി തിലകൻ എത്തിയതിൽ രാജൻ പി.ദേവ് അവസാനകാലം വരെ നിരാശയും രോഷവും പങ്കിട്ടിരുന്നു.

പക്ഷേ, ‘കാട്ടുകുതിര’ സിനിമയിറങ്ങി ഏതാനും മാസങ്ങൾക്കിപ്പുറം രാജൻ പി.ദേവും സിനിമയിൽ തന്റെ വരവറിയിച്ചു- തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ‘ഇന്ദ്രജാല’ത്തിലെ ഉജ്വല വില്ലൻ കാർലോസായി. അതും നാടകത്തിലെ കൊച്ചുവാവയുടെ വേഷം കണ്ടായിരുന്നു തമ്പി കണ്ണന്താനത്തിന്റെ ക്ഷണം!

1980-ൽ അരങ്ങിലെത്തി, കേരളമാകെ കീഴടക്കിയ ‘കാട്ടുകുതിര’ എന്ന നാടകം 1990-ലാണ് പി.ജി.വിശ്വംഭരന്റെ സംവിധാനത്തിൽ സിനിമയായത്. എസ്.എൽ.പുരം സദാനന്ദന്റെ രചനയിൽ സൂര്യസോമ തീയറ്റേഴ്‌സിന്റെ ഈ നാടകത്തിൽ രാജൻ പി.ദേവ് അവതരിപ്പിച്ച കൊച്ചുവാവ എന്ന ഷാപ്പുമുതലാളി കേരളമാകെ തരംഗമായിരുന്നു.

പക്ഷേ, ഒരു നാടകനടൻ സിനിമയിലെത്തുമ്പോൾ ശരിയാകുമോയെന്ന പി.ജി.വിശ്വംഭരന്റെ സംശയമാണ് രാജന് സിനിമയിലേക്കുള്ള വഴിയടച്ചത്. പരുക്കൻ മുഖവും കാതുതുളയ്ക്കുന്ന ശബ്ദവും ആറടിപ്പൊക്കവുമുള്ള കാർലോസായി ‘ഇന്ദ്രജാല’ത്തിലൂടെ രാജൻ പി.ദേവ് അതേവർഷം മലയാളികളെ ഞെട്ടിച്ച് അഭ്രപാളിയിൽ വരവറിയിച്ചു.

സ്ഥിരം വില്ലൻവേഷങ്ങളിൽനിന്നു വ്യത്യസ്തമായി അൽപ്പം നർമം കലർത്തിയ വില്ലത്തരം കേരളം ഏറ്റെടുത്തു. തുടർന്നങ്ങോട്ട് വില്ലൻകഥാപാത്രങ്ങൾ ഇടവേള നൽകാതെ അദ്ദേഹത്തെ തേടിയെത്തി. അവസാനകാലത്ത് ‘തൊമ്മൻ’ ഉൾപ്പെടെയുള്ള കഥാപാത്രങ്ങളുമായി മലയാളികളെ ചിരിപ്പിക്കുകയും ചെയ്തു.

‘സിനിമയിൽ നൂറുകണക്കിന് അനശ്വരവേഷങ്ങൾ ചെയ്തിട്ടും കൊച്ചുവാവയെ സ്‌ക്രീനിലെത്തിക്കാനാകാത്തതിൽ എന്നും അദ്ദേഹം വിഷമിച്ചിരുന്നു’- രാജൻ പി.ദേവ് നാടകരംഗത്തേക്കു കൈപിടിച്ചുകൊണ്ടുവന്ന തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലം ഓർക്കുന്നു. ബെന്നിയുടെ രചനയിൽ രാജൻ പി.ദേവ് സംവിധാനംചെയ്ത ‘അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി’ എന്ന നാടകമാണ് പിന്നീട് ‘ചാന്തുപൊട്ട്’ സിനിമയായത്.

Content Highlights: NF Varghese and Rajan P Dev, from signifier actors to memorable Malayalam cinema villains

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article