'ഒരു കണ്ണുനീർത്തുള്ളി വീഴ്ത്താൻ 28 ടേക്ക് എടുത്തു'; 'പരിണീത' ഷൂട്ടിങ് അനുഭവം പങ്കുവെച്ച് വിദ്യാ ബാലൻ

5 months ago 5

Vidya Balan

വിദ്യാ ബാലൻ | ഫോട്ടോ: AFP

ന്തരിച്ച സംവിധായകൻ പ്രദീപ് സർക്കാർ ഒരുക്കിയ പരിണീതയിലൂടെയാണ് വിദ്യാ ബാലൻ ബോളിവുഡിൽ അരങ്ങേറിയത്. 2005-ൽ പുറത്തിറങ്ങിയ ചിത്രം ഈ മാസം റി റിലീസ് ചെയ്യാനിരിക്കുകയാണ്. ഇതിനോടനുബന്ധിച്ചുള്ള ഒരു ചടങ്ങിൽ പ്രദീപ് സർക്കാരിനെ അനുസ്മരിച്ചുകൊണ്ട് വിദ്യാ ബാലൻ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുകയാണ്. തന്റെ കരിയറിന്റെ ആദ്യവർഷങ്ങളിൽ താൻ പഠിച്ച എല്ലാത്തിന്റെയും അടിത്തറ പാകിയത് പ്രദീപ് സർക്കാരായിരുന്നുവെന്ന് വിദ്യ പറഞ്ഞു. ദാദ എന്നാണ് പ്രസം​ഗത്തിൽ വിദ്യാ ബാലൻ പ്രദീപ് സർക്കാരിനെ വിശേഷിപ്പിച്ചത്.

തന്നിലെ ഏറ്റവും മികച്ച പ്രകടനം എങ്ങനെയാണ് സംവിധായകൻ പ്രദീപ് സർക്കാർ കൊണ്ടുവന്നതെന്ന് വാർത്താ ഏജൻസിയായ പിടിഐയോടാണ് വിദ്യാ ബാലൻ പ്രതികരിച്ചത്. സൂക്ഷ്മമായ കാര്യങ്ങളിൽ അദ്ദേഹത്തിന്റെ ശ്രദ്ധ അതുല്യമായിരുന്നുവെന്ന് വിദ്യാ ബാലൻ ചൂണ്ടിക്കാട്ടി. പ്രകടനങ്ങൾക്ക് വേണ്ടി മാത്രമല്ല, പ്രാവുകൾ ശരിയായ നിമിഷത്തിൽ പറക്കുന്നതിനോ ജനലിന് പുറത്ത് ഇലകൾ കൃത്യസമയത്ത് വീഴുന്നതിനോ വേണ്ടി പോലും അദ്ദേഹം നൂറ് ടേക്കുകൾ എടുക്കുമായിരുന്നു. എല്ലാത്തിലും ഒരു താളമുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു. തൻ്റെ ജോലിയിൽ അദ്ദേഹം ഒരുപാട് കൃത്യത ആവശ്യപ്പെട്ടിരുന്നുവെന്നും വിദ്യ ഓർത്തെടുത്തു.

"ഒരിക്കൽ, ഒരു പാട്ടിലെ വരിക്ക് അനുസരിച്ച് ഒരു കണ്ണുനീർത്തുള്ളി കൃത്യസമയത്ത് വീഴ്ത്താൻ വേണ്ടി മാത്രം ഞാൻ 28 ടേക്കുകൾ എടുത്തു. അത്തരത്തിലുള്ള കൃത്യതയാണ് അദ്ദേഹം ആവശ്യപ്പെട്ടിരുന്നത്. അദ്ദേഹത്തിൻ്റെ മാർഗ്ഗനിർദ്ദേശം, ഈ കലയിലെ ഓരോ വിശദാംശങ്ങളെയും നിരീക്ഷിക്കാനും ഉൾക്കൊള്ളാനും ബഹുമാനിക്കാനും എന്നെ പഠിപ്പിച്ചു. അതായിരുന്നു ഞങ്ങൾക്കെല്ലാവർക്കും അദ്ദേഹം നൽകിയ സമ്മാനം," വിദ്യാ ബാലൻ കൂട്ടിച്ചേർത്തു.

അസുഖങ്ങളുമായുള്ള ദീർഘനാളത്തെ പോരാട്ടത്തിനൊടുവിൽ 2023-ലാണ് പ്രദീപ് സര്‍ക്കാര്‍ അന്തരിച്ചത്‌. 67 വയസ്സുകാരനായ അദ്ദേഹം ഏകലവ്യ: ദി റോയൽ ഗാർഡ്, മർദാനി, ഹെലികോപ്റ്റർ ഈല എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.

ശരത്ചന്ദ്ര ചതോപാധ്യായയുടെ 1914-ലെ പ്രശസ്തമായ ബംഗാളി നോവലിനെ ആസ്പദമാക്കിയാണ്‌ പരിണീത ഒരുക്കിയത്. 2005 ജൂണിൽ റിലീസ് ചെയ്ത ചിത്രത്തിൽ സെയ്ഫ് അലി ഖാനും അഭിനയിച്ചിരുന്നു. സഞ്ജയ് ദത്തും റെയ്മ സെന്നും സഹതാരങ്ങളായിരുന്നു.

Content Highlights: Parineeta Re-Release: Vidya Balan Reflects connected Pradeep Sarkar's Directorial Legacy

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article