Published: July 21 , 2025 10:35 AM IST
1 minute Read
ലണ്ടൻ∙ഇന്ത്യൻ താരങ്ങളുടെ എതിർപ്പിനെ തുടർന്ന് ‘പാക്കിസ്ഥാൻ ലെജൻഡ്സ്’ ടീമിനെതിരായ ഇന്ത്യയുടെ മത്സരം റദ്ദാക്കിയ സംഭവത്തിൽ പ്രതികരണവുമായി ഷാഹിദ് അഫ്രീദി. കായിക മേഖല രാജ്യങ്ങളെ തമ്മില്‍ അടുപ്പിക്കുമെന്നും അതിൽ രാഷ്ട്രീയം കടന്നുവന്നാൽ എങ്ങനെ മുന്നോട്ടുപോകുമെന്നും പാക്കിസ്ഥാൻ ലെജൻഡ്സ് ക്യാപ്റ്റൻ അഫ്രീദി ചോദിച്ചു. ‘‘ചർച്ചകൾ നടക്കാതെ ഒന്നിനും പരിഹാരം കാണാൻ സാധിക്കില്ല.’’– ഷാഹിദ് അഫ്രീദി ലണ്ടനിൽ മാധ്യമങ്ങളോടു പ്രതികരിച്ചു.
ഇന്ത്യൻ താരം ശിഖർ ധവാനെ ‘കേടായ മുട്ട’ എന്നാണ് അഫ്രീദി വിളിച്ചത്. ‘‘എല്ലായ്പ്പോഴും ഒരു കേടായ മുട്ട ഉണ്ടാകും. അതാണ് എല്ലാം നശിപ്പിക്കുന്നത്.’’– അഫ്രീദി കുറ്റപ്പെടുത്തി. പാക്കിസ്ഥാനെതിരെ കളിക്കില്ലെന്ന് ആദ്യം പ്രഖ്യാപിച്ചത് ശിഖർ ധവാനായിരുന്നു. രാജ്യമാണു വലുതെന്നും അതിലും പ്രധാനമായി മറ്റൊന്നുമില്ലെന്നും ധവാൻ ഇൻസ്റ്റ കുറിപ്പില്‍ പ്രഖ്യാപിച്ചിരുന്നു.
‘‘മത്സരത്തിന് ഒരു ദിവസം മുൻപു വരെ അവർ പരിശീലിച്ചിരുന്നു. ആ ഒരു താരം കാരണമാണ് ഇന്ത്യ കളിക്കാതിരിക്കുന്നത്. ഇന്ത്യൻ ടീമിന് അതില്‍ നിരാശയുണ്ടാകും. ഇന്ത്യ കളിക്കാൻ വേണ്ടിയാണ് ഇവിടെ വന്നത്. ക്രിക്കറ്റിന്റെ മികച്ച പ്രതിനിധികളാകുക അല്ലാതെ കുഴപ്പക്കാർ ആകരുത് എന്നാണ് എനിക്ക് ഇന്ത്യൻ താരങ്ങളോടു പറയാനുള്ളത്.’’– അഫ്രീദി പ്രതികരിച്ചു.
തുടർച്ചയായി ഇന്ത്യാ വിരുദ്ധ പരാമർശങ്ങൾ നടത്തുന്ന ഷാഹിദ് അഫ്രീദി പാക്ക് ടീമിനെ നയിക്കുന്നതാണ് ഇന്ത്യൻ താരങ്ങളുടെ പിൻമാറ്റത്തിനു പ്രധാന കാരണമെന്ന് അഭ്യൂഹങ്ങളുണ്ട്. ധവാനു പുറമേ ഇന്ത്യ ലെജൻഡ്സ് ടീമിലെ ഇർഫാന്‍ പഠാന്‍, യൂസഫ് പഠാൻ, ഹർഭജൻ സിങ് എന്നീ താരങ്ങളും പാക്കിസ്ഥാനെതിരെ കളിക്കാനില്ലെന്നു നിലപാടെടുത്തിരുന്നു.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @ShikarDhawan/Shahid Afridi എന്നീ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ നിന്ന് എടുത്തതാണ്
English Summary:








English (US) ·