‘ഒരു കോടി രൂപ നൽകിയില്ലെങ്കിൽ കൊലപ്പെടുത്തും’: ഐപിഎലിലെ ദയനീയ പ്രകടനത്തിനിടെ മുഹമ്മദ് ഷമിക്ക് വധഭീഷണി, പരാതി നൽകി

8 months ago 9

ഓൺലൈൻ ഡെസ്‌ക്

Published: May 06 , 2025 10:23 AM IST

1 minute Read

മുഹമ്മദ് ഷമി (ഫയൽ ചിത്രം)
മുഹമ്മദ് ഷമി (ഫയൽ ചിത്രം)

ലക്നൗ∙ ഒരു വർഷത്തോളം നീണ്ട ഇടവേളയ്ക്കു ശേഷം പരുക്കിൽനിന്ന് മോചിതനായി കളത്തിൽ തിരിച്ചെത്തിയെങ്കിലും ഐപിഎലിൽ നിറംമങ്ങിപ്പോയ ഇന്ത്യൻ പേസ് ബോളർ മുഹമ്മദ് ഷമിക്ക് വധഭീഷണി. ഇമെയിലിലൂടെയാണ് ഇന്ത്യൻ താരത്തിന് വധഭീഷണി ലഭിച്ചതെന്നാണ് വിവരം. ഇതേത്തുടർന്ന് ഷമിയുടെ സഹോദരൻ മുഹമ്മദ് ഹസീബ് പൊലീസിൽ പരാതി നൽകി. ഉത്തർപ്രദേശിലെ അംറോഹ ജില്ലയിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

രാജ്പുത്ത് സിന്ദർ എന്ന് പരിചയപ്പെടുത്തിയാണ് മെയിൽ അയച്ചിരിക്കുന്നത്. ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ താരമായ മുഹമ്മദ് ഷമി, ഒരു കോടി രൂപ നൽകിയില്ലെങ്കിൽ കൊലപ്പെടുത്തുമെന്നാണ് ഭീഷണി. ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ നിർദ്ദേശപ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ബെംഗളൂരുവിൽ നിന്നാണ് ഭീഷണി സന്ദേശം എത്തിയിരിക്കുന്നതാണ് പ്രാഥമിക വിവരം.

അതേസമയം, ഐപിഎലിൽ തീർത്തും മോശം ഫോമിലാണ് ഷമി. ഇതുവരെ സൺറൈസേഴ്സിനായി ആറു മത്സരങ്ങളിൽ കളത്തിലിറങ്ങിയ ഷമിക്ക് നേടാനായത് ആറു വിക്കറ്റ് മാത്രം. 56.17 ആണ് ശരാശരി. അതേസമയം, ഇന്ത്യയുടെ ചാംപ്യൻസ് ട്രോഫി കിരീടനേട്ടത്തിൽ ഷമിയുടെ തകർപ്പൻ പ്രകടനം നിർണായക പങ്കുവഹിച്ചിരുന്നു. അഞ്ച് മത്സരങ്ങളിൽനിന്ന് ഒൻപതു വിക്കറ്റാണ് ഷമി നേടിയത്. ഇതിൽ ബംഗ്ലദേശിനെതിരെ ദുബായിൽ നേടിയ അഞ്ച് വിക്കറ്റും ഉൾപ്പെടുന്നു.

ഏതാനും ആഴ്ചകൾക്കു മുൻപ് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീറിനും ഇ മെയിലിലൂടെ വധഭീഷണി ലഭിച്ചിരുന്നു. തുടർന്ന് ഡൽഹി പൊലീസിനെ സമീപിച്ച ഗംഭീർ സുരക്ഷ ആവശ്യപ്പെട്ടിരുന്നു. പഹൽഗാമിലെ ഭീകരാക്രമണത്തിനു തൊട്ടുപിന്നാലെയാണ് അന്ന് ഗംഭീറിനെതിരെ വധഭീഷണി ഉയർന്നത്.

English Summary:

Mohammad Shami Gets Death Threat Over Mail, Amroha Police Launches Investigation

Read Entire Article