'ഒരു ചര്‍ച്ചയുമില്ല'; ഏഷ്യാകപ്പില്‍ നിന്ന് ഇന്ത്യ പിന്മാറുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി BCCI

8 months ago 9

19 May 2025, 04:57 PM IST

india-boycotts-asia-cup-pakistan

Photo: PTI

ന്യൂഡല്‍ഹി: ഈ വര്‍ഷം നടക്കുന്ന ഏഷ്യാ കപ്പില്‍ നിന്ന് ഇന്ത്യ പിന്മാറുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ബിസിസിഐ. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റുകളുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്നും ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ ക്രിക്ക്ബസിനോട് പറഞ്ഞു.

'ഏഷ്യാ കപ്പിലും വനിതാ എമര്‍ജിങ് ടീമുകളുടെ ഏഷ്യാ കപ്പിലും ഇന്ത്യ പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനം ബിസിസിഐ കൈക്കൊണ്ടെന്ന വാര്‍ത്തകള്‍ ഇന്ന് രാവിലെയാണ് ശ്രദ്ധയില്‍പ്പെട്ടത്. ഇത് വാസ്തവവിരുദ്ധമാണ്. വരാനിരിക്കുന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ടൂര്‍ണമെന്റുകളുടെ കാര്യം ഇതുവരെ ബിസിസിഐ ചര്‍ച്ച ചെയ്തിട്ടില്ല.'- ദേവജിത് സൈക്കിയ പറഞ്ഞു.

ഐപിഎല്ലിലും അടുത്തമാസം നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിലുമാണ് ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും സൈക്കിയ കൂട്ടിച്ചേര്‍ത്തു. 'ഏഷ്യാ കപ്പോ ഏതെങ്കിലും എസിസി ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട വിഷയങ്ങളോ ഒതു തലത്തിലും ചര്‍ച്ചചെയ്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന എല്ലാ വാര്‍ത്തകളും ഊഹാപോഹം മാത്രമാണ്. ടൂര്‍ണമെന്റുകളുമായി ബന്ധപ്പെട്ട് ചര്‍ച്ച നടക്കുമ്പോഴും തീരുമാനമെടുക്കുമ്പോഴും അപ്പപ്പോള്‍ ബിസിസിഐ അറിയിക്കും.'- ദേവജിത് സൈക്കിയ കൂട്ടിച്ചേര്‍ത്തു

ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനെ നയിക്കുന്നത് പാകിസ്താന്‍ മന്ത്രിയും പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ ചെയര്‍മാനും കൂടിയായ മൊഹ്സിന്‍ നഖ്വിയാണ്. ഇക്കാരണം മുന്‍നിര്‍ത്തിയാണ് ബിസിസിഐ ടൂർണമെന്റുകളിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചതെന്നായിരുന്നു നേരത്തേ പുറത്തുവന്ന റിപ്പോർട്ട്. അടുത്ത മാസം ശ്രീലങ്കയില്‍ നടക്കുന്ന വനിതാ എമേര്‍ജിങ് ടീമുകളുടെ ഏഷ്യാ കപ്പില്‍ നിന്നും സെപ്റ്റംബറില്‍ നടക്കുന്ന പുരുഷ ഏഷ്യാ കപ്പില്‍നിന്നും പിന്മാറുന്നതായി ബിസിസിഐ എസിസിയെ അറിയിച്ചതായും റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.

Content Highlights: BCCI Rejects Reports Claiming India Have Withdrawn From Asia Cup

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article