റിയ ബേബി \ മാതൃഭൂമി ന്യൂസ്
11 May 2025, 12:47 PM IST

കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഓഫീസ് കെട്ടിടം | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ | മാതൃഭൂമി
കൊച്ചി: കളക്ഷൻ കണക്ക് പുറത്തുവിടുന്നതിൽ നിർമാതാക്കൾക്ക് വിശദീകരണ കത്തുനൽകി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ഭൂരിഭാഗം ചിത്രങ്ങൾക്കും തിയേറ്റർ വരുമാനം മാത്രമാണുള്ളതെന്നും ഒടിടിയിൽനിന്ന് ഗുണകരമായ നേട്ടമുണ്ടാവുന്ന സാഹചര്യം ഇപ്പോഴില്ലെന്നും കത്തിൽ വിശദീകരിക്കുന്നു. സിനിമ നിർമിക്കാനെത്തുന്നവർ ഈ കണക്കറിഞ്ഞിരിക്കേണ്ടത് സംഘടനയുടെ ഉത്തരവാദിത്തമാണെന്നും കത്തിലുണ്ട്.
കഴിഞ്ഞ മൂന്നുമാസത്തോളമായി മലയാള സിനിമകൾ തിയേറ്ററുകളിൽനിന്ന് നേടുന്ന വരുമാനത്തിന്റെ കണക്കുകൾ നിർമാതാക്കൾ പുറത്തുവിടുന്നുണ്ട്. ഈ നടപടിക്കെതിരെ അഭിനേതാക്കളുടെ ഭാഗത്തുനിന്നടക്കം വലിയ വിമർശനമുയർന്ന സാഹചര്യത്തിലാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻതന്നെ അംഗങ്ങളായ നിർമാതാക്കൾക്ക് വിശദീകരണക്കത്ത് നൽകിയത്. കണക്കുകൾ പുറത്തുവിടുന്നതിന്റെ ഉദ്ദേശം വ്യക്തമാക്കുന്ന കത്തിൽ സംഘടനയുടെ തീരുമാനത്തിനൊപ്പം അംഗങ്ങൾ നിൽക്കണമെന്നും അഭ്യർത്ഥിക്കുന്നുണ്ട്.
കഴിഞ്ഞ കുറച്ചധികം നാളായി മലയാള സിനിമാ മേഖല വലിയ നഷ്ടത്തിലൂടെയാണ് കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. പല നിർമാതാക്കൾക്കും മുടക്കുമുതൽ തിരിച്ചുകിട്ടുന്നില്ല. കേരളത്തിലെ തിയേറ്ററുകളിൽനിന്ന് ലഭിക്കുന്ന വരുമാനം ഒരു താരം പ്രതിഫലമായി വാങ്ങുന്ന തുകയുടെ അത്രപോലും കിട്ടുന്നില്ല. അതുകൊണ്ട് ഈ പ്രതിസന്ധിഘട്ടത്തിൽ നമ്മൾ ഒറ്റക്കെട്ടായി നിന്നേ മതിയാവൂ. ഈ സാഹചര്യത്തെ അങ്ങനെമാത്രമേ മറികടക്കാനാവൂ.
എല്ലാക്കാലത്തും വഞ്ചനയ്ക്കും ചൂഷണത്തിനും ഇരയാക്കപ്പെട്ട് കഴിയേണ്ട വിഭാഗമല്ല നിർമാതാക്കൾ. തങ്ങൾ മുടക്കുന്ന തുക തിരിച്ചുപിടിക്കുക എന്ന അവകാശമുണ്ട്. മുടക്കുമുതൽ തിരിച്ചുകിട്ടുന്ന സാഹചര്യം മലയാള സിനിമാ മേഖലയിൽ വേണം. കോവിഡ് കാലത്ത് ഒടിടിയിൽനിന്ന് നല്ല വരുമാനം ലഭിച്ചിരുന്നു. ആ സാഹചര്യം ഇപ്പോഴില്ല. താരസംഘടനയായ അമ്മയുമായി ഇക്കാര്യങ്ങൾ ചർച്ച ചെയ്യാനുള്ള അവസരം ഇതുവരെ കിട്ടിയിട്ടില്ല. അതുകൊണ്ടുതന്നെ കണക്കുകൾ പുറത്തുവിടുന്നത് തുടരുമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിശദീകരണക്കത്തിൽ വ്യക്തമാക്കി.
Content Highlights: Malayalam movie producers clarify the merchandise of postulation information amidst criticism





English (US) ·