
സർഫറാസ് ഖാൻ |Photo:https://x.com/mufaddal_vohra/status/1924110796206059525
രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും വിരമിക്കലിന് പിന്നാലെ പുതിയ ഇന്ത്യന്‍ ടെസ്റ്റ് ടീമിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ക്യാപ്റ്റനായും ഓപ്പണറായുമൊക്കെ ബിസിസിഐക്ക് താരങ്ങളെ കണ്ടെത്തേണ്ടതുണ്ട്. ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യ എ ടീമിന് രണ്ട് മത്സരങ്ങളുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും ഫോമില്‍ കളിക്കുന്ന താരങ്ങള്‍ക്ക് ഇന്ത്യ എ ടീമിലും പ്രകടനങ്ങള്‍ ആവര്‍ത്തിക്കാനായാല്‍ ഇംഗ്ലണ്ടിനെതിരേ ആദ്യ ഇലവനില്‍ ഇടംപിടിക്കാം. മുംബൈ താരം സർഫറാസ് ഖാനും ഇംഗ്ലണ്ട് പര്യടനത്തിനായി കടുത്ത തയ്യാറെടുപ്പിലാണ്. ശരീരഭാരം കുറച്ചും ബാറ്റിങ് പരിശീലനം നടത്തിയും സർഫറാസ് കടുത്ത തയ്യാറെടുപ്പിലാണെന്നാണ് താരത്തിന്റെ പിതാവും പരിശീലകനുമായ നൗഷാദ് ഖാൻ പറയുന്നത്. ജൂണ്‍ 20 മുതലാണ് ഇംഗ്ലണ്ട് പര്യടനം ആരംഭിക്കുന്നത്.
'ഞങ്ങള്‍ പുലര്‍ച്ചെ അഞ്ചരയ്ക്ക് വീട്ടില്‍ നിന്നിറങ്ങും. 15 കിലോമീറ്റര്‍ അപ്പുറമുള്ള മൈതാനത്തിലാണ് പരിശീലനം ചെയ്യുന്നത്. 6.30-ഓടെ അവിടെ എത്തും. കുറച്ച് സമയം വാംഅപ്പ് ചെയ്യും. ഫീല്‍ഡിങ്ങിന് ശേഷം ബാറ്റിങ്ങും പരിശീലിക്കും. രാവിലെ മുഴുവന്‍ റെഡ്‌ബോള്‍ ഉപയോഗിച്ചാണ് ബാറ്റിങ് പരിശീലിക്കുന്നത്. 10.30 ന് വീട്ടില്‍ മടങ്ങിയെത്തിയ ശേഷം പ്രഭാതഭക്ഷണം കഴിച്ച് വിശ്രമിക്കും. വീട്ടില്‍ ഒരു ടര്‍ഫ് ക്രമീകരിച്ചിട്ടുണ്ട്. വിശ്രമിച്ചുകഴിഞ്ഞതിന് ശേഷം ടര്‍ഫില്‍ വീണ്ടും ബാറ്റിങ് പരിശീലനം നടത്തും. 300 മുതല്‍ 500 വരെ സ്വിങ് ബോളുകളാണ് നേരിടുന്നത്. പിന്നീട് സമയം കിട്ടിയാല്‍ ജിമ്മില്‍ പോകും.'- നൗഷാദ് ഖാന്‍ പറഞ്ഞു.
ഒരു മാസത്തിനുള്ളില്‍ 10 കിലോഗ്രാം ഭാരം കുറച്ചുവെന്നാണ് സര്‍ഫറാസിന്റെ കുടുംബത്തെ ഉദ്ധരിച്ചുകൊണ്ട് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി, സര്‍ഫറാസിന്റെ കുടുംബം മുഴുവന്‍ ഭാരം കുറയ്ക്കുന്ന തിരക്കിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയ ഒഴിവാക്കാന്‍ അടിയന്തരമായി ഭാരം കുറയ്ക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ട സര്‍ഫറാസിന്റെ അച്ഛനും പരിശീലകനുമായ നൗഷാദ് ഖാന്‍ ഒരു മാസത്തിനുള്ളില്‍ 12 കിലോഗ്രാം കുറച്ചു.
'ഞങ്ങളുടെ കുടുംബം മുഴുവന്‍ ഭാരം കുറയ്ക്കല്‍ ദൗത്യത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതത്ര എളുപ്പമുള്ള കാര്യമല്ല. സര്‍ഫറാസ് ഇതിനോടകം പത്ത് കിലോഗ്രാം കുറച്ചു. ഇനിയും കുറയ്ക്കാനുള്ള ശ്രമത്തിലാണ്. സര്‍ഫറാസും ഞാനും ജിമ്മില്‍ ആഴ്ചയില്‍ ആറ് ദിവസം കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും കഠിനാധ്വാനം ചെയ്യുന്നു. കൂടാതെ ഞാന്‍ നടക്കാന്‍ പോകും. അവന്‍ ഒരു മണിക്കൂറോളം ക്ലബ്ബില്‍ ജോഗിങ് ചെയ്യും. തുടര്‍ന്ന് 30 മിനിറ്റ് നീന്തല്‍ സെഷനും ഉണ്ടാകും. എന്റെ ഇളയ മകന്‍ മോയിന്‍ ഖാന്‍ പോലും വളരെയധികം ഭാരം കുറച്ചിട്ടുണ്ട്' നൗഷാദ് ഖാന്‍ പറഞ്ഞു.
'സര്‍ഫറാസും ഞാനും വീട്ടില്‍ ആട്ട ഉപയോഗിച്ചുള്ള ഭക്ഷണങ്ങളും ചോറും കഴിക്കുന്നത് പൂര്‍ണ്ണമായും നിര്‍ത്തി. ഞങ്ങളുടെ ഭക്ഷണക്രമം ഇപ്പോള്‍ കര്‍ശനമാണ്, പക്ഷേ രസകരമാണ്. ചിക്കന്‍, മുട്ട എന്നിവയ്ക്കൊപ്പം വെജിറ്റബിള്‍ വിഭവങ്ങള്‍ കഴിക്കുന്നു, ഗ്രീന്‍ ടീയും കട്ടന്‍ കാപ്പിയും കുടിക്കുന്നു. ഭക്ഷണത്തില്‍ വളരെ കുറച്ച് എണ്ണ മാത്രമേ ഉപയോഗിക്കുന്നുള്ളൂ' നൗഷാദ് പറഞ്ഞു.
Content Highlights: sarfaraz khan signifier india vs england kohli rohit retirement








English (US) ·