മുജീബുര്‍റഹ്മാന്‍ കരിയാടന്‍
വിഷുവിന് രസിച്ചു കാണാനൊരു സിനിമയാണ് ലക്ഷ്യമിടുന്നതെങ്കില്‍ ഒരു ദുരൂഹ സാഹചര്യത്തിലിന് ധൈര്യമായി ടിക്കറ്റെടുക്കാം. പേരിലുള്ള ദുരൂഹതയൊന്നും സിനിമയ്ക്കില്ല.
കഥാപാത്രങ്ങള്‍ ആസ്വദിച്ചു പറയുന്നതും കാഴ്ചക്കാര്‍ക്ക് അതുപോലെ ആസ്വദിച്ച് അനുഭവിക്കാനാവുന്ന സംഭാഷണങ്ങള്‍ക്കുമാണ് ഈ സിനിമയില്‍ ആദ്യത്തെ മാര്‍ക്ക്. വയനാടിന്റെ പശ്ചാതലത്തിലാണ് കഥ പറയുന്നതെങ്കിലും വയനാടിന്റെ വന്യസൗന്ദര്യത്തിലേക്കൊന്നും സിനിമ ചുറ്റിനടക്കുന്നില്ല. മാനന്തവാടിക്കപ്പുറം തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ഒരു വീട്ടിലും ആശുപത്രിയിലുമായി കഥയുടെ ഭൂരിഭാഗവും അരങ്ങേറുമ്പോഴും പ്രേക്ഷകന് ഒരു തരിമ്പു പോലും ബോറടിക്കുന്നില്ല. ഒരു കഥാപാത്രം മുഴുവന്‍ സമയവും കിടപ്പിലാണെന്നും കൂടി അറിയണം.
വയനാട്ടിലെ മാവോയിസ്റ്റ് ഭീഷണിയുമായി ചേര്‍ന്നാണ് കഥ പുരോഗമിക്കുന്നത്. ഭരണകൂടങ്ങള്‍ മാവോയിസ്റ്റുകളുടെ പേരില്‍ പലതും പ്രചരിപ്പിക്കുകയും ആളുകളെ പേടിപ്പിക്കുകയും ചെയ്യുമ്പോള്‍ മാവോയിസ്റ്റ് വിലാസത്തില്‍ നടക്കുന്ന മറ്റു ചില സംഗതികള്‍ കൂടിയുണ്ടെന്ന് സിനിമ പറഞ്ഞു തരുന്നു. അത് കൗതുകത്തോടെ കണ്ടിരിക്കാനാവും.
തിരുനെല്ലി ഗ്രാമപഞ്ചായത്ത് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ 'ഓഫിസ് അസിസ്റ്റന്റായ' സേതുവിന്റേയും കിടപ്പിലായ ജ്യേഷ്ഠന്‍ മധുവിന്റേയും ജീവിതവും പരസ്പര ബന്ധവും അവിടേക്ക് കടന്നുവരുന്ന അപരിചിതനായ വ്യക്തിയുടേയും രസകരമായ സഞ്ചാരവുമാണ് ആദ്യ പകുതിയെങ്കിലും ആക്ഷനും ത്രില്ലറും സസ്‌പെന്‍സുമെല്ലാം നിറഞ്ഞതാണ് രണ്ടാം പകുതി.
രസകരമായ സംഭാഷണങ്ങളോടൊപ്പം അഭിനേതാക്കളുടെ മികവുറ്റ പ്രകടനവും ദുരൂഹ സാഹചര്യത്തിലിന്റെ ദുരൂഹത ഇല്ലാതാക്കുന്നുണ്ട്. അയല്‍വാസി അതിര്‍ത്തി മാറ്റിമാറ്റി തങ്ങളുടെ പുരിയിടം പിടിച്ചെടുക്കുമ്പോഴും സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ പിന്നേയും പിന്നേയും ദ്രോഹിക്കുമ്പോഴും ഒന്നും ചെയ്യാനാവാത്ത നിഷ്‌കു സേതുവായി കുഞ്ചാക്കോ ബോബനും കിടപ്പിലായ രോഗി മധുവിന്റെ വേഷത്തില്‍ ദിലീഷ് പോത്തനും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.
രോമാഞ്ചത്തിലും ആവേശത്തിലും പൊന്മാനിലും പൈങ്കിളിയിലും ഉള്‍പ്പെടെ അഭിനയ മികവിലൂടെ കാണികളുടെ പ്രശംസ നേടിയ സജിന്‍ ഗോപു ദുരൂഹ സാഹചര്യത്തിലും കണ്ണഞ്ചിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഓര്‍ഗാനിക്ക് കെമിസ്ട്രിയില്‍ പി എച്ച് ഡിക്കാരനാണെങ്കിലും മാവോയിസ്റ്റായി മാറുന്ന രാജേന്ദ്ര പ്രസാദാണ് ഈ സിനിമയിലെ സാഹചര്യം മുഴുവനുമുണ്ടാക്കുന്നത്. ഇവരോടൊപ്പം മഞ്ഞുമ്മല്‍ ബോയ്‌സിന്റെ സംവിധായകന്‍ ചിദംബരം അര്‍മിയാസെന്ന അതിപ്രധാന വേഷത്തിലെത്തുന്നു. സംവിധായകനില്‍ നിന്നും അഭിനേതാവിലേക്കുള്ള മാറ്റം ചിദംബരം ഈ സിനിമയില്‍ പ്രഖ്യാപിക്കുന്നുണ്ട്.
തിരുനെല്ലിയിലെ 'സാമൂഹ്യ പ്രവര്‍ത്തകന്‍' ജാഫര്‍ പാറക്കണ്ടിയായി ജാഫര്‍ ഇടുക്കിയും രാജേഷ് മാധവനായി രാജേഷ് മാധവനും മെഡിക്കല്‍ ഓഫിസര്‍ ഡോ. ശശീന്ദ്രനായി സുധീഷും വേഷമിടുന്നു. മിനി എന്ന കഥാപാത്രത്തിലൂടെ ശരണ്യ ആര്‍ നായരും തന്റെ വേഷം മികവുറ്റതാക്കിയിട്ടുണ്ട്.
വയനാട്ടിലെ വൈത്തിരിയില്‍ റിസോര്‍ട്ടിനു നേരെ നടന്ന മാവോയിസ്റ്റ് ആക്രമണത്തെ കേന്ദ്രമാക്കിയാണ് ഒരു ദുരൂഹ സാഹചര്യത്തിലിന്റെ കഥ വികസിക്കുന്നത്. എന്നാല്‍ ഈ ആക്രമണമോ മാവോയിസ്റ്റുകളുമായോ ഈ സിനിമയ്ക്ക് യാതൊരു ബന്ധവുമില്ല താനും. തിരുനെല്ലിയിലെയും മാനന്തവാടിയിലേയും സാധാരണ മനുഷ്യരുടെ ജീവിതത്തിലേക്ക് മാവോയിസ്റ്റുകളുടേയും തണ്ടര്‍ബോള്‍ട്ടിന്റേയും സാന്നിധ്യമുണ്ടാക്കുന്ന സ്വാധീനങ്ങളും സിനിമ പറഞ്ഞുവെക്കുന്നുണ്ട്.
സിനിമയുടെ പോസ്റ്ററോ ട്രെയിലറോ കണ്ടാല്‍ ഈ ചിത്രത്തെ കുറിച്ച് ഒരു ധാരണയും ലഭിക്കില്ലെന്നതാണ് സത്യം. പ്രേക്ഷകന്റെ ധാരണകളെല്ലാം തിരുത്തുന്ന രീതിയിലാണ് സിനിമ ഒരുക്കിവെച്ചിരിക്കുന്നത്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലും ന്നാ താന്‍ കേസ് കൊടിലും തന്റെ സംവിധാന മികവ് കാണിച്ച രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ ഏഴ് വര്‍ഷത്തെ സംവിധാന ജീവിതത്തിലെ അഞ്ചാമത്തെ ചിത്രമാണ് ഒരു ദുരൂഹ സാഹചര്യത്തില്‍. മുന്‍ ചിത്രങ്ങളില്‍ നല്‍കിയ പ്രതീക്ഷ സംവിധായകന്‍ ഒരു ദുരൂഹ സാഹചര്യത്തിലും നഷ്ടപ്പെടുത്തുന്നില്ല.
കഥ നടക്കുന്നത് തിരുനെല്ലിയിലാണെങ്കിലും സിനിമയുടെ തുടക്കത്തില്‍ ഏതാനും കഥാപാത്രങ്ങള്‍ പയ്യന്നൂര്‍, കാഞ്ഞങ്ങാട് പ്രാദേശിക മലയാളത്തില്‍ സംസാരിക്കുന്ന രീതി അവലംബിച്ചത് എന്തിനാണെന്ന് മനസ്സിലായില്ല. സ്ഥലം മാറി വന്ന ഡോക്ടറും ജീവനക്കാരുമാണെന്നൊക്കെ പ്രേക്ഷകര്‍ വിചാരിക്കുമായിരിക്കും.
ഏതുകാര്യത്തിലും നിസ്സഹായനായി പോകുന്ന ഒരു മനുഷ്യനെ വരച്ചു കാണിച്ചപ്പോഴും 'തോക്കിനെ എതിര്‍ക്കാന്‍ തോക്കെടുക്കണമെന്ന' 'ചെഗുവേര'യുടെ സൂക്തം അയാളിലെ അയാളെ കണ്ടെത്താന്‍ സഹായിക്കുന്നുണ്ട്. ഒന്നും ചെയ്യാതിരിക്കുന്നതിലല്ല, എന്തെങ്കിലും ചെയ്തു കഴിഞ്ഞാല്‍ ലഭിക്കുന്ന ഫലത്തിലൂടെ 'ഇതൊക്കെ ഇത്രയേ ഉള്ളു' എന്നു മനസ്സിലാക്കുന്നിടത്തേക്ക് നായകനെ മാത്രമല്ല പ്രേക്ഷകരേയും സിനിമ കൊണ്ടുചെന്നെത്തിക്കുന്നുണ്ട്.
![]()
വയനാടന്‍ പ്രകൃതി ഭംഗി കൂടുതലൊന്നും പകര്‍ത്താനില്ലെങ്കിലും സിനിമയുടെ 'ദുരൂഹതയ്ക്ക്' അനുയോജ്യമായ കാഴ്ചകളാണ് അര്‍ജുന്‍ സേതുവിന്റെ ക്യാമറ ഒപ്പിയെടുത്തിരിക്കുന്നത്. വലിയ ഗിമ്മിക്കുകളൊന്നും ആവശ്യമില്ലെങ്കിലും കാഴ്ചക്കാരനിലേക്ക് സിനിമയുടെ എല്ലാ ഭാഗങ്ങളും മികവോടെ ചേര്‍ത്തുവെക്കാന്‍ മനോജ് കണ്ണോത്തിന്റെ എഡിറ്റിംഗും സഹായിച്ചിട്ടുണ്ട്. ഡോണ്‍ വിന്‍സെന്റിന്റെ സംഗീതത്തിലും പേരിലെ ദുരൂഹതയൊന്നും ചേര്‍ത്തുവെച്ചിട്ടില്ല.
മാവോയിസ്റ്റുകളേയും വയനാടിനേയും തണ്ടര്‍ബോള്‍ട്ടിനേയുമൊന്നും അറിയില്ലെങ്കിലും ഈ സിനിമ കണ്ടാസ്വദിക്കാനാവും. മാവോയിസ്റ്റുകളെ കുറിച്ചു പറയുന്നതിനാലും മാവോയിസ്റ്റ് ഭാഷ്യത്തിലെ ചില വെച്ചുകെട്ടലുകളെ പൊളിച്ചടുക്കാനും വേണ്ടിയായിരിക്കണം സിനിമയുടെ പശ്ചാതലം നക്‌സല്‍ വര്‍ഗ്ഗീസിന്റെ തിരുനെല്ലി തന്നെ തെരഞ്ഞെടുത്തത്. സകല പാപങ്ങളും കഴുകി ആത്മാക്കള്‍ക്ക് മോക്ഷം നല്‍കുന്ന പാപനാശിനിയും തിരുനെല്ലിയിലാണല്ലോ.
മലയാളത്തിലെ ആദ്യ നക്‌സല്‍/ മാവോയിസ്റ്റ് കഥ പറയുന്ന സിനിമയൊന്നുമല്ല ഒരു ദുരൂഹ സാഹചര്യത്തില്‍. ഒരുപക്ഷേ, അണിയറ പ്രവര്‍ത്തകര്‍ ഇതിനെ മാവോയിസ്റ്റ് കേന്ദ്രീകൃത ചിത്രമെന്ന് വിളിക്കാനുംതാത്പര്യപ്പെടണമെന്നില്ല. ആരണ്യകം, പട തുടങ്ങി നിരവധി ചിത്രങ്ങള്‍ നേരിട്ട് നക്‌സല്‍/ മാവോ ബന്ധങ്ങള്‍ അവതരിപ്പിച്ച് നേരത്തെ തന്നെ വന്നിട്ടുണ്ട്.
മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ഉദയ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് ഒരു ദുരൂഹ സാഹചര്യത്തില്‍ നിര്‍മിച്ചിരിക്കുന്നത്.





English (US) ·