Published: November 04, 2026 05:02 PM IST Updated: November 04, 2026 10:00 PM IST
2 minute Read
ഓക്‌ലൻഡ് ∙ അടുപ്പക്കാർക്കിടയിലും സഹതാരങ്ങൾക്കിടയിലും ‘എകെ47’ എന്നാണ് അവൻ അറിയപ്പെടുന്നത്. പേരിലെ ആദ്യാക്ഷകരങ്ങളും ജഴ്സി നമ്പറും ചേർത്ത് ലഭിച്ച വിളിപ്പേര്. ആ പേര് അന്വർഥമാക്കുന്ന രീതിയിൽ ‘എകെ47’ വെടിയുണ്ടകൾ പായിച്ചപ്പോൾ കിവികൾക്കെതിരെ ഓക്‌ലൻഡിൽ ഇന്ത്യ സ്വന്തമാക്കിയത് വമ്പൻ ജയം. ന്യൂസീലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ അഞ്ച് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. പേസർ അൻഷുൽ കംബോജിന്റെ കിടിലൻ സ്പെല്ലും ഇന്ത്യൻ വിജയത്തിൽ നിർണായകമായി. പത്ത് ഓവറിൽ കേവലം 22 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റ് വീഴ്ത്തിയ അൻഷുൽ കംബോജ് (എകെ47) ആണ് പ്ലെയർ ഓഫ് ദ് മാച്ച്.
What you should work next
കഴിഞ്ഞ മാസം ന്യൂ ചണ്ഡീഗഡിൽ വെസ്റ്റിൻഡീസിനെതിരായ അരങ്ങേറ്റ മത്സരത്തിൽ നിരാശാജനകമായ പ്രകടനം നടത്തിയ അൻഷുൽ, രണ്ടാം മത്സരത്തിൽ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. അരങ്ങേറ്റ മത്സരത്തിൽ 10 ഓവർ പന്തെറിഞ്ഞ കാംബോജ് വിക്കറ്റൊന്നും നേടാതെ 82 റൺസാണ് വഴങ്ങിയത്. അന്ന് 352 റൺസ് വിജയലക്ഷ്യം വെസ്റ്റിൻഡീസ് അഞ്ച് വിക്കറ്റ് ശേഷിക്കെ മറികടന്നിരുന്നു. ഇന്ന് 2.20 എന്ന മാസ്മരിക ഇക്കോണമിയിലായിരുന്നു 25 വയസ്സുകാരനായ കംബോജിന്റെ കിടിലൻ ബോളിങ്.
ആദ്യ മത്സരത്തിലെ മോശം പ്രകടനത്തിന്റെ യാതൊരു സമ്മർദവും ന്യൂസീലൻഡിനെതിരെ കാംബോജിൽ പ്രകടമായിരുന്നില്ല. കൃത്യമായ ലൈൻ ആൻഡ് ലെങ്ത്, മികച്ച ബൗൺസ്, പന്തിന്റെ ഗതിയിൽ വരുത്തിയ നേരിയ വ്യതിയാനങ്ങൾ എന്നിവയിലൂടെ ന്യൂസീലൻഡ് ബാറ്റർമാരെ താരം തുടർച്ചയായി പരീക്ഷിച്ചു. ഫസ്റ്റ് ചേഞ്ചായി പന്തെറിയാനെത്തിയ കംബോജ്, മധ്യ ഓവറുകളിൽ റൺനിരക്ക് പിടിച്ചുകെട്ടുകയും ന്യൂസീലൻഡ് നായകൻ മിച്ചൽ സാന്റ്നറെയും നാഥൻ സ്മിത്തിനെയും പുറത്താക്കുകയും ചെയ്തു.
ഈ പ്രകടനത്തോടെ റെക്കോർഡ് ബുക്കിലും കാംബോജ് ഇടംപിടിച്ചു. ഏകദിന ക്രിക്കറ്റിലെ ഒരു മത്സരത്തിൽ ഇന്ത്യൻ പേസറുടെ ഏറ്റവും മികച്ച രണ്ടാമത്തെ ഇക്കോണമിയാണ് കംബോജ് നേടിയത്. ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ താരമാണ് കംബോജ്. 2016ൽ ഹരാരെയിൽ സിംബാബ്‌വെയ്‌ക്കെതിരെ ജസ്പ്രീത് ബുമ്രയ്ക്കു ശേഷം ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യൻ പേസറാണ് കാംബോജ്.
2005 ഓഗസ്റ്റിൽ ദാംബുള്ളയിൽ ശ്രീലങ്കയ്‌ക്കെതിരെ 2/22 എന്ന പ്രകടനവുമായി ആശിഷ് നെഹ്‌റയാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്. 2006 സെപ്റ്റംബറിൽ ക്വാലാലംപൂരിൽ വെസ്റ്റിൻഡീസിനെതിരെ അജിത് അഗാർക്കറും ഇതേ പ്രകടനം ആവർത്തിച്ചു. 2016 ജൂണിൽ സിംബാബ്‌വെയ്‌ക്കെതിരെ 4/22 എന്ന പ്രകടനവുമായാണ് ബുമ്ര ഈ പട്ടികയിൽ ഇടംപിടിച്ചത്. 2003ൽ ന്യൂസീലൻഡിനെതിരെ ജവഗൽ ശ്രീനാഥ് 10 ഓവറിൽ 13 റൺസ് മാത്രം വിട്ടുകൊടുത്ത് 3 വിക്കറ്റ് വീഴ്ത്തിയതാണ് ഇന്ത്യൻ പേസറുടെ ഏറ്റവും മികച്ച ഇക്കോണമി.
ന്യൂസീൻഡിനെതിരെ പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരം സ്വന്തമാക്കിയതോടെ മറ്റൊരു നേട്ടവും കംബോജിന്റെ പേരിലായി. ഏകദിന ക്രിക്കറ്റിൽ ഒരു പന്ത് പോലും നേരിടാതെ, രണ്ടോ അതിൽ താഴെയോ വിക്കറ്റുകൾ വീഴ്ത്തി പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരം നേടുന്ന ആറാമത്തെ ഇന്ത്യൻ താരമാണ് അൻഷുൽ കംബോജ്.
- 2/22 – അൻഷുൽ കാംബോജ് vs ന്യൂസീലൻഡ്, ഓക്‌ലൻഡ് (2026)
- 2/19 – ജസ്പ്രീത് ബുമ്ര vs പാക്കിസ്ഥാൻ, അഹമ്മദാബാദ് (2023)
- 2/28 – ജസ്പ്രീത് ബുമ്ര vs ദക്ഷിണാഫ്രിക്ക, ദി ഓവൽ (2017)
- 2/26 – മോഹിത് ശർമ vs സിംബാബ്‌വെ, ബുലവായോ (2013)
- 2/19 – ഭുവനേശ്വർ കുമാർ vs പാക്കിസ്ഥാൻ, എഡ്ജ്ബാസ്റ്റൺ (2013)
- 2/22 – അനിൽ കുംബ്ലെ vs കെനിയ, നയ്‌റോബി (2000)
- 2/22 – ജവഗൽ ശ്രീനാഥ് vs ന്യൂസീലൻഡ്, മുംബൈ (ബ്രാബോൺ സ്റ്റേഡിയം) (1995)
- 2/29 – അനിൽ കുംബ്ലെ vs ഇംഗ്ലണ്ട്, ലീഡ്‌സ് (1990)
English Summary:






English (US) ·