Published: August 26, 2025 05:37 PM IST
1 minute Read
തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗിൽ സഞ്ജു സാംസണിന്റെ ബാറ്റിനു വിശ്രമമില്ല. കൊല്ലം സെയ്‍ലേഴ്സിനെതിരെ കഴിഞ്ഞ ദിവസം സെഞ്ചറി നേടി സഞ്ജു, ചൊവ്വാഴ്ചയും പുറത്തെടുത്തത് സ്ഫോടനാത്മകമായ ബാറ്റിങ്. 46 പന്തുകൾ നേരിട്ട സഞ്ജു സാംസൺ ഓപ്പണറായി 89 റൺസാണ് തൃശൂര്‍ ടൈറ്റൻസിനെതിരെ അടിച്ചുകൂട്ടിയത്. 26 പന്തുകളിൽ അർധ സെഞ്ചറിയിലെത്തിയ സഞ്ജുവിന്, രണ്ടാം സെഞ്ചറി നേടാൻ സാധിച്ചില്ല.
അജിനാസ് എറിഞ്ഞ 18–ാം ഓവറിൽ ആനന്ത് കൃഷ്ണൻ ക്യാച്ചെടുത്താണു സഞ്ജുവിനെ പുറത്താക്കിയത്. പിന്നാലെ പി.എസ്. ജെറിൻ, ആഷിഖ് എന്നിവരെയും പുറത്താക്കിയ അജിനാസ് കെസിഎലിലെ ആദ്യ ഹാട്രിക്ക് വിക്കറ്റ് സ്വന്തമാക്കി. സഞ്ജു സാംസൺ തുടർച്ചയായി ബൗണ്ടറികൾ അടിച്ചുകൂട്ടുന്നതിനിടെയാണ് ഒരു പന്തിൽ 13 റൺസ് തൃശൂരിനു വഴങ്ങേണ്ടിവന്നത്.
തൃശൂർ ക്യാപ്റ്റൻ സിജോമോൻ ജോസഫിന്റെ അഞ്ചാം ഓവറിലായിരുന്നു സംഭവം. സിജോമോന്റെ നാലാം പന്ത് സഞ്ജു ഡീപ് എക്സ്ട്രാ കവറിലേക്ക് സിക്സർ തൂക്കിയിരുന്നു. എന്നാൽ തൊട്ടുപിന്നാലെ അംപയർ നോബോൾ വിളിച്ചു. ഇതോടെ സഞ്ജുവിന് ഒരു ഫ്രീഹിറ്റ് കൂടി ലഭിച്ചു. അടുത്ത പന്ത് ഡീപ് മിഡ്‍വിക്കറ്റിലേക്ക് സിക്സർ പറത്തിയാണ് സഞ്ജു 13 റൺസ് സ്കോർ ചെയ്തത്. രണ്ടു സിക്സും നോബോളായി ലഭിച്ച ഒരു റണ്ണും കൂടി ചേര്‍ത്തപ്പോഴാണ് ഒരു പന്തിൽ 13 റൺസ് എന്ന കണക്കു കൃത്യമാകുന്നത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്. മത്സരത്തിൽ ആകെ ഒൻപതു സിക്സുകളാണ് സഞ്ജു ബൗണ്ടറി കടത്തിയത്. കൊല്ലം സെയ്‍ലേഴ്സിനെതിരെ 51 പന്തുകൾ നേരിട്ട സഞ്ജു 121 റൺസെടുത്തു തിളങ്ങിയിരുന്നു. 16 പന്തുകളിലാണ് ഈ മത്സരത്തിൽ സഞ്ജു അർധ സെഞ്ചറിയിലെത്തിയത്. ആലപ്പി റിപ്പിൾസിനെതിരായ ആദ്യ മത്സരത്തിൽ 22 പന്തുകൾ നേരിട്ട താരം 13 റൺസ് മാത്രമെടുത്തു പുറത്തായിരുന്നു. അതിനു പിന്നാലെയാണ് സഞ്ജു ഓപ്പണിങ്ങിൽ ഇറങ്ങാൻ തീരുമാനിച്ചത്.
English Summary:








English (US) ·