.jpg?%24p=2417dcf&f=16x10&w=852&q=0.8)
കമാലുദ്ധീൻ മോയിക്കലും മുഹമ്മദ് ഉവൈസും
കാഫ നാഷൻസ് കപ്പിനായുള്ള ഇന്ത്യൻ ഫുട്‌ബോൾ ടീമിൽ ഇടം നേടിയിരിക്കുകയാണ് നിലമ്പൂരുകാരനായ മുഹമ്മദ് ഉവൈസ്. പ്രതിരോധക്കാരനായ ഉവൈസ് ഐഎസ്എല്ലിൽ പഞ്ചാബ് എഫ്‌സിയുടെ താരമാണ്. ഉവൈസിനു കേരളത്തിലെ മറ്റു താരങ്ങളെപോലെ ഗ്ലാമർ പരിവേഷമൊന്നുമില്ല. അതിനു നിന്നുകൊടുത്തിട്ടുമില്ല എന്നു പറയുന്നതാകും ശരി. ഫുട്‌ബോൾ പരിശീലകനായ കമാലുദ്ധീൻ മോയിക്കലിന്റെ മകനാണ് ഉവൈസ്. മകൻ കാൽപ്പന്തു തട്ടി തുടങ്ങിയതു മുതൽ കമാലുദ്ധീന് ഒരു ടൈംടേബിളുണ്ട്. ദിവസവും അവൻ എപ്പോൾ ഉണരണം എന്നു വരെ പരിശീലകനായ പിതാവ് തീരുമാനിച്ചിരുന്നു. മകൻ ദേശീയ കുപ്പായം അണിയാൻ കാത്തിരിക്കുകയായിരുന്നു പിതാവ്. ആ നിമിഷത്തെക്കുറിച്ച് സംസാരിക്കുകയാണ് കമാലുദ്ധീൻ മോയിക്കൽ
മകനെ കളിക്കാരനാക്കുന്നതിൽ കാണിച്ച ജാഗ്രത
ഉവൈസിനെ വളർത്തിയെടുക്കുന്നതിൽ എനിക്കു വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. 18 വയസ്സുവരെ ശരീര വികാസം ഉണ്ടാകുന്ന സമയമാണ്. അതിനിടയിൽ പരിക്കേൽക്കാതിരിക്കാനും ഫുട്‌ബോൾ എന്താണെന്ന് മനസ്സിലാക്കാനുമാണ് ശ്രമിച്ചത്. ഞാൻ ഡിഎഫ്എയുടെ ഭാരവാഹിയും സെലക്ടറുമാണ്. ഞാൻ സെലക്ടറായ കമ്മിറ്റിയിൽ ഉവൈസ് പങ്കെടുത്തിരുന്നു. അന്ന് അവനെ തിരഞ്ഞെടുക്കാതിരുന്നപ്പോൾ കുട്ടികൾ കളിയാക്കിയിട്ടുണ്ട്. ആകെ മലപ്പുറം ജില്ലാ സബ് ജൂനിയർ ഒരു തവണ മാത്രമാണ് കളിച്ചത്. ഹയർസെക്കൻഡറിക്കു മലപ്പുറം എംഎസ്‌പിയിൽ പഠിച്ചപ്പോഴാണ് പുണെ ഭാരത് എഫ്‌സിയിൽ നിന്നു വിളി വന്നത്. അന്നു മുതൽ അവൻ പ്രൊഫഷണൽ താരമായി.
ജില്ലയ്ക്കും സംസ്ഥാനത്തിനും കളിക്കാതെ എങ്ങനെ പ്രൊഫഷണൽ ഫുട്‌ബോൾ പ്ലെയറാക്കി
നേരത്തെ പറഞ്ഞപോലെ 18 വയസ്സുവരെയുള്ള പ്ലാനാണ് അതിനു കാരണം. നോക്കൂ, നമ്മുടെ ചുറ്റമുള്ള അക്കാദമികളിൽ കളിക്കുന്ന കുട്ടികളെ തിരഞ്ഞുപിടിച്ചാണ് ജില്ലയ്ക്കും സംസ്ഥാനത്തിനും കളിപ്പിക്കുന്നത്. അവൻ മൈതാനത്തു പന്ത് ഹോൾഡ് ചെയ്യുകയോ ടാക്കിൾ ചെയ്യുകയോ ചെയ്താൽ കോച്ചുമാരുടെ ശബ്ദം പൊങ്ങും. കളി ജയിക്കുക എന്നതു മാത്രമാണ് ലക്ഷ്യം. ഓരോ കുട്ടിയും വ്യത്യസ്ത കഴിവുള്ളവരാണ്. അവരെ പരിഗണിക്കുകയാണ് ആദ്യം വേണ്ടത്.
പ്രൊഫഷണൽ ഫുട്‌ബോളിലേക്ക് ഇറങ്ങുന്നതിനു തൊട്ടുമുൻപുവരെ എല്ലാം എന്റെ കണ്ണിലൂടെയായിരുന്നു. ബോഡി ഫാറ്റ് കളയാതെ മസിൽ വികസിപ്പിക്കുക എന്നതായിരുന്നു ആദ്യ തന്ത്രം. പ്രോട്ടീൻ അടങ്ങിയ ഭക്ഷണം നൽകുന്നതിനൊപ്പം പരിക്കേൽക്കാതെ കളിപ്പിക്കാനും ശ്രദ്ധ നൽകി. അന്നൊക്കെ അവന്റെ കൂടെയുള്ള കുട്ടികളെ കോച്ചുമാർ മണിക്കൂറോളം ഓടിപ്പിക്കുകയും മലകയറ്റുകയും ഒക്കെ ചെയ്യിച്ചിരുന്നു. ഇപ്പോൾ അവരുടെ ശരീരത്തിനു കേടുപാടുകൾ സംഭവിച്ചതു ഞാൻ കണ്ടിട്ടുണ്ട്. കഠിനമായ വർക്കൗട്ടുകളുണ്ടായാൽ ശരീരം പതിയെ ക്ഷീണിക്കുമെന്ന് മനസ്സിലാക്കണം.
ഇങ്ങനെയൊക്കെ ചെയ്തതുകൊണ്ട്.
ഗോകുലം കേരള എഫ്‌സി ഐ ലീഗ് ചാമ്പ്യന്മാരായ ടീമിലെ അംഗമായിരുന്നു ഉവൈസ്. ആ പ്രകടനം കണ്ടാണ് ജംഷേദ്പുർ എഫ്‌സി 35 ലക്ഷം ട്രാൻസ്ഫർ ഫീ നൽകി ഐഎസ്എല്ലിലേക്ക് കൊണ്ടുപോയത്. കഴിഞ്ഞ സീസണിൽ ഐഎസ്എല്ലിൽ ഏറ്റവും കൂടുതൽ സമയം കളിച്ച താരം ഉവൈസാണ്. പരിക്കൻ കളിയല്ല, ക്ലീൻ ഫുട്‌ബോളാണ് അവന്റെ രീതി. ഡിഫൻഡർമാർ മഞ്ഞ കാർഡ് വാങ്ങിക്കൂട്ടുന്നവരും പെട്ടെന്ന് പരിക്കേൽക്കുന്നവരും എന്നാണല്ലോ പറയാറ്. മകന് ഇതുവരെ ഒരു പരിക്കുപോലും ഏറ്റിട്ടില്ല. കരിയറിൽ മഞ്ഞക്കാർഡ് വാങ്ങിയതാണെങ്കിൽ വെറും രണ്ടു തവണ മാത്രമാണ്. ഈ ഗുണങ്ങൾ കണ്ടാണ് ഇത്തവണ പഞ്ചാബ് എഫ്‌സി 3.5 കോടി ഓഫർ ചെയ്ത് അവനെ സൈൻ ചെയ്തത്.
ഒരു പിതാവിനു ലഭിക്കാവുന്ന മികച്ച സമ്മാനം
ഇന്ത്യൻ ജേഴ്‌സി മകൻ അണിയാൻ പോകുന്ന സന്തോഷത്തിലാണ് ഞാനും കുടുംബവും. ഇത്രയുംകാലം കാത്തിരുന്നതിന്റെ ഫലമാണ് വരാൻ പോകുന്നത്. നടന്ന വഴികൾ ബുദ്ധിമുട്ടേറിയതായിരുന്നു. കളിയാക്കിയവരും പുച്ഛിച്ചവരും ഏറെയുണ്ടായിരുന്നു. അവരോടു പരിഭവമില്ല. മകൻ രാജ്യത്തിനായി കൂടുതൽ നേട്ടങ്ങൾ കൊയ്‌തെടുക്കണമെന്നാണ് ഒരു ഫുട്‌ബോൾ പ്രേമി എന്ന നിലയിൽ ഇനിയെന്റെ സ്വപ്നം.
Content Highlights: amerind shot squad muhammed uvais call-up








English (US) ·