ഒരു പ്രശസ്ത ഇന്ത്യൻ താരം വിരമിക്കാൻ പറഞ്ഞു, മറ്റൊരു വഴി ഉപദേശിച്ചു; തുറന്നുപറഞ്ഞ് കരുൺ

7 months ago 9

19 June 2025, 10:55 PM IST

karun-nair-injured-england-test-series

Photo: PTI

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ ഒരു പ്രശസ്ത താരം തന്നോട് പറഞ്ഞിരുന്നതായി കരുണ്‍ നായരുടെ വെളിപ്പെടുത്തല്‍. മറ്റുള്ള ലീഗില്‍ കളിച്ച് പണം സമ്പാദിക്കാമെന്നും ആ താരം ഉപദേശിച്ചതായി കരുണ്‍ പറഞ്ഞു. അതേസമയം വെള്ളിയാഴ്ച ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ കരുണ്‍ നായര്‍ ഇടംപിടിച്ചേക്കും. എന്നാൽ താരത്തിന് പരിശീലനത്തിനിടെ പരിക്കേറ്റത് ടീമിനെ ആശങ്കയിലാക്കുന്നുണ്ട്.

ഒരു പ്രശസ്തനായ ക്രിക്കറ്റ് താരം എന്നെ വിളിച്ചത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. വിരമിക്കണമെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ലീഗ് കളിക്കുമ്പോള്‍ കിട്ടുന്ന പണം എന്നെ സുരക്ഷിതനാക്കുമെന്നും അദ്ദേഹം പറഞ്ഞു. അത് വളരെ എളുപ്പമുള്ള ഒന്നായിരുന്നു. പണത്തിനപ്പുറം അത് സ്വയം പഴിക്കേണ്ടിവന്നേക്കാവുന്ന ഒരു തീരുമാനമായിരിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. - കരുണ്‍ മെയില്‍ സ്‌പോര്‍ട്ടിനോട് പറഞ്ഞു.

ഇന്ത്യന്‍ കുപ്പായത്തില്‍ കളിക്കുന്നത് പലപ്പോഴും സങ്കല്‍പ്പിച്ചുനോക്കിയിട്ടുണ്ടെന്നും കരുണ്‍ തുറന്നുപറഞ്ഞു. കഴിഞ്ഞ വര്‍ഷം ആഭ്യന്തരക്രിക്കറ്റിനിടെ ഒരു മത്സരത്തില്‍ ദേശീയഗാനം ആലപിച്ചു. ഞങ്ങള്‍ നിരനിരയായി നില്‍ക്കുകയായിരുന്നു. അന്ന് ഇന്ത്യന്‍ ടീമിനായി വീണ്ടും കളിക്കണമെന്നുതോന്നി. ഇന്ത്യയുടെ വെള്ളക്കുപ്പായത്തില്‍ കളിക്കുന്നത് ഞാന്‍ സങ്കല്‍പ്പിക്കും. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഇന്ത്യക്കായി കളിക്കുന്നതാണ് മനസില്‍. എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. - കരുണ്‍ പറഞ്ഞു.

എട്ടു വര്‍ഷത്തിനു ശേഷമാണ് കരുണ്‍ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയത്. പക്ഷേ പരിക്ക് ഗുരുതരമാണെങ്കില്‍ കരുണിന് പരമ്പര തന്നെ നഷ്ടമായേക്കുമോ എന്ന ആശങ്കയിലാണ് ഇന്ത്യ. സമീപകാലത്ത് ആഭ്യന്തര ക്രിക്കറ്റില്‍ കാഴ്ചവെച്ച മികച്ച പ്രകടനമാണ് കരുണിന് വീണ്ടും ടീമിലേക്ക് വഴിതുറന്നത്. സ്ഥിരതയാര്‍ന്ന ബാറ്റിങ് പ്രകടനം കാഴ്ചവച്ച അദ്ദേഹം ഇംഗ്ലണ്ടില്‍ പരിശീലന മത്സരങ്ങളിലും തിളങ്ങി. വിരാട് കോലിയും രോഹിത്‌ ശര്‍മയും വിരമിച്ചതോടെ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ വലിയ വിടവാണുള്ളത്. ഇത് നികത്താന്‍ കരുണിന്റെ പരിചയസമ്പത്ത് സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. താരത്തിന് കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ സായ് സുദര്‍ശന്‍ ഒരുപക്ഷേ മൂന്നാം നമ്പറില്‍ ഇന്ത്യയ്ക്കായി കളിക്കും.

Content Highlights: Karun Nair says A Prominent Indian Cricketer Asked To Retire

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article