Published: October 28, 2025 03:44 PM IST
1 minute Read
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെതിരെ (ബിസിസിഐ) ഗുരുതരമായ ആരോപണവുമായി ഐസിസി മുൻ മാച്ച് റഫറി ക്രിസ് ബ്രോഡ്. ഇന്ത്യൻ ടീമിനു പിഴ ഈടാക്കുന്നത് ഒഴിവാക്കാൻ ബിസിസിഐ പലപ്പോഴും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചതായി ക്രിസ് ബ്രോഡ് ആരോപിച്ചു. ഒരു അഭിമുഖത്തിലാണ് മുൻ ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡിന്റെ പിതാവു കൂടിയായ ക്രിസ് ബ്രോഡ് ഇക്കാര്യങ്ങൾ ആരോപിച്ചത്. ഒരു മത്സരത്തിൽ കുറഞ്ഞ ഓവർനിരക്കിന്റെ പേരിൽ ഇന്ത്യൻ ടീമിനു പിഴ ഈടാക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശിച്ചു കൊണ്ടു തനിക്കു ഫോൺ കോൾ ലഭിച്ചതായി ബ്രോഡ് അവകാശപ്പെട്ടു.
ആ ഫോൺ കോൾ ടീം ഇന്ത്യയോട് മൃദുവായി പെരുമാറാൻ തന്നെ നിർബന്ധിതനാക്കിയെന്നും സൗരവ് ഗാംഗുലി ക്യാപ്റ്റനായിരുന്ന ഇന്ത്യൻ ടീം മത്സരവുമായി ബന്ധപ്പെട്ടാണ് സംഭവമെന്നും ബ്രോഡ് പറഞ്ഞു. പക്ഷേ ഗാംഗുലി ഉൾപ്പെട്ട മറ്റൊരു മത്സരത്തിൽ, താൻ നിയമങ്ങൾ പാലിക്കുകയും ടീമിനെ ശിക്ഷിക്കുകയും ചെയ്തെന്നും ബ്രോഡ് വ്യക്തമാക്കി.
‘‘മത്സരത്തിന്റെ അവസാനം, ഇന്ത്യ മൂന്നോ നാലോ ഓവറുകൾക്കു പിന്നിലായിരുന്നു. അതിനു തീർച്ചയായും പിഴ ഈടക്കേണ്ടി വരും. അതു സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ചെയ്യുന്നത്. എന്നാൽ എനിക്ക് ഒരു ഫോൺ കോൾ വന്നു. ഇതു ടീം ഇന്ത്യയാണ്. അതനുസരിച്ച് പെരുമാറുക എന്ന്. ബിസിസിഐയുടെ സമ്മർദം മൂലം പിഴ പരിധിക്കു താഴെ സമയം കൊണ്ടുവരുന്ന രീതിയിൽ കൃത്രിമമായി ക്രമീകരിക്കേണ്ടി വന്നു.’’– ക്രിസ് ബ്രോഡ് പറഞ്ഞു.
എന്നാൽ അടുത്ത മത്സരത്തിലും ഇതേ സാഹചര്യമുണ്ടായപ്പോൾ താൻ പിഴ ചുമത്തിയെന്ന് ബ്രോഡ് പറഞ്ഞു. മുൻകാലങ്ങളെ അപേക്ഷിച്ച് ഇപ്പോൾ കായികരംഗം കൂടുതൽ രാഷ്ട്രീയമായി മാറിയിരിക്കുന്നെന്നു ബിസിസിഐ പ്രധാന സാമ്പത്തിക ശക്തിയായതിനാൽ, ഐസിസിയിലെ ഉന്നത സ്ഥാനങ്ങൾ കൂടുതൽ രാഷ്ട്രീയം നിറഞ്ഞതായെന്നും അഭിമുഖത്തിൽ ബ്രോഡ് ആരോപിച്ചു.
‘‘ഇന്ത്യയ്ക്ക് ഒരുപാട് പണം ലഭിച്ചു, ഇപ്പോൾ പല തരത്തിൽ ഐസിസിയെ ഏറ്റെടുത്തിരിക്കുകയാണ്. ഞാൻ ഇപ്പോൾ ഇല്ലാത്തതിൽ എനിക്ക് സന്തോഷമുണ്ട്, കാരണം മുൻപത്തേക്കാൾ കൂടുതലായി രാഷ്ട്രീയ ഇടപെടലുകളുണ്ട്.’’– ബ്രോഡ് പറഞ്ഞു. മാച്ച് റഫറിയായി ആകെ 123 ടെസ്റ്റുകൾ നിയന്ത്രിച്ച ബ്രോഡിന്റെ അവസാന മത്സരം 2024 ഫെബ്രുവരിയിൽ കൊളംബോയിലായിരുന്നു.
English Summary:








English (US) ·