Published: August 04 , 2025 06:15 PM IST Updated: August 05, 2025 09:24 AM IST
2 minute Read
സൂപ്പർ താരം ബുമ്രയില്ലാതെ, ഒരു മത്സരം കൈവിട്ടിടത്തുനിന്ന് എങ്ങനെ തിരിച്ചുപിടിക്കാം? ഓവലിൽ ഈ ദൗത്യം ഏറ്റെടുത്ത് നടപ്പാക്കി കാണിച്ചുകൊടുത്ത് ഇന്ത്യന്‍ പേസർമാരായ മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും. നാലാം ദിനം സെഞ്ചറികളുമായി ജോ റൂട്ടും ഹാരി ബ്രൂക്കും ഇംഗ്ലണ്ടിനെ ‘സേഫ് സോണിലെത്തിച്ച’ കളിയാണ് ഞായറാഴ്ചത്തെ അവസാന ഓവറുകളും തിങ്കളാഴ്ചത്തെ ആദ്യ ഒരു മണിക്കൂറും കൊണ്ട് ഇന്ത്യൻ ബോളർമാർ പൊളിച്ചടുക്കിയത്. ബ്രൂക്കിന്റെയും റൂട്ടിന്റെയും പുറത്താകലുകൾക്കു ശേഷം നാലാം ദിനം തന്നെ സിറാജും പ്രസിദ്ധ് കൃഷ്ണയും ഇന്ത്യയുടെ സാധ്യതകൾക്ക് വഴിയൊരുക്കിയിരുന്നെങ്കിലും ഇങ്ങനെയൊരു ഫിനിഷിങ് അപ്രതീക്ഷിതമായിരുന്നു.
അഞ്ചാം ടെസ്റ്റിൽ ആറു റൺസിനാണ് ശുഭ്മൻ ഗിൽ നയിക്കുന്ന യുവ ഇന്ത്യ ജയിച്ചുകയറിയത്. 374 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 85.1 ഓവറിൽ 367 റൺസെടുത്തു പുറത്തായി. രണ്ടാം വിജയത്തോടെ അഞ്ചു മത്സരങ്ങളുള്ള പരമ്പര സമനിലയിലെത്തിക്കാനും ഇന്ത്യൻ ടീമിനു സാധിച്ചു. ജസ്പ്രീത് ബുമ്ര വിശ്രമിച്ചപ്പോൾ, ഇന്ത്യയുടെ വിജയത്തിനായി തുനിഞ്ഞിറങ്ങിയ മുഹമ്മദ് സിറാജാണു കളിയിലെ താരം. ആദ്യ ഇന്നിങ്സിൽ നാലും രണ്ടാം ഇന്നിങ്സിൽ അഞ്ചും വിക്കറ്റുകൾ വീഴ്ത്തിയ സിറാജ് ഓവറിൽ ആകെ നേടിയത് ഒന്‍പതു വിക്കറ്റുകളാണ്.
![]()
IND
224-10, 396-10
![]()
ENG
247-10, 367-10
ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഒലി പോപ് (22), ജോ റൂട്ട് (29), ഹാരി ബ്രൂക്ക് (53), ജേക്കബ് ബെതൽ (ആറ്) എന്നിവരെ പുറത്താക്കി സിറാജ് ഇംഗ്ലണ്ടിന്റെ നട്ടെല്ലൊടിച്ചു. എന്നാൽ അതിലും മൂല്യമേറിയതാണ് ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സിലെ വിജയ പ്രതീക്ഷകളെ തച്ചുതകർത്ത പ്രകടനം എന്നു പറയേണ്ടിവരും. 30.1 ഓവറുകൾ പന്തെറിഞ്ഞ സിറാജ് 104 റൺസ് വഴങ്ങിയാണ് അഞ്ചു വിക്കറ്റുകൾ വീഴ്ത്തിയത്. താരത്തിന്റെ ആറോവറുകളിൽ ഇംഗ്ലണ്ട് താരങ്ങൾക്ക് റണ്ണൊന്നും നേടാനും സാധിച്ചില്ല.
ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സിൽ മൂന്നാം ദിനം സാക് ക്രൗളിയെ പുറത്താക്കിയാണ് സിറാജ് വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. നാലാം ദിവസം ക്യാപ്റ്റൻ ഒലി പോപിനെ (27) ഒരിക്കൽ കൂടി കീഴടക്കി. സെഞ്ചറികൾ നേടി തകർത്തടിച്ച ജോ റൂട്ടിന്റെയും ഹാരി ബ്രൂക്കിന്റെയും കൂട്ടുകെട്ട് തകർക്കാനും സിറാജിനു സാധിച്ചു. പക്ഷേ വിക്കറ്റെടുത്തല്ല, 111 റൺസടിച്ച ബ്രൂക്കിനെ ആകാശ്ദീപിന്റെ പന്തിൽ ക്യാച്ചെടുത്തായിരുന്നു സിറാജിന്റെ പങ്കാളിത്തം. ബ്രൂക്കിനെ സെഞ്ചറിക്കു മുന്‍പേ പുറത്താക്കാൻ ലഭിച്ച അവസരം സിറാജ് പാഴാക്കിയിരുന്നു. പ്രസിദ്ധ് കൃഷ്ണയുടെ പന്തിൽ ബൗണ്ടറി ലൈനിൽനിന്ന് ക്യാച്ച് കയ്യിലൊതുക്കിയപ്പോൾ സിറാജിന്റെ കാല് ബൗണ്ടറി ലൈനിൽ തട്ടിയിരുന്നു. ഇതിന് താരം കേട്ട പഴിക്ക് കണക്കില്ല. വിമർശനങ്ങൾക്കുള്ള മറുപടി കൂടിയായിരുന്നു അഞ്ചാം ദിവസത്തെ സിറാജിന്റെ പ്രകടനം.
അവസാന ദിനം ജയിക്കാൻ 35 റൺസ് മാത്രമായിരുന്നു ഇംഗ്ലണ്ടിനു വേണ്ടിയിരുന്നത്. കയ്യിലുണ്ടായിരുന്നത് നാലു വിക്കറ്റും. പക്ഷേ ജെയ്മി സ്മിത്തിലും ജെയ്മി ഓവർടനിലുമായിരുന്നു ടീമിന്റെ പ്രതീക്ഷ. എന്നാൽ തിങ്കളാഴ്ച ഇന്ത്യൻ സമയം 3.30ന് തുടങ്ങിയ കളി 4.30 ആകുമ്പോഴേക്കും അവസാനിച്ചിരുന്നു. 78–ാം ഓവറിലെ മൂന്നാം പന്തിൽ ജെയ്മി സ്മിത്തിനെ വിക്കറ്റ് കീപ്പർ ധ്രുവ് ജുറേലിന്റെ കൈകളിലെത്തിച്ച് സിറാജ് ഇംഗ്ലണ്ടിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു. തൊട്ടുപിന്നാലെ ജെയ്മി ഓവർടൻ എൽബിഡബ്ല്യു. ഇതോടെ ഇംഗ്ലണ്ട് പ്രതിസന്ധിയിലായി. പരുക്കേറ്റ ക്രിസ് വോക്സ് അടക്കം പാഡും കെട്ടി ഒറ്റക്കയ്യിൽ ബാറ്റു ചെയ്യേണ്ടിവന്നത് ഈ സാഹചര്യത്തിലാണ്.
ജോഷ് ടോങ്ങിനെ പ്രസിദ്ധ് കൃഷ്ണ ബോൾഡാക്കിയതോടെ ഇംഗ്ലണ്ടിന് ഒൻപതാം വിക്കറ്റും നഷ്ടം. ക്രിസ് വോക്സ് ഇതോടെ ബാറ്റു ചെയ്യാനിറങ്ങി. 84–ാം ഓവറിലെ ആദ്യ പന്തിൽ ഗസ് അക്കിൻസന്‍ സിറാജിനെ സിക്സർ പറത്തി ഇന്ത്യയെ ഞെട്ടിച്ചു. എന്നാൽ തൊട്ടടുത്ത ഓവറിൽ തന്നെ സിറാജ് ഈ കണക്കു തീർത്തുകൊടുത്തു. ആദ്യ പന്തിൽ അക്കിൻസണിന്റെ കുറ്റി തെറിപ്പിച്ച് ഇന്ത്യയുടെ വിജയാഘോഷം. ആദ്യ ഇന്നിങ്സിലും രണ്ടാം ഇന്നിങ്സിലും നാലു വിക്കറ്റുകൾ വീതം വീഴ്ത്തിയ പേസർ പ്രസിദ്ധ് കൃഷ്ണയ്ക്കും സിറാജിനു തുല്യമായ അവകാശം ഈ വിജയത്തിൻമേലുണ്ട്.
English Summary:








English (US) ·