ഒരു മാറ്റവുമില്ല: ഗിൽ ‘ഗോൾഡൻ ഡക്ക്’, സൂര്യകുമാർ (5); പൊരുതാൻ ഒരു തിലക് (62) മാത്രം; ഇന്ത്യയ്ക്ക് 51 റൺസ് തോൽവി

1 month ago 2

മുല്ലൻപുർ ∙ പതിവു പോലെ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും വന്നപോലെ പോയെങ്കിലും ടീമിനു വേണ്ടി പൊരുതാൻ കുറച്ചു താരങ്ങളെങ്കിലും ഉണ്ടെന്ന് ഇന്ത്യയ്ക്ക് ആശ്വസിക്കാം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി20യിൽനിന്ന് ഇന്ത്യയ്ക്ക് കൂടെകൂട്ടാനുള്ളത് അതു മാത്രമാണ്. ചണ്ഡിഗഡിലെ മുല്ലൻപുർ സ്റ്റേഡിയത്തിൽ നടന്ന പുരുഷ ക്രിക്കറ്റിലെ ആദ്യ രാജ്യാന്തര മത്സരത്തിൽ 51 റൺസിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയോട് തോറ്റത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 214 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 19.1 ഓവറിൽ 162 റൺസിന് ഓൾഔട്ടായി. ഇതോടെ അഞ്ച് മത്സരങ്ങളടയങ്ങിയ പരമ്പരയിൽ1–1നു ദക്ഷിണാഫ്രിക്ക ഒപ്പമെത്തി. മൂന്നാം മത്സരം 14ന് ധരംശാലയിൽ.

മറുപടി ബാറ്റിങ്ങിൽ അർധസെഞ്ചറി നേടിയ തിലക് വർമ (34 പന്തിൽ 62)  ആണ് ഇന്ത്യയെ വലിയ നാണക്കേടിൽനിന്നു രക്ഷിച്ചത്. അഞ്ചാമനായി ക്രീസിലെത്തിയ തിലക്, അഞ്ച് സിക്സറുകളും രണ്ടു ഫോറുമാണ് അടിച്ചത്. നാലാം വിക്കറ്റിൽ അക്ഷറുമായി ചേർന്ന് 35 റൺസിന്റെയും അഞ്ചാം വിക്കറ്റിൽ ഹാർദിക്കുമായി ചേർന്ന് 51 റൺസിന്റെയും ആറാം വിക്കറ്റിൽ ജിതേഷുമായി ചേർന്ന് 39 റൺസിന്റെയും കൂട്ടുകെട്ട് തിലക് ഉണ്ടാക്കി. എന്നാൽ ഇന്ത്യയെ വിജയത്തിലെത്തിക്കാൻ അതു പര്യാപ്തമായിരുന്നില്ല.

ഇന്നിങ്സിലെ ആദ്യ ഓവറിൽ തന്നെ ഓപ്പണർ ശുഭ്മാൻ ഗില്ലിനെ (0) ഗോൾഡൻ ഡക്കായി മടക്കി ലുങ്കി എൻഗിഡി ഇന്ത്യയ്ക്ക് പ്രഹരമേൽപ്പിച്ചിരുന്നു. അതിൽനിന്നു കരകയറാൻ ഇന്ത്യയ്ക്ക് ഒരിക്കലുമായില്ല. പിന്നീട് ക്രീസിലെത്തിയത് മൂന്നാമനായി പ്രമോഷൻ കിട്ടിയ അക്ഷർ പട്ടേലാണ്. ഒരറ്റത്ത് അക്ഷർ നിലയുറപ്പിച്ചെങ്കിലും പവർപ്ലേ അവസാനിക്കും മുൻപ് അഭിഷേക് ശർമയും (17), ക്യാപ്റ്റൻ സൂര്യകുമാർ യാദവും (5) പുറത്തായി.

പിന്നീടാണ് അക്ഷറും തിലകും ഒന്നിച്ചത്. 21 പന്തിൽ 21 റൺസെടുത്ത അക്ഷറിനെ എട്ടാം ഓവറിൽ ഒട്ട്‌നീൽ ബാർട്ട്‌മാനാണ് പുറത്താക്കിയത്. പിന്നീട് ഹർദിക് പാണ്ഡ്യ (23 പന്തിൽ 20), ജിതേഷ് ശർമ (17 പന്തിൽ 27) എന്നിവർ തിലകുമായി ചേർന്നു പൊരുതിയെങ്കിലും ഫലമുണ്ടായില്ല. അഞ്ച് റൺസെടുക്കുന്നതിനിടെയാണ് ഇന്ത്യയുടെ അവസാന അഞ്ച് വിക്കറ്റുകൾ വീണത്. ശിവം ദുബെ (1), അർഷ്ദീപ് സിങ് (4), വരുൺ ചക്രവർത്തി (0), ജസ്പ്രീത് ബുമ്ര (0*) എന്നിങ്ങനെയാണ് വാലറ്റക്കാരുടെ സ്കോറുകൾ. ദക്ഷിണാഫ്രിക്കയ്‌ക്കായി ഒട്ട്‌നീൽ ബാർട്ട്‌മാൻ നാല് വിക്കറ്റും ലുങ്കി എൻഗിഡി, മാക്കോ യാൻസൻ, ലൂത്തോ സിപാംല എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. 

∙ ‘ക്വിന്റൽ’ അടികട്ടക്കിൽ ദക്ഷിണാഫ്രിക്കയെ വെറും 74 റൺസിൽ ഓൾഔട്ടാക്കിയ ഇന്ത്യൻ ബോളിങ് പട തന്നെയല്ലേ മുല്ലൻപുരിൽ വന്നതെന്ന് ഇടയ്ക്ക് ഇടയ്ക്ക് സംശയം തോന്നും വിധമായിരുന്നു ക്വിന്റൻ ഡികോക്കിന്റെ ബാറ്റിങ്. വിരമിക്കൽ തീരുമാനം പിൻവലിച്ച് തിരിച്ചെത്തിയ ശേഷം ട്വന്റി20യിൽ‌ ഇതുവരെ കാര്യമായ പ്രകടനം പുറത്തെടുക്കാൻ സാധിക്കാതിരുന്നതിന്റെ നിരാശ ഡികോക്ക് (90) തീർത്തപ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക നേടിയത് മികച്ച ടോട്ടൽ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 213 റൺസെടുത്തത് ഇന്ത്യയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും ഉയർന്ന നാലാമത്തെ ടോട്ടലാണിത്.

ഓപ്പണറായി ഇറങ്ങിയ ഡികോക്ക്, 46 പന്തിൽ ഏഴു സിക്സറുകളുടെയും അഞ്ചു ഫോറുകളുടെയും അകമ്പടിയോടെയാണ് 90 റൺസെടുത്തത്. അർഹിച്ച സെഞ്ചറി, വെറും പത്തു റൺസ് അകലയൊണ് ഡികോക്കിനു നഷ്ടമായത്. വിക്കറ്റ് കീപ്പർ ജിതേഷ് ശർമയുടെ ഉഗ്രൻ റണ്ണൗട്ടിലാണ് ഡികോക്ക് പുറത്തായത്. കഴിഞ്ഞ മത്സരത്തിൽ ഡക്കിനു പുറത്താക്കിയ അർഷ്ദീപ് സിങ്ങിനെ ആദ്യ ഓവർ മുതൽ പ്രഹരിച്ചാണ് ഡികോക്ക് തുടങ്ങിയത്. ആദ്യ ഓവറിൽ തന്നെ ഒരു സിക്സടക്കം 8 റൺസ് നേടി. പിന്നീട് പവർപ്ലേയിൽ തന്നെ ബുമ്രയ്ക്കും അക്ഷറിനുമെതിരെയെല്ലാം ഡികോക്ക് സിക്സർ അടിച്ചു. സഹഓപ്പണർ റീസ ഹെൻഡ്രിക്സ് (10 പന്തിൽ 8) ഒരു സിക്സടിച്ച് പിന്തുണ നൽകി.

അഞ്ചാം ഓവറിൽ വരുണിനെ കൊണ്ടുവന്ന്, റീസുടെ വിക്കറ്റ് വീഴ്ത്തിയെങ്കിലും പവർപ്ലേ അവസാനിക്കുമ്പോൾ ദക്ഷിണാഫ്രിക്കൻ സ്കോർ 50 കടന്നിരുന്നു. 9–ാം ഓവറിൽ ട്വന്റി20 കരിയറിലെ 17–ാം അർധസെഞ്ചറി ഡികോക്ക് കുറിച്ചു. മറുവശത്ത്, ക്യാപ്റ്റൻ എയ്‌ഡൻ മാർക്രവും (26 പന്തിൽ 29) പിന്തുണ നൽകി. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 83 റൺസ് കൂട്ടിച്ചേർത്തു. 12–ാം ഓവറിൽ മാർക്രത്തെ പുറത്താക്കി വരുൺ ചക്രവർത്തിയാണ് വീണ്ടും ഒരു വിക്കറ്റെടുത്തത്. അപ്പോഴേയ്ക്കും ദക്ഷിണാഫ്രിക്കൻ സ്കോർ 121ൽ എത്തിയിരുന്നു.

 ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റി20യിൽ ദക്ഷിണാഫ്രിക്കൻ താരം ക്വിന്റൻ ഡികോക്കിനെ പുറത്താക്കുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ജിതേഷ് ശർമ. (Photo by Sajjad HUSSAIN / AFP)

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റി20യിൽ ദക്ഷിണാഫ്രിക്കൻ താരം ക്വിന്റൻ ഡികോക്കിനെ പുറത്താക്കുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ജിതേഷ് ശർമ. (Photo by Sajjad HUSSAIN / AFP)

ഇതിനു ശേഷവും ഡികോക്ക് ‘അടി’ തുടർന്നു. സെഞ്ചറിയിലേക്ക് കുതിക്കുന്നതിനിടെ നിർഭാഗ്യം റണ്ണൗട്ടിന്റെ രൂപത്തിലെത്തിയതോടെയാണ് ഡികോക്ക് പുറത്തായത്. 16–ാം ഓവറിലെ ആദ്യ പന്തിൽ വരുൺ ചക്രവർത്തിയുടെ ബോൾ ക്രീസിൽനിന്ന് ഇറങ്ങി കളിക്കാൻ ശ്രമിച്ച ഡികോക്കിന് പിഴയ്ക്കുകയായിരുന്നു. പന്ത് കയ്യിലൊതുക്കിയ വിക്കറ്റ് കീപ്പർ ജിതേഷ് ശർമ, ഉഗ്രൻ സ്റ്റംപിങ്ങിലൂടെ ഡികോക്കിനെ പുറത്താക്കി. ടീമിലേക്കുള്ള തിരിച്ചുവരവിനു ശേഷം ഡികോക്കിന്റെ ഉയർന്ന സ്കോറാണിത്.

ഡികോക്കിനെ പുറത്താക്കിയെങ്കിലും റണ്ണൊഴുക്കിന് തടയിടാൻ ഇന്ത്യൻ ബോളർമാർക്കായില്ല. ഡെവാൾഡ് ബ്രെവിസ് (10 പന്തിൽ 14), ഡൊനോവൻ ഫെരേര (16 പന്തിൽ 30*), ഡേവിഡ് മില്ലർ (12 പന്തിൽ 20*) എന്നിവർ ചേർന്ന് ദക്ഷിണാഫ്രിക്കൻ സ്കോർ അനായാസം 200 കടത്തി. അവസാന നാല് ഓവറിൽ 53 റൺസാണ് ഇന്ത്യൻ ബോളർമാർ വഴങ്ങിയത്. ഇന്ത്യൻനിരയിൽ വരുൺ ചക്രവർത്തി 2 വിക്കറ്റ് വീഴ്ത്തിയപ്പോൾ അക്ഷർ പട്ടേലിന് ഒരു വിക്കറ്റുണ്ട്. പേസർമാരായ അർഷ്ദീപ് സിങ്ങും ജസ്പ്രീത് ബുമ്രയും റൺസ് വഴങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.

∙ സഞ്ജു ബെഞ്ചിൽ തന്നെടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരം വിജയിച്ച അതേ ടീമുമായാണ് ഇന്ത്യ ഇന്നും ഇറങ്ങിയത്. അതോടെ മലയാളി താരം സഞ്ജു സാംസൺ തുടർച്ചയായ അഞ്ചാം മത്സരത്തിലും ബെഞ്ചിലിരിക്കേണ്ടി വന്നു. ദക്ഷിണാഫ്രിക്കൻ ടീമിൽ മൂന്നു മാറ്റമുണ്ട്. കേശവ് മഹാരാജ്, ട്രിസ്റ്റൻ സ്റ്റബ്സ്, ആൻറിച്ച് നോർട്യ എന്നിവർ പുറത്തായപ്പോൾ റീസ ഹെൻഡ്രിക്സ്, ജോർജ് ലിൻഡെ, ഒട്ട്നീൽ ബാർട്ട്മാൻ എന്നിവർ പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിച്ചു.

 Facebook/ IndianCricketTeam

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റി20യിൽ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ താരം വരുൺ ചക്രവർത്തിയെ അഭിനന്ദിക്കുന്ന സഹതാരങ്ങൾ. ചിത്രം: Facebook/ IndianCricketTeam

∙ പ്ലേയിങ് ഇലവൻ

ഇന്ത്യ

: അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ്മ, അക്ഷർ പട്ടേൽ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, ജിതേഷ് ശർമ, (വിക്കറ്റ് കീപ്പർ), ജസ്പ്രീത് ബുമ്ര, വരുൺ ചക്രവർത്തി, അർഷ്ദീപ് സിങ്

ദക്ഷിണാഫ്രിക്ക: റീസ ഹെൻഡ്രിക്‌സ്, ക്വിന്റൻ ഡി കോക്ക്(വിക്കറ്റ് കീപ്പർ), എയ്ഡൻ മാർക്രം(ക്യാപ്റ്റൻ), ഡെവാൾഡ് ബ്രെവിസ്, ഡേവിഡ് മില്ലർ, ഡൊനോവൻ ഫെരേര, ജോർജ് ലിൻഡെ, മാർക്കോ യാൻസൻ, ലൂത്തോ സിപാംല, ലുങ്കി എൻഗിഡി, ഒട്ട്‌നീൽ ബാർട്ട്‌മാൻ

English Summary:

India vs South Africa, 2nd T20I- Match Updates

Read Entire Article