തന്റെ ഏറ്റവും പുതിയ ചിത്രമായ തഗ് ലൈഫിന്റെ റിലീസിനുമുന്നോടിയായുള്ള പ്രചാരണത്തിരക്കുകളിലാണ് കമൽ ഹാസൻ. വ്യാഴാഴ്ച വിശാഖപട്ടണത്തുനടന്ന പ്രചാരണപരിപാടിയിൽ സംസാരിക്കവേ കമൽഹാസൻ പറഞ്ഞ കാര്യങ്ങളിലെ ഒരു വാചകം ചില സംശയങ്ങൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. താൻ മുൻപ് മോശം സിനിമകൾ ചെയ്തിട്ടുണ്ടെന്നാണ് കമൽഹാസൻ പറഞ്ഞത്. ഒരു മോശം സിനിമയ്ക്ക് പരിഹാരം ചെയ്യുകയാണെന്നും അതിന്റെ ഭാഗമായാണ് തഗ് ലൈഫ് ചെയ്തതെന്നും കമൽ പറഞ്ഞു. ഇതാണിപ്പോൾ ചർച്ചയായിരിക്കുന്നത്.
തഗ് ലൈഫ് എന്ന ചിത്രത്തേക്കുറിച്ച് സംസാരിക്കുമ്പോൾ തന്റെ മോശം സിനിമകളെ പ്രേക്ഷകർ എങ്ങനെ ക്ഷമിച്ചു എന്നതിനെക്കുറിച്ച് അദ്ദേഹം പ്രസ്താവന നടത്തി. വിജയകരമായ സിനിമകളുടെ കാര്യത്തിലെന്നപോലെ, താൻ നൽകിയ പരാജയങ്ങളുടെ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നതായി അദ്ദേഹം പറഞ്ഞു.
"ഞാൻ ധാരാളം തെറ്റുകൾ ചെയ്തിട്ടുണ്ട്. നിങ്ങൾ എന്റെ എല്ലാ മോശം സിനിമകളും ക്ഷമിക്കുകയും നല്ല സിനിമകൾ മാത്രം ഓർമയിൽ സൂക്ഷിക്കുകയും ചെയ്തതിൽ നന്ദിയുണ്ട്. നിങ്ങൾക്ക് നല്ല സിനിമകൾ നൽകേണ്ട കടമ എനിക്കുണ്ട്. തെലുങ്ക് സിനിമകളിലെ എന്റെ റെക്കോർഡ് മികച്ചതാണ്. ഞാൻ ഏകദേശം 15-16 റീമേക്കുകളല്ലാത്ത തെലുങ്ക് സിനിമകൾ ചെയ്തിട്ടുണ്ട്. അതിൽ 13 ഹിറ്റുകളുമുണ്ട്. പരാജയങ്ങളും ഞാൻ നൽകി.
ഇപ്പോൾ, ഞാൻ ഒരു മോശം സിനിമയ്ക്ക് പരിഹാരം ചെയ്യുകയാണ്, അതിനാൽ ഈ ചിത്രം അവതരിപ്പിക്കുന്നു. എന്റെ കടം ഞാൻ തിരിച്ചടയ്ക്കുകയാണെന്ന് കരുതുക. നിങ്ങൾക്ക് ഒരു മോശം സിനിമ നൽകിയതിന്, ഞാൻ ഒരു നല്ല സിനിമ നൽകുന്നു. അതാണ് ഒരു സത്യസന്ധനായ കലാകാരൻ ചെയ്യേണ്ടത്." കമൽഹാസൻ വിശദീകരിച്ചു.
കമൽഹാസന്റെ ഈ പരാമർശം അദ്ദേഹത്തിന്റെ കഴിഞ്ഞ റിലീസായ ഇന്ത്യൻ-2 നെക്കുറിച്ചാണോ എന്നാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന ചർച്ച. ഷങ്കർ സംവിധാനം ചെയ്ത ചിത്രം ഇന്ത്യൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമായിരുന്നു. ഏറെ പ്രതീക്ഷകളുമായെത്തിയ ചിത്രം ബോക്സോഫീസിൽ പരാജയപ്പെട്ടു. അതിനിടെ തഗ് ലൈഫ് അടുത്തമാസം റിലീസിനൊരുങ്ങുകയാണ്. 37 വർഷത്തിനുശേഷം കമൽഹാസനും മണിരത്നവും ഒരുമിക്കുന്ന ചിത്രത്തിൽ ചിമ്പു, ജോജു ജോർജ്, തൃഷ, അഭിരാമി എന്നിവരും പ്രധാനവേഷങ്ങളിലുണ്ട്. എ.ആർ. റഹ്മാനാണ് സംഗീത സംവിധാനം.
Content Highlights: Kamal Haasan addresses past movie failures, promoting his caller movie `Thug Life`
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·