ഒരു വീട്ടിൽ ഇനി 2 അംപയർമാർ; ബിസിസിഐ ദേശീയ പാനൽ അംപയർമാരായി അച്ഛനും മകനും

6 months ago 7

സി.കെ.ശിവാനന്ദൻ

Published: July 07 , 2025 10:30 AM IST

1 minute Read

എം.എസ്.വിശ്വനാഥനും മകൻ എം.എസ്.ഭരത്തും(ഫയൽ ചിത്രം)
എം.എസ്.വിശ്വനാഥനും മകൻ എം.എസ്.ഭരത്തും(ഫയൽ ചിത്രം)

കൊച്ചി∙ മലപ്പുറം അങ്ങാടിപ്പുറം എടത്തുപുറം റോഡ് ‘ഭരതിൽ’ ഇനി ബിസിസിഐ ദേശീയ പാനൽ അംപയർമാർ രണ്ടുപേർ ഉണ്ടാകും– അച്ഛൻ എം.എസ്.വിശ്വനാഥനു പിന്നാലെ മകൻ എം.എസ്.ഭരത്തും ബിസിസിഐ ദേശീയ പാനൽ അംപയർമാരുടെ പട്ടികയിൽ ഇടംനേടി. രഞ്ജി ട്രോഫി മത്സരങ്ങളടക്കം ഇരുന്നൂറിലേറെ ദേശീയതല മത്സരങ്ങൾ നിയന്ത്രിച്ചതിന്റെ പരിചയസമ്പത്തുമായി 2023ൽ വിരമിച്ച വിശ്വനാഥന്റെ പിൻഗാമിയായി ഇരുപത്തിയെട്ടുകാരനായ മകൻ ഭരത് യോഗ്യത നേടിയതു കഴിഞ്ഞ ദിവസമാണ്.

26 വിജയികളുടെ പട്ടികയിൽ ദേശീയതലത്തിൽ നാലാം റാങ്കോടെ. ഇനി ഭരത്തിനും രഞ്ജി ട്രോഫി ഉൾപ്പെടെയുള്ള ഒന്നാം ക്ലാസ് മത്സരങ്ങൾ നിയന്ത്രിക്കാം. അന്തിമ പരീക്ഷയെഴുതിയ 152 പേരിൽനിന്നാണു പാലക്കാട്ട് എഫ്സിഐ ഉദ്യോഗസ്ഥനായ ഭരത്തിന്റെ നേട്ടം. കണ്ണൂരിൽനിന്നുള്ള ജിഷ്ണു അജിത് ഏഴാം റാങ്കോടെ പട്ടികയിലുണ്ട്.നിലവിലെ രാജ്യാന്തര അംപയർ നിതിൻ മേനോനും പിതാവും മധ്യപ്രദേശ് താരവുമായിരുന്ന നരേന്ദ്ര മേനോനുമടക്കം ഇതുവരെ രാജ്യത്ത് അച്ഛനും മക്കളും ദേശീയ പാനൽ അംപയർമാരായ 3 സംഭവങ്ങളുണ്ടായിട്ടുണ്ട്. നാലാമതായി കേരളത്തിന്റെ വിശ്വനാഥനും ഭരത്തും. കേരള അസോസിയേഷനിൽനിന്ന് ആദ്യമെന്നതും ഇവരുടെ നേട്ടം.

കൊല്ലം ടികെഎം എൻജിനീയറിങ് കോളജ് ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനായിരുന്നു ഭരത്. വിദ്യാർഥിയായിരിക്കെ പതിനെട്ടാം വയസ്സിൽ 2014ലാണു സംസ്ഥാന അംപയർ പാനലിൽ ഇടംപിടിച്ചത്. 2016ൽ ബിസിസിഐയുടെ ലെവൽ വൺ പരീക്ഷ ജയിച്ചു.1996ൽ ദേശീയ പാനൽ അംപയറായ വിശ്വനാഥൻ ഏതാനും വർഷം ബിസിസിഐ അംപയേഴ്സ് ട്രെയിനറായും ജോലി ചെയ്തു. ഏറ്റവുമധികം മത്സരം നിയന്ത്രിച്ചതു കൊൽക്കത്ത ഈഡൻ ഗാർഡൻസിലെന്നതു കേരള ഗ്രാമീൺ ബാങ്ക് മാനേജരായി വിരമിച്ച വിശ്വനാഥന്റെ മറക്കാനാകാത്ത ഓർമ.

English Summary:

Kochi Family's Double BCCI Umpire Success: Father and Son Achieve National Recognition

Read Entire Article