Published: June 11 , 2025 04:44 PM IST
1 minute Read
കൊൽക്കത്ത∙ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽനിന്ന് ശ്രേയസ് അയ്യരെ തഴഞ്ഞതിൽ വിമർശനവുമായി മുൻ ഇന്ത്യൻ താരവും ബിസിസിഐ മുൻ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. കഴിഞ്ഞ ഒരു വർഷത്തോളമായി കരിയറിലെ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന ശ്രേയസ് അയ്യരേപ്പോലെ ഒരു താരത്തെ തഴഞ്ഞ സിലക്ടർമാർക്ക് പാളിച്ച സംഭവിച്ചതായി ഗാംഗുലി വിലയിരുത്തി. സമ്മർദ്ദ ഘട്ടങ്ങളിൽ ഉത്തരവാദിത്തത്തോടെ കളിക്കാനാകുമെന്ന് പലകുറി തെളിയിച്ച അയ്യർ, ഇപ്പോൾ ഷോർട്ട് ബോളുകളും ഫലപ്രദമായി നേരിടുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
‘‘കഴിഞ്ഞ ഒരു വർഷമായി കരിയറിലെ തന്നെ ഏറ്റവും മികച്ച ഫോമിലാണ് ശ്രേയസ് അയ്യർ. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിൽ തീർച്ചയായും അയ്യർ ഇടംപിടിക്കേണ്ടതായിരുന്നു. കഴിഞ്ഞ ഒരു വർഷത്തെ കളിക്കണക്ക് മാത്രം നോക്കിയാൽ മതിയല്ലോ. അങ്ങനെയൊരു താരത്തെ എങ്ങനെയാണ് പുറത്തിരുത്താനാകുക?’ – സൗരവ് ഗാംഗുലി ചോദിച്ചു.
‘‘സമ്മർദ്ദ ഘട്ടങ്ങളിൽ അനായാസം ബാറ്റു ചെയ്യാനാകുമെന്ന് അയ്യർ പലകുറി തെളിയിച്ചതാണ്. ഉത്തരവാദിത്തം ഏറ്റെടുത്ത് ബാറ്റു ചെയ്യാനും കഴിയും. മാത്രമല്ല, അടുത്തിടെയായി ഷോർട്ട് ബോൾ വളരെ ഫലപ്രദമായി കളിക്കാനും അയ്യർക്കു കഴിയുന്നുണ്ട്. ടെസ്റ്റ് ക്രിക്കറ്റ് തികച്ചും വ്യത്യസ്തമായ ഫോർമാറ്റ് ആണെങ്കിലും, അയ്യരെ ടീമിൽ ഉൾപ്പെടുത്തുന്നതായിരുന്നു നല്ലത്’ – ഗാംഗുലി പറഞ്ഞു.
2024ലാണ് ശ്രേയസ് അയ്യർ ഏറ്റവും ഒടുവിൽ ടെസ്റ്റ് കളിച്ചത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ പാതിവഴിയിൽ അയ്യരെ ടീമിൽനിന്ന് ഒഴിവാക്കിയിരുന്നു. തുടർന്ന് രഞ്ജി ട്രോഫിയിൽ മിന്നുന്ന ഫോമിലായിരുന്ന താരം ഏഴ് ഇന്നിങ്സുകളിൽനിന്ന് 68.57 ശരാശരിയിൽ 480 റൺസാണ് അടിച്ചുകൂട്ടിയത്. ഇതിൽ രണ്ടു സെഞ്ചറികളും ഉണ്ടായിരുന്നു.
അതേസമയം, ഇന്ത്യൻ ടീമിന് ഇംഗ്ലണ്ടിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന് ഗാംഗുലി പ്രതീക്ഷ പ്രകടിപ്പിച്ചു. ജസ്പ്രീത് ബുമ്രയുടെ ഫോമും പ്രകടനവും പരമ്പരയിൽ നിർണായകമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘‘ഇംഗ്ലണ്ടിൽ നമുക്ക് തീർച്ചയായും വിജയസാധ്യതയുണ്ട്. അതിന് രണ്ടു കാര്യങ്ങളാണ് പ്രധാനം. ഒന്ന്, നന്നായി ബാറ്റു ചെയ്യണം. രണ്ട്, ജസ്പ്രീത് ബുമ്ര പരുക്കിന്റെ പിടിയിലാകാതെ നോക്കണം. യുവനിരയുമായി പോയി നമ്മൾ ഓസ്ട്രേലിയയിൽ ജയിച്ചിട്ടുണ്ട്. അന്ന് വിരാട് കോലിയും രോഹിത് ശർമയും ഉണ്ടായിരുന്നില്ല. ഇവിടെയും അവരുടെ അസാന്നിധ്യത്തിൽ വിജയം നേടാനാകും’ – ഗാംഗുലി പറഞ്ഞു.
English Summary:








English (US) ·