04 July 2025, 05:40 PM IST

എക്താ കപൂർ/ പഹ്‌ലാജ് നിഹലാനി | Photo: PTI
നിര്‍മാതാവ് എക്താ കപൂറിനെ രൂക്ഷമായി വിമര്‍ശിച്ച് നിര്‍മാതാവും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ മുന്‍ തലവനുമായ പഹ്‌ലാജ് നിഹലാനി. എക്താ കപൂറിന്റെ സീരിയലുകള്‍ ഇന്ത്യന്‍ സംസ്‌കാരത്തെ നശിപ്പിച്ചുവെന്നും ഒരു സ്ത്രീ മൂന്ന് തവണ വിവാഹം ചെയ്യുന്നതുപോലെയുള്ള കാര്യങ്ങളാണ് അവരുടെ സീരിയലിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുന്നതെന്നും പഹ്‌ലാജ് നിഹലാനി വ്യക്തമാക്കി. 'ലേണ്‍ ഫ്രം ദി ലെജന്‍ഡ്' എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇന്ന് സംസ്‌കാരം നശിച്ചുകൊണ്ടിരിക്കുകയാണ്. ഒരു സ്ത്രീ മൂന്ന് വിവാഹം കഴിക്കുന്ന തരത്തിലുള്ള കാര്യങ്ങള്‍ നമ്മള്‍ കാണേണ്ടി വരുന്നു. എക്ത കപൂര്‍ എന്ന മഹതിക്ക് അറിയുമോ, ഇവിടെ പുരുഷന്‍മാരെ രണ്ട് തവണ വിവാഹം കഴിക്കാന്‍ അനുവദിക്കുന്നില്ല. എന്നിട്ടും അവര്‍ ഈ സ്ത്രീകളെ മൂന്ന് തവണ വിവാഹം കഴിപ്പിക്കുന്നു. അങ്ങനെയാണ് സംസ്‌കാരം നശിക്കുന്നത്. മുമ്പ് ഇറോട്ടിക് സിനിമകള്‍ വിരലിലെണ്ണാവുന്നത് മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത്തരം സീനുകളുള്ള സിനിമകള്‍ക്ക് ഒരു കുറവുമില്ല.'-പഹ്‌ലാജ് നിഹലാനി പറയുന്നു.
ഹിന്ദി സിനിമയില്‍ വന്ന മാറ്റങ്ങളെ കുറിച്ചും അദ്ദേഹം അഭിമുഖത്തില്‍ സംസാരിച്ചു. 'ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗേ പോലുള്ള ചിത്രങ്ങളില്‍ അഭിനയിച്ച ഷാരൂഖ് ഖാന്‍ പോലും ഇപ്പോള്‍ അദ്ദേഹത്തിന്റെ സിനിമകളില്‍ തോക്ക് പിടിക്കുന്നു. ഇങ്ങനെയുള്ള സിനിമകളാണ് ഇപ്പോള്‍ ബോളിവുഡില്‍ വിജയിക്കുന്നത്. രാമായണത്തേയും മഹാഭാരതത്തേയും ആസ്പദമാക്കി നിര്‍മിച്ച ആര്‍ആര്‍ആര്‍ നോക്കൂ. കല്‍ക്കി 2898 എഡി എന്ന ചിത്തിന്റെ അവസാനഭാഗവും പൂര്‍ണമായും മഹാഭാരതത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ്. നമ്മുടെ സമൂഹത്തില്‍ ഹിന്ദുസ്ഥാനി സംസ്‌കാരം ഇപ്പോഴും ശക്തമാണ്.'- നിഹലാനി പറയുന്നു.
തന്റെ പ്രൊഡക്ഷന്‍ ഹൗസായ ബാലാജി ടെലിഫിലിംസ് വഴി ഒരുപാട് ഹിറ്റ് സീരിയലുകളും സിനിമകളും നിര്‍മിച്ച നിര്‍മാതാവാണ് എക്ത. 'ദി ഡേര്‍ട്ടി പിക്ചര്‍', 'രാഗിണി എംഎംഎസ്', 'വീരേ ദി വെഡ്ഡിംഗ്', 'ഡ്രീം ഗേള്‍' തുടങ്ങിയ സിനിമകള്‍ അവര്‍ നിര്‍മിച്ചു. ഹിന്ദി ടെലിവിഷനില്‍ നിറഞ്ഞോടിയ ഒരുപാട് സീരിയലുകളും നിര്‍മിച്ചിട്ടുണ്ട്.
Content Highlights: ekta kapoor destroyed amerind civilization with her tv shows
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·