ഒരുകാൽ തളര്‍ന്ന അവസ്ഥ, അന്നത്തെ വേദന ആർക്കും മനസ്സിലാവില്ല, ആളുകൾ കാണുന്നത് റോബോട്ടുകളായി -അയ്യർ

4 months ago 5

shreyas iyer

ശ്രേയസ് അയ്യർ | ഫോട്ടോ - പിടിഐ

ന്യൂഡല്‍ഹി: മതിയായതോ അതില്‍ക്കവിഞ്ഞതോ ആയ പ്രകടനം നിരന്തരമായി പുറത്തെടുത്തിട്ടും ടീമിലിടംനേടാനാവാതെപോയ നിര്‍ഭാഗ്യത്തിന്റെ പേരാണ് ശ്രേയസ് അയ്യര്‍. യുഎഇയില്‍ ആരംഭിച്ച ഏഷ്യാകപ്പിനായുള്ള ഇന്ത്യന്‍ ടീമൊരുക്കിയപ്പോഴും അയ്യര്‍ പടിക്ക് പുറത്തായിരുന്നു. ഐപിഎലിലെ ആവര്‍ത്തിച്ചുള്ള സീസണുകളിലും ചാമ്പ്യന്‍സ് ട്രോഫിയിലുമെല്ലാം പ്രതിഭ തെളിയിച്ചിട്ടും പിന്നാലെ വന്ന ഏഷ്യാകപ്പില്‍ ഇടംപിടിച്ചില്ല. താരാധിക്യമെന്നത് ഇന്ത്യയെ സംബന്ധിച്ച ഒരു തലവേദനയാണെങ്കില്‍ക്കൂടിയും, അയ്യരെ പുറത്തിരുത്തിയതിന് അതൊരു ന്യായീകരണമല്ലെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്. എന്തെന്നാല്‍ അടുത്ത കാലത്തായി അത്രമേല്‍ പ്രതിഭ പുലര്‍ത്തിയ താരമാണ് അദ്ദേഹം.

എന്നാല്‍ രണ്ടര കൊല്ലംമുന്‍പ് ഇതായിരുന്നില്ല സ്ഥിതിയെന്ന് തുറന്നുപറയുകയാണ് അയ്യര്‍. പുറംഭാഗത്തേറ്റ പരിക്ക്, കരിയറിന് തന്നെ ഭീഷണിയാവുംവിധം വഷളായി. 2023-ല്‍ പുറംഭാഗത്തെ ഒരു നാഡിക്ക് തകരാറ് സംഭവിച്ചത് വലതുകാലിന്റെ തളര്‍ച്ചയിലേക്ക് വരെ നയിച്ചിരുന്നു. അന്ന് ഒരു കാല്‍ പൂര്‍ണമായും തളര്‍ന്നു. അന്ന് അനുഭവിച്ച വേദന ആര്‍ക്കും മനസ്സിലാവില്ലെന്നുകൂടി പറയുകയാണ് അയ്യര്‍. കാല്‍വിരലിന്റെ അറ്റംവരെ അതിന്റെ കെടുതി വ്യാപിച്ചിരുന്നുവെന്നും GQ-വിന് നല്‍കിയ അഭിമുഖത്തില്‍ ശ്രേയസ് അയ്യര്‍ പറഞ്ഞു.

എല്ലാ കളികളിലും മികച്ച പ്രകടനം കാഴ്ചവെയ്‌ക്കേണ്ട റോബോട്ടുകളായാണ് കായികതാരങ്ങളെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ പിന്നിലെ സംഭവങ്ങളൊന്നും ആര്‍ക്കുമറിയില്ല. നിയന്ത്രിക്കാനാവുന്നതേ തനിക്ക് നിയന്ത്രിക്കാന്‍ കഴിയൂ. കഴിവും ശക്തിയും മെച്ചപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. അവസരം വരുമ്പോള്‍ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2024 ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ് അയ്യര്‍. ക്രീസിലെ ആക്രമണകാരിയായ ബാറ്റര്‍ മാത്രമായല്ല, ഒരു നായകനെന്ന നിലയില്‍ക്കൂടി അദ്ദേഹം അന്ന് മികവ് തെളിയിച്ചു. എന്നിട്ടും ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസിയില്‍നിന്ന് അടുത്ത സീസണില്‍ തഴയപ്പെട്ടു. പിന്നീട് പഞ്ചാബ് കിങ്‌സിന്റെ നായകനായെത്തി. അവിടെയും അദ്ദേഹം മുന്നില്‍നിന്ന് നയിച്ച് ടീമിനെ ഫൈനല്‍വരെയെത്തിച്ചു. ഇതോടെ അയ്യര്‍ക്ക് അര്‍ഹിച്ച സ്ഥാനങ്ങള്‍ ലഭിക്കുമെന്നും എല്ലാ ഫോര്‍മാറ്റിലും കളിക്കുന്ന താരമായി മാറുമെന്നും പരക്കെ വിശ്വസിക്കപ്പെട്ടു.

പിന്നീട് നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാവാന്‍ അവസരമുണ്ടായി. അഞ്ച് ഇന്നിങ്‌സുകളില്‍നിന്നായി 243 റണ്‍സ് നേടി ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ രണ്ടാമത്തെ ടോപ് സ്‌കോററായി. ഐപിഎല്‍ സീസണില്‍ പഞ്ചാബിനായി 50.33 ശരാശരിയില്‍ ആറ് അര്‍ധ സെഞ്ചുറികളോടെ 604 റണ്‍സും നേടിയിരുന്നു. സീസണിലെ ആറാമത്തെ ടോപ് സ്‌കോറര്‍.

Content Highlights: Why Shreyas Iyer's India Snub Raises Questions

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article