ഒരുപാട് കളിയാക്കലുകള്‍ നേരിട്ടിട്ടുണ്ട്, എന്റെ ജീവിതം കൂടിയാണ് 'തലവര'- അഖില്‍ അനില്‍കുമാര്‍

4 months ago 5

മായ്ക്കാന്‍ ശ്രമിക്കുംതോറും ചോരപൊടിയുന്ന പാടുകളുമായി ജീവിക്കുന്ന ഒരു യുവാവ്. ജീവിതം നല്‍കിയ പ്രതിസന്ധികളിലും അയാളെ ചേര്‍ത്തുപിടിക്കാന്‍ ആളുകളുണ്ടാവുന്നു. സ്വപ്‌നങ്ങളിലേക്ക് നടക്കുമ്പോള്‍ അയാള്‍ അനുഭവിക്കേണ്ടിവരുന്ന സംഘര്‍ഷങ്ങള്‍ ഏറെയാണ്. എന്നാല്‍, തലയുയര്‍ത്തി നില്‍ക്കാനുള്ള ശ്രമത്തിന് മുറിപ്പാടുകള്‍ തടസ്സമല്ലെന്ന തിരിച്ചറിവിലേക്ക് എത്തിച്ചേരുന്നു. വിറ്റിലിഗോ എന്ന അവസ്ഥയുള്ള ജ്യോതിഷ് എന്ന കഥാപാത്രമായി അര്‍ജുന്‍ അശോകന്‍ നായകനായ 'തലവര' തീയേറ്ററുകളില്‍ കൈയടി നേടുകയാണ്. ഷെബിന്‍ ബക്കറും മഹേഷ് നാരായണനും ചേര്‍ന്ന് നിര്‍മിച്ച ചിത്രം സംവിധാനംചെയ്തിരിക്കുന്നത് അഖില്‍ അനില്‍കുമാര്‍ ആണ്. ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ അഖില്‍, 'അര്‍ച്ചന 31 നോട്ട് ഔട്ട്', ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജിയിലെ 'ഗീതു അണ്‍ചെയിന്‍ഡ്' എന്നിവയ്ക്ക് ശേഷം സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് 'തലവര'. ചിത്രത്തെക്കുറിച്ച് അഖില്‍ മാതൃഭൂമി ഡോട്ട്‌കോമിനോട് സംസാരിക്കുന്നു...

കഥയില്‍ തെളിഞ്ഞ 'തലവര'

ഷെബിന്‍ ബക്കറിന്റെ നിര്‍മാണത്തില്‍ മറ്റൊരു കഥയിലാണ് ആദ്യം ചിത്രം പദ്ധതിയിട്ടത്. എന്നാല്‍, ആളുകള്‍ക്ക് കുറച്ചുകൂടെ താത്പര്യമുണര്‍ത്തുന്ന കഥ പറയണമെന്ന്‌ തോന്നി. അങ്ങനെയിരിക്കെയാണ് ഒരു ട്രെയിന്‍ യാത്രയ്ക്കിടെ വിറ്റിലിഗോയുള്ള ഒരു കുട്ടിയെ കണ്ടുമുട്ടുന്നത്. മുമ്പ് പലപ്പോഴും അത്തരക്കാരെ കണ്ടിട്ടുണ്ടെങ്കിലും ആദ്യമായി ശ്രദ്ധിക്കുന്നത് അന്നാണ്. ആ കുട്ടിയോട് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.

നേരത്തെ പദ്ധതിയിട്ട കഥയിലും ബോഡി ഷെയ്മിങ്ങും കളിയാക്കലുകളുമായിരുന്നു പ്രമേയം. ഈ കുട്ടിയെ കണ്ടുമുട്ടിയ ശേഷമാണ് വിറ്റിലിഗോയുള്ളയാളെ പ്രധാന കഥാപാത്രമാക്കാമെന്ന് തീരുമാനിക്കുന്നത്. അന്വേഷിച്ചപ്പോള്‍ മലയാളത്തില്‍ എന്നല്ല, ലോകസിനിമയില്‍ തന്നെ വിറ്റിലിഗോയുള്ള കഥാപാത്രം കേന്ദ്രമായി വരുന്ന സിനിമകള്‍ അധികമുണ്ടായിട്ടില്ലെന്ന് മനസിലായി. അങ്ങനെയാണ് ഈ കഥയിലേക്ക് എത്തുന്നത്.

ജ്യോതിഷ് അര്‍ജുന്‍ അശോകനിലേക്ക്

കഥാപാത്രങ്ങളായി ആരേയും മനസില്‍ കണ്ടല്ല കഥകള്‍ എഴുതുന്നത്. അങ്ങനെ എഴുതിയാല്‍ എപ്പോഴും കഥ ഒരു ചട്ടക്കൂടിനുള്ളില്‍ ചുരുങ്ങിപ്പോവും. അത് പാടില്ലെന്നു വിചാരിക്കുന്ന ആളാണ് ഞാന്‍. നിര്‍മാതാവ് ഷെബിന്‍ ബക്കറാണ് അര്‍ജുനെ നിര്‍ദേശിച്ചത്. 'തീപ്പൊരി ബെന്നി'യില്‍ ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്നു. കഥ പറഞ്ഞു തീര്‍ത്തപ്പോള്‍ തന്നെ ഈ വേഷം ചെയ്യാന്‍ അര്‍ജുന്‍ ആണ് നല്ലതെന്ന്‌ തോന്നി. കഥകേട്ടപ്പോള്‍ അര്‍ജുനും വല്ലാത്ത താത്പര്യം തോന്നി. ഞങ്ങള്‍ക്ക് പരസ്പരം പോസിറ്റീവ് വൈബ് കിട്ടി.

പ്രേക്ഷകപ്രതികരണങ്ങള്‍

'തലവര'യുടെ ഷൂട്ടിങ് തുടങ്ങിയപ്പോള്‍ മുതല്‍ തന്നെ നല്ല പ്രതികരണങ്ങള്‍ ലഭിക്കുന്നുണ്ടായിരുന്നു. കഥയറിഞ്ഞ വിറ്റിലിഗോയുള്ള കുറേ സുഹൃത്തുക്കള്‍ സിനിമയ്ക്കായി കാത്തിരിക്കുകയാണെന്ന് അറിയിച്ചു. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തുവന്നപ്പോള്‍ തന്നെ വിറ്റിലിഗോ ഉള്ളൊരാള്‍ മെസേജ് അയച്ചു. നാടുവിടേണ്ടി വന്നതിനെക്കുറിച്ചും തനിച്ച് താമസിക്കുന്നതിനെക്കുറിച്ചുമെല്ലാം അദ്ദേഹം പറഞ്ഞു. ഇങ്ങനെ ഒരു സിനിമ വരുന്നതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് പറഞ്ഞു.

സിനിമ ഇറങ്ങി രണ്ടുദിവസം കഴിഞ്ഞപ്പോള്‍ തൃശ്ശൂരില്‍നിന്ന് ഒരാള്‍ വിളിച്ചിരുന്നു. ചേട്ടാ, ഇതെന്റെ കഥയാണ് എന്ന്‌ പറഞ്ഞു. ഓട്ടോക്കാരനാണ്, എനിക്ക് വിറ്റിലിഗോയുണ്ട്, സിനിമയില്‍ നടന്ന ഒരുപാട് കാര്യങ്ങള്‍ എന്റെ ജീവിതത്തിലും നടന്നിട്ടുണ്ട്, എന്നും എന്നോട് പറഞ്ഞ്‌. ഞാനും അവനും രണ്ടിടങ്ങളില്‍ നില്‍ക്കുന്ന ആളുകളാണ്. പക്ഷേ, ഈ കഥയിലൂടെ സിനിമ ഞങ്ങളെ ഒന്നിപ്പിച്ചതായി എനിക്കുതോന്നി. അയാള്‍ക്ക് എന്നെയോ എന്നെ അയാള്‍ക്കോ അറിയില്ല. എന്നിട്ടും അയാളുടെ കഥ ഞാന്‍ എഴുതിയതായി അദ്ദേഹത്തിന് തോന്നി. സമാനമായി ഒരുപാട് വൈകാരികമായ പ്രതികരണങ്ങള്‍ ലഭിച്ചിട്ടുണ്ട്. എനിക്ക് ഒരുപാട് സന്തോഷമായി.

വിറ്റിലിഗോ ഇല്ലാത്ത ഒരാള്‍ക്കുപോലും കഥ ബന്ധപ്പെടുത്താന്‍ കഴിയണമെന്ന്‌ ആഗ്രഹമുണ്ടായിരുന്നു. പല പ്രതികരണങ്ങള്‍ കേള്‍ക്കുമ്പോഴും ആ രീതിയിലും ഞാന്‍ ഹാപ്പിയാണ്. കുടുംബങ്ങളും യുവാക്കളും ഒരുപോലെ ചിത്രത്തെക്കുറിച്ച് നല്ലത് പറയുന്നു എന്നറിയുമ്പോള്‍ ഒരുപാട് സന്തോഷമുണ്ട്.

'തലവര'യിലെ, ജ്യോതിഷിലെ 'അഖില്‍'

കഥയുടെ അടിസ്ഥാന ആശയം വരുന്നത് കളിയാക്കലുകളില്‍നിന്നാണ്. ഞാന്‍ ഒരുപാട് കളിയാക്കലുകള്‍ നേരിട്ടിട്ടുണ്ട്. കേവലം നാലുദിവസംകൊണ്ടാണ് കഥയുടെ ആദ്യരൂപം എഴുതി തീര്‍ത്തത്. എന്നാല്‍ അത് സിനിമയാവുമ്പോഴേക്ക് ഞാനും സഹതിരക്കഥാകൃത്ത് അപ്പു അസ്ലമും ചേര്‍ന്ന് രണ്ടുവര്‍ഷംകൊണ്ട് 49 ഡ്രാഫ്റ്റുകള്‍ എഴുതി.

അര്‍ജുന്‍ അശോകന്‍ അവതരിപ്പിക്കുന്ന ജ്യോതിഷ് എന്ന കഥാപാത്രം വീട്ടില്‍ തറയില്‍ ബെഡ് ഇട്ട്‌ കിടന്നുറങ്ങുന്ന സീനുണ്ട്. അത് എന്റെ അനുഭവമാണ്. സൗകര്യമില്ലാത്ത വീട്ടില്‍ തറയില്‍ കിടന്നുറങ്ങേണ്ടി വന്നിട്ടുണ്ട്. സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി നോക്കിയിട്ടുണ്ട്. മൂന്നുവര്‍ഷത്തോളം പാര്‍ട്ട് ടൈം ആയി അവിടെ ജോലി ചെയ്തു. ക്യാമറയ്ക്കു മുന്നില്‍ നില്‍ക്കാന്‍ അപകര്‍ഷതയുണ്ടായിരുന്നു. മെലിഞ്ഞതിന്റെ പേരില്‍, മുടിയുടെ പേരില്‍, പല്ലിന്റെ പേരില്‍ എല്ലാം എനിക്ക് കളിയാക്കലുകള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. എന്റെ ജീവിതം കൂടി ആ കഥാപാത്രത്തിലുണ്ട്. എന്നെ കളിയാക്കുന്നവരെ ഞാന്‍ തിരിച്ചു കളിയാക്കുന്ന അവസ്ഥവരെ എത്തിയിരുന്നു. എന്നെ വേദനിപ്പിക്കുന്നവരെ തിരിച്ചു വേദനിപ്പിക്കുന്ന രീതി. എന്നെ തന്നെ മനസില്‍വെച്ചാണ് ജ്യോതിഷ് എന്ന കഥാപാത്രത്തിന് രൂപം നല്‍കിയത്. ഞാനും അപ്പുവും ചുറ്റിലും കണ്ട ഒരുപാട് ആളുകളുടെ ജീവിതം കഥയിലുണ്ട്.

ജ്യോതിഷ് എന്തുകൊണ്ട് സിനിമയ്ക്ക് പിന്നാലെ പോകുന്നു?

സിനിമയില്‍ അടിസ്ഥാനപരമായി സൗന്ദര്യത്തിന് പ്രാധാന്യമുണ്ട്. ഒരുപാട് സിനിമകള്‍ ചര്‍ച്ച ചെയ്ത ഒരുകാര്യം കൂടിയാണത്. ഞാന്‍ ഒരു സംവിധായകനായി തീരുന്നതുപോലും അതുകൊണ്ടാണ്. അഭിനേതാവ് ആവണമെന്ന ആഗ്രഹത്തോടെയാണ് ഞാന്‍ സിനിമയില്‍ എത്തിയത്. 'മിന്നല്‍ മുരളി'യില്‍ ഹരിശ്രീ അശോകന്‍ ചേട്ടന്റെ കുട്ടിക്കാലം ചെയ്തത് ഞാനാണ്. കോളേജില്‍ പഠിക്കുന്ന കാലത്ത് ഞാന്‍ ഷോര്‍ട്ട് ഫിലിമുകളില്‍ അഭിനയിച്ചിരുന്നു. പക്ഷേ, കോളേജിലെ ആദ്യദിവസം അധ്യാപകന്‍ ഭാവിയില്‍ എന്താവാനാണ്‌ ആഗ്രഹമെന്ന് ചോദിച്ചപ്പോള്‍ നടന്‍ ആവണമെന്ന് എനിക്ക് പറയണമെന്നുണ്ടായിരുന്നു. അങ്ങനെ പറഞ്ഞാല്‍ എല്ലാവരും കളിയാക്കുമോ എന്ന് പേടിച്ചിട്ടോ എന്റെ രൂപം ഒരു നടന് ചേരില്ലെന്ന അപകര്‍ഷതകൊണ്ടോ ഞാന്‍ ആഗ്രഹം തുറന്നുപറഞ്ഞില്ല. പകരം ഞാന്‍ ഒരു സംവിധായകന്‍ ആവണമെന്ന് പറഞ്ഞു. അതൊക്കെയാവാം 'തലവര'യില്‍ ജ്യോതിഷ് എന്ന കഥാപാത്രത്തിന്റെ സ്വപ്‌നമായി സിനിമ തന്നെ സെറ്റ് ചെയ്യാന്‍ കാരണമെന്ന്‌ തോന്നുന്നു.

സിനിമയില്‍ സൗന്ദര്യവുമായി ബന്ധപ്പെട്ട് അലിഖിതമായ നിയമങ്ങളുണ്ട്. എന്നാല്‍, വിറ്റിലിഗോ ഉള്ളവരും സിനിമ ആഗ്രഹിക്കുന്നതില്‍ ഒരു തെറ്റുമില്ലെന്ന്‌ പറയണമെന്ന് തോന്നി. അത് പ്രേക്ഷകര്‍ക്ക് കുറച്ചുകൂടെ താത്പര്യം ഉണര്‍ത്തുന്നതാവുമെന്നും തോന്നി. സമൂഹത്തോട് കുറച്ചു കാര്യങ്ങള്‍ പറയാനും കഴിയും എന്നൊരു ബോധ്യമുണ്ടായിരുന്നു. അതിന് പുറമേ, ഇത്തരം ആഗ്രഹങ്ങളുമായി ഒതുങ്ങിക്കൂടിയിരിക്കുന്ന എവിടെയെങ്കിലുമുള്ള ഒരാള്‍ക്കെങ്കിലും സിനിമ പ്രചോദനമാവാമെന്നും തോന്നി. ഫോട്ടോ എടുക്കാന്‍ മടിക്കുന്ന ഒരാളാണ് ചിത്രത്തില്‍ ജ്യോതിഷ്. എന്നാല്‍, അയാള്‍ സിനിമ ആഗ്രഹിക്കുന്നു. അയാളെ സംബന്ധിച്ച് അതൊരു അപ്രാപ്യമായ ആഗ്രഹമാണ്. സിനിമ വരെ എത്തിയില്ലെങ്കിലും ഫില്‍റ്ററില്ലാതെ ഒരു ഫോട്ടോ പങ്കുവെക്കാനെങ്കിലുമുള്ള ആത്മവിശ്വാസം എന്റെ സിനിമയ്ക്ക് കൊടുക്കാന്‍ പറ്റണമെന്ന് ഞാന്‍ തീരുമാനിച്ചു.

ജ്യോതിഷിന്റെ രൂപം

അര്‍ജുന്റെ ഗെറ്റപ്പിലേക്ക് എത്താന്‍ ഓരോ ദിവസവും ഒരുമണിക്കൂറോളം മേക്കപ്പിനായി മാറ്റിവെക്കേണ്ടി വന്നിരുന്നു. അതിന് സഹായിക്കാനായി സ്ഥിരമായി ഒരു സംവിധാന സഹായിയെ നിയോഗിച്ചു. അദ്ദേഹത്തിന്റെ കൈയില്‍ എപ്പോഴും അര്‍ജുന്റെ ഗെറ്റപ്പിലുള്ള ഒരു A3 സൈസ് ഫോട്ടോ പ്രിന്റ് ചെയ്ത് സൂക്ഷിക്കുമായിരുന്നു. ഷൂട്ടിങ്ങിനിടെ മാറ്റം വരുമ്പോഴൊക്കെ വീണ്ടും മേക്കപ്പിന് സമയം നല്‍കും. ചില അവസരങ്ങളില്‍ ആദ്യത്തേതില്‍നിന്ന് ചെറിയ മാറ്റംപോലും വരുത്തിയിട്ടുണ്ട്.

ലുക്ക് ടെസ്റ്റ് നടത്തി. പിന്നീട് ഷൂട്ടിലേക്ക് കടന്നു. ക്യാമറയിലും നേരിട്ടും കാണുമ്പോള്‍ ചില വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. അതിനനുസരിച്ച് മാറ്റങ്ങള്‍ വരുത്തി. ചെറിയ ഇന്‍ഡസ്ട്രിയാണ് നമ്മുടേത്. ഓരോ സിനിമ ചെയ്തു തീര്‍ക്കാന്‍ ഒരു സമയമുണ്ട്. അതിനിടയില്‍ വേണം ഇത്തരം കാര്യങ്ങളും ശ്രദ്ധിക്കാന്‍. ഷൂട്ടിങ് തുടങ്ങി ആദ്യത്തെ കുറച്ച് ദിവസങ്ങളില്‍ ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. പിന്നീടത് ട്രാക്കിലായി.

ഒരുദിവസം തമിഴ്‌നാട്ടില്‍ ഷൂട്ട് നടന്നുകൊണ്ടിരിക്കുമ്പോള്‍ പുറത്തുനിന്ന് ഓരാള്‍ വന്നു. തമിഴ് സംസാരിക്കുന്ന ആളായിരുന്നു. അര്‍ജുനാണെന്ന് അയാള്‍ക്ക് മനസിലായിരുന്നില്ല. അദ്ദേഹം തമിഴില്‍, 'തമ്പി ഭയപ്പെടാതെ, ഇതുക്കെല്ലാം ഇപ്പോ മെഡിസിന്‍ എല്ലാം ഇരുക്കെന്ന് കേട്ടിരിക്കേ' എന്ന് അര്‍ജുനോട് പറഞ്ഞു. അര്‍ജുന്‍ വിറ്റിലിഗോ ഉള്ള ആളാണെന്ന് അദ്ദേഹം ശരിക്കും കരുതി. ആ പ്രതികരണം ഞങ്ങള്‍ക്ക് വലിയ ആത്മവിശ്വാസം തന്നു.

രഞ്ജിത്ത് അമ്പാടിയും അര്‍ജുന്‍ അശോകനും | Photo: Instagram/ Ranjith Ambady

എങ്കിലും ചിലപ്പോള്‍ ടേക്കുകള്‍ നീണ്ടുപോവുമ്പോള്‍ ചെറിയ വ്യത്യാസം ഒക്കെ വരും. അത്തരം കാര്യങ്ങള്‍ നമ്മുടെ കൈയില്‍ നില്‍ക്കുന്നതായിരുന്നില്ല. ഗെറ്റപ്പിന്റെ കാര്യത്തില്‍ പരമാവധി തുടര്‍ച്ച നിലനിര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്.

'അര്‍ച്ചന 31 നോട്ട് ഔട്ട്', 'തലവര'; എന്തുകൊണ്ട് പാലക്കാട്

പാലക്കാട് ഒലവക്കോടാണ് എന്റെ വീട്. 'അര്‍ച്ചന 31 നോട്ട് ഔട്ട്' എന്റെ ആദ്യസിനിമയാണ്. ഗ്രാമത്തില്‍ നടക്കുന്ന കഥയാണ്. എനിക്ക് അടുത്തറിയാവുന്ന ഗ്രാമങ്ങള്‍ പാലക്കാട്ടേത് മാത്രമായിരുന്നു. അതുകൊണ്ടാണ് ആദ്യചിത്രത്തിന്റെ കഥ പറയാന്‍ പാലക്കാട് തന്നെ തിരഞ്ഞെടുത്തത്. രണ്ടാം ചിത്രം, ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജിയിലെ 'ഗീതു അണ്‍ചെയിന്‍ഡ്' ചിത്രീകരിക്കുന്നത് കൊച്ചിയിലാണ്. ആ കഥ നടക്കുന്നത് എവിടെയാണ് എന്നത് ചിത്രത്തെ കാര്യമായി ബാധിക്കുന്ന കാര്യമായിരുന്നില്ല.

'തലവര' ഒരു നഗരത്തില്‍ നടക്കുന്ന കഥയാണ്. നഗരത്തിന് കഥയില്‍ വലിയ പ്രാധാന്യമുണ്ട്. ജ്യോതിഷിന്റെ ചുറ്റിലും തലയ്ക്കു മുകളിലും വാഹനങ്ങള്‍ ഓടുന്നുണ്ട്. അതിനിടയിലും ഒറ്റപ്പെട്ടു ജീവിക്കുന്ന മനുഷ്യനാണ് ജ്യോതിഷ്. ഉപയോഗിക്കുന്ന ഭാഷയ്ക്കും വലിയ പ്രാധാന്യമുണ്ട്. മറ്റൊരു ശൈലിയില്‍ പറഞ്ഞാല്‍ ഒരുപക്ഷേ അതിനാടകീയമായിപ്പോവുന്ന സംഭാഷണങ്ങള്‍ പാലക്കാടന്‍ ഭാഷയില്‍ കുറച്ചുകൂടി സ്വാഭാവികമായി അവതരിപ്പിക്കാന്‍ കഴിഞ്ഞേക്കും.

പാലക്കാട് ടൗണ്‍ എനിക്ക് നന്നായി അറിയാം. പാലക്കാടിന്റെ സിനിമാ കള്‍ച്ചറും എനിക്ക് ആവശ്യമായിരുന്നു. കഥ നടക്കുന്നത് ജെമിനി എന്ന് പേരുള്ള ഒരു തെരുവിലാണ്. വിക്രത്തിന്റെ 'ജെമിനി' ഷൂട്ട് ചെയ്തതുകൊണ്ടാണ് പ്രദേശത്തിന് ആ പേര് വന്നത് എന്നാണ് ചിത്രത്തില്‍ പറയുന്നത്. എന്നാല്‍, യഥാര്‍ഥത്തില്‍ അങ്ങനെ ഒരു സ്ഥലമില്ല, അവിടെ സിനിമ ഷൂട്ട് ചെയ്തിട്ടുമില്ല. എന്നാല്‍, പാലക്കാടിന്റെ സിനിമാ കള്‍ച്ചറുമായി ചേര്‍ത്തു വായിക്കുമ്പോള്‍ ആളുകള്‍ അത് വിശ്വസിച്ചോളും. നമ്മുടെ നാട്ടില്‍ റീ റിലീസ് ട്രെന്‍ഡ് വരുന്നതിന് മുമ്പേ തന്നെ, തമിഴ് നായകന്മാരുടെ പിറന്നാളിനും മറ്റും ചിത്രം റീ റിലീസ് ചെയ്യാറുണ്ടായിരുന്നു. അതുകൊണ്ട് പാലക്കാട് കഥപറയുമ്പോള്‍, തമിഴ് സംസ്‌കാരം കൂടെ കഥയില്‍ ഉപയോഗിക്കാനുള്ള സാധ്യത തുറന്നുവരുന്നുണ്ട്. നായികയെ തമിഴ് സംസാരിക്കുന്ന കഥാപാത്രമാക്കാം. നായികയുടെ പല സംഭാഷണങ്ങളം നാടകീയമായ ഭാഷയിലാണ്. മലയാളത്തില്‍ പറഞ്ഞിരുന്നെങ്കില്‍ ഒരുപക്ഷേ ചേര്‍ച്ചക്കുറവ് തോന്നുമായിരുന്നു. മറ്റ് കഥാപാത്രങ്ങളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായ പശ്ചാത്തലത്തില്‍നിന്നുള്ള നായികയെ കൊണ്ടുവരാനും ഈ തമിഴ് കള്‍ച്ചര്‍ സഹായിച്ചിട്ടുണ്ട്. തമിഴ്- സിനിമാ സംസ്‌കാരം അവതരിപ്പിക്കാനും സംഭാഷണങ്ങളിലെ നാടകീയത ഒഴിവാക്കാനും കഥാപശ്ചാത്തലമായി പാലക്കാട് തിരഞ്ഞെടുത്തതിലൂടെ സാധിച്ചിട്ടുണ്ട്.

സഹതാപം അര്‍ഹിക്കുന്നവര്‍; പക്ഷേ അതിവൈകാരികതയില്ല

അര്‍ച്ചനയെ ആണെങ്കിലും ജ്യോതിഷിനെയാണെങ്കിലും കേവലം സഹതാപം പിടിച്ചുപറ്റുന്ന കഥാപാത്രങ്ങളായി മാത്രം അവതരിപ്പിക്കാതിരിക്കുക എന്ന ആഗ്രഹമുണ്ടായിരുന്നു. അത് പ്രേക്ഷന് ചിലപ്പോള്‍ മടുപ്പുണ്ടാക്കിയേക്കും. അര്‍ച്ചനയ്ക്ക് സഹതാപം അര്‍ഹിക്കുന്ന തരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. ജ്യോതിഷിന് പരിഹാസങ്ങളെ നേരിടേണ്ടിവരുന്നുണ്ട്. അവര്‍ അവരുടെ അസ്തിത്വത്തില്‍നിന്നുകൊണ്ടുതന്നെ അവ എങ്ങനെ നേരിടുന്നു എന്നിടത്താണ് സിനിമയുള്ളത്. നിരന്തരം പ്രതിസന്ധികളെ നേരിടുകയും അതിനെ സ്വാഭാവികമായി തന്നെ മറികടക്കുകയും ചെയ്യുമ്പോള്‍ ആളുകള്‍ക്ക് കഥാപാത്രത്തോട് സഹതാപത്തേക്കാള്‍ ബഹുമാനം തോന്നും.

സിനിമയുടെ കഥയെഴുത്തുമായി ബന്ധപ്പെട്ട നിയമങ്ങള്‍ എന്റെ തിരക്കഥയില്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഞാന്‍ താരതമ്യപ്പെടുത്തി നോക്കുമായിരുന്നു. ആളുകളോട് കഥ പറഞ്ഞ് അവരുടെ പ്രതികരണവും ശ്രദ്ധിക്കും. അതുകൊണ്ടൊക്കെ തന്നെയാവാം സഹതാപത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാതെ കഥകളെഴുതാന്‍ സാധിക്കുന്നത്.

അഭിനയത്തില്‍ താത്പര്യമില്ലാത്ത നടന്‍; സിനിമയ്ക്കുള്ളിലെ സിനിമാ ട്രോള്‍

അഭിനയിക്കാതെ ട്രിപ്പ് പോവുന്ന നടന്‍ പക്ഷേ, ക്യാമറ്ക്ക് മുന്നിലെത്തുമ്പോള്‍ നല്ല പ്രകടനം കാഴ്ചവെക്കുന്ന ഒരു സീന്‍ മുമ്പ് കാണിക്കുന്നുണ്ട്. അയാളുടെ ആദ്യപടം നല്ല രീതിയില്‍ സ്വീകരിക്കപ്പെട്ടതായി അയാളെ കാണിക്കാതെ തന്നെ തുടക്കത്തില്‍ പറയുന്നുണ്ട്. എങ്കിലും ജോലിയില്‍ മടുപ്പുണ്ടാകും. അതില്‍നിന്ന് രക്ഷനേടാനാണ്‌ അയാള്‍ ട്രിപ്പ് പോവുന്നത്. അത് നമ്മള്‍ കുറ്റമായിട്ടല്ല കാണിച്ചത്. അയാള്‍ വ്യക്തിജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വരുന്ന വൈരുധ്യത്തെയാണ് അവിടെ കാണിക്കുന്നത്. അതേസമയം, അതിന്റെ മറ്റൊരു വശമായ, നിര്‍മാതാവിനുണ്ടാവുന്ന പ്രശ്‌നവും കാണിക്കുന്നുണ്ട്. ഓരോ കഥാപാത്രങ്ങള്‍ക്കും അവരുടേതായ കാരണങ്ങള്‍ ഉണ്ട്. സിനിമ തുടങ്ങുമ്പോള്‍ തന്നെ എല്ലാ കഥാപാത്രങ്ങളുടേയും കഥ തുടങ്ങുന്നുണ്ട്. ആരേയും ട്രോളണം എന്ന ഉദ്ദേശ്യമുണ്ടായിരുന്നില്ല. ചുറ്റിലും കണ്ട കാഴ്ചകളും സുഹൃത്‌- കുടുംബ വലയങ്ങളിലെ അനുഭവങ്ങളുമാണ് കഥയാക്കി മാറ്റുന്നത്. കഥാപാത്രങ്ങള്‍ റിയലായിരിക്കണം എന്ന് താത്പര്യമുണ്ടായിരുന്നു.

മാര്‍ട്ടിന്‍ പ്രക്കാട്ട്, ജിയോ ബേബി, മഹേഷ് നാരായണന്‍- സംവിധായകരായ നിര്‍മാതാക്കള്‍

എന്റെ മൂന്ന് ചിത്രങ്ങളിലും നിര്‍മാതാക്കളുടെ വേഷത്തില്‍ സംവിധായകരുണ്ട്. 'അര്‍ച്ചന'യുടെ കഥ നിര്‍മാതാക്കളില്‍ ഒരാളായ രഞ്ജിത്തേട്ടനോടാണ് (രഞ്ജിത് നായര്‍) ആദ്യം പറയുന്നത്. രഞ്ജിത്തേട്ടന്‍ വഴിയാണ് മാര്‍ട്ടിന്‍ പ്രക്കാട്ടിലേക്ക് എത്തുന്നത്. 'ഗീതു അണ്‍ചെയിന്‍ഡി'ന്റെ കഥ ആദ്യം പറയുന്നത് ജിയോ ചേട്ടനോടാണ്. അദ്ദേഹത്തിന് ഓക്കേ ആയിട്ടാണ് ജോമോന്‍ ജേക്കബ് എന്ന നിര്‍മാതാവിലേക്ക് പോവുന്നത്. ഷെബിന്‍ ചേട്ടന് കഥയിഷ്ടപ്പെട്ട ശേഷം അദ്ദേഹമാണ് 'തലവര' മഹേഷ് നാരായണിലേക്ക് എത്തിക്കുന്നത്. ഇതൊന്നും നേരത്തെ തീരുമാനിക്കുന്നതല്ല, യാദൃച്ഛികമായി സംഭവിക്കുന്നതാണ്. ജിയോ ചേട്ടനുമായി ഏറെക്കാലത്തെ ബന്ധമുണ്ട്. എന്നാല്‍, മാര്‍ട്ടിന്‍ ചേട്ടനേയും മഹേഷ് നാരായണനേയും സിനിമ വഴിയാണ് പരിചയപ്പെടുന്നത്.

അര്‍ജുന്‍, രേവതി, അശോകന്‍- ചിത്രത്തിനൊപ്പം നിന്ന പ്രകടനങ്ങള്‍

കഥ കേട്ടപ്പോള്‍ മുതല്‍ സിനിമ പുറത്തിറങ്ങിയ ശേഷവും 'തലവര'യ്‌ക്കൊപ്പം നില്‍ക്കുന്ന മനുഷ്യനാണ് അര്‍ജുന്‍. ഇന്റര്‍വെല്‍ സീനില്‍ അര്‍ജുന്‍ സൂക്ഷ്മമായ ഒരു പ്രകടനം കാഴ്ചവെക്കുന്നുണ്ട്. ആ സീനില്‍ ജ്യോതിഷ് അനുഭവിക്കുന്ന അരക്ഷിതാവസ്ഥ മുഴുവന്‍ രണ്ട് വിരലുകളുടെ ചലനത്തിലൂടെ അര്‍ജുന്‍ കാണിക്കുന്നുണ്ട്. ഇത് ഷൂട്ടിങ് സമയത്തോ എഡിറ്റങ്ങിനുവേണ്ടി പലതവണ കണ്ടപ്പോഴോ എന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. സൗണ്ട് മിക്‌സിങ്ങിന്റെ വേളയില്‍ വലിയ സ്‌ക്രീനില്‍ കണ്ടപ്പോള്‍ മാത്രമാണ് ഞാന്‍ അത് തിരിച്ചറിയുന്നത്. വേണ്ട കാര്യം പറഞ്ഞുകൊടുത്താല്‍ പ്രതീക്ഷിക്കുന്നതിലും അപ്പുറമുള്ള കാര്യങ്ങള്‍ അഭിനയിച്ച് ഫലിപ്പിക്കാന്‍ അര്‍ജുന് കഴിയും.

കഥാപാത്രത്തിന്റെ ഭാഷാശൈലി പഠിക്കാന്‍ അര്‍ജുന്‍ അഞ്ചുദിവസം മുമ്പേ വന്നു. പൊടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിഷ്ണുവിനോടും അവിടുത്തെ നാട്ടുകാരോടും സംസാരിച്ചാണ് അര്‍ജുന്‍ ഭാഷ പഠിച്ചെടുത്തത്. ഒന്നും കൂട്ടിച്ചേര്‍ക്കാതെ സ്വാഭാവികമായ പാലക്കാടന്‍ ഭാഷ ഉപയോഗിച്ചാല്‍ മതിയെന്നു തീരുമാനിച്ചിരുന്നു. അത് അങ്ങനെതന്നെ അര്‍ജുന്‍ പഠിച്ചെടുത്തു. ഡബ്ബിങ്ങിനിടെ ഞാന്‍ മറന്നുപോയാല്‍ പോലും അര്‍ജുന്‍ ശൈലിയുടെ കാര്യം ഓര്‍മിപ്പിക്കും. കഥാപാത്രം പരമാവധി മികച്ചതാക്കാന്‍ അര്‍ജുന്‍ പരിശ്രമിച്ചിരുന്നു.

അഖിലും ദേവദര്‍ശിനി ചേതനും, അഖിലും അശോകനും | Photo: Instagram/ Akhil Anilkumar

ചിത്രത്തില്‍ തന്റെ കൈയിലെ പാടില്‍ ജ്യോതിഷ് നഖം കൊണ്ടുരയ്ക്കുന്ന സീനുണ്ട്. അത് ചെയ്തപ്പോള്‍ ശരിക്കും മുറിഞ്ഞ് ചോര പൊടിഞ്ഞു. അത്രയും കഥാപാത്രത്തിനുവേണ്ടി അര്‍ജുന്‍ പരിശ്രമിച്ചിട്ടുണ്ട്. ഓരോ ഷോട്ടിലും പുതിയ കാര്യങ്ങള്‍ അര്‍ജുന്‍ ചെയ്യുമായിരുന്നു. ക്ലൈമാക്‌സ് സീനിലെ സിംഗിള്‍ ഷോട്ട് ആദ്യ ടേക്കില്‍ തന്നെ ഓക്കേയായി.

മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചവരും 'എന്തിനും റെഡിയാണ്' എന്ന രീതിയിലാണ് 'തലവര'യ്ക്കുവേണ്ടി തയ്യാറായത്. നായികയായി അഭിനയിച്ച രേവതി ശര്‍മയുടെ കാര്യം പ്രത്യേകം എടുത്തുപറയണം. റാഫി നേരത്തെ ചെയ്തതില്‍നിന്ന് വ്യത്യസ്തമാണ്‌ 'തലവര'യിലെ കഥാപാത്രം. ആവശ്യമുള്ളതു പറഞ്ഞുകൊടുത്താല്‍ അതുപോലെ തന്നെ റാഫി ചെയ്തുതരും. ജ്യോതിഷിന്റെ സഹോദരിയായി അഭിനയിച്ച ആതിര മറിയം പുതുമുഖമാണ്. ശരത് സഭയും വിഷ്ണു രഘുവും അശോകന്‍ ചേട്ടനും ദേവദര്‍ശിനി മാമും ഉള്‍പ്പെടെ എല്ലാവരും മികച്ച പ്രകടനങ്ങളാണ് കാഴ്ചവെച്ചത്. നമുക്ക് ഇഷ്ടപ്പെടാത്ത, ആവശ്യമില്ലാത്ത ഒരു കാര്യവും ആരും ചെയ്യില്ല. എന്താണ് വേണ്ടതെന്ന ചോദ്യമാണ് എല്ലാവരും എപ്പോഴും ചോദിക്കുക. അഡ്ജസ്റ്റ് ചെയ്തൂടേ എന്ന് ചോദിക്കാറില്ല. ഇത്തരം അഭിനേതാക്കളുടേയും സാങ്കേതിക പ്രവര്‍ത്തകരുടേയും കൂടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് എന്റെ ഭാഗ്യവും സന്തോഷവും. എല്ലാവര്‍ക്കും ചിത്രത്തോടും കഥയോടും വലിയ താത്പര്യമുണ്ടായിരുന്നു. അത് അവര്‍ തങ്ങളുടെ പ്രകടനത്തിലൂടെ തിരിച്ചുനല്‍കി.

രഞ്ജിത്ത് അമ്പാടി മുതല്‍ ഇലക്ട്രോണിക് കിളി വരെ

'ആടുജീവിതം' ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച രഞ്ജിത്ത് അമ്പാടിയാണ് ചിത്രത്തിന്റെ മേക്കപ്പ്മാന്‍. അദ്ദേഹത്തിന്റെ ടീം എപ്പോഴും ചിത്രത്തിനൊപ്പം ഉണ്ടായിരുന്നു. രഞ്ജിത്തേട്ടന്റെ പിന്തുണ സിനിമയെ സംബന്ധിച്ച് ചില്ലറക്കാര്യമല്ല. ക്യാമറ ചെയ്ത അനിരുദ്ധ്‌, എഡിറ്റര്‍ രാഹുല്‍, വസ്ത്രാലങ്കാരം നിര്‍വഹിച്ച അക്ഷയ പ്രസന്നന്‍, കലാസംവിധായകന്‍ മിഥുന്‍ ചാലിശ്ശേരി എന്നിവരെല്ലാം വലിയ പിന്തുണയാണ് നല്‍കിയത്. ചിത്രത്തില്‍ കഥാപാത്രങ്ങളുടെ പല വസ്ത്രങ്ങളും ഒറിജിനല്‍ തന്നെയാണ് ഉപയോഗിച്ചത്. ചിത്രത്തിലെ ജ്യോതിഷിന്റെ വീട് സെറ്റിട്ടതല്ല, ശരിക്കുമുള്ളതാണ്. അഞ്ചോളം അംഗങ്ങളുള്ള ഒരു കുടുംബം താമസിക്കുന്നതാണ് ആ ചെറിയ വീട്.

സിനിമയില്‍ ഞാന്‍ എന്താണ് പറയാന്‍ ഉദ്ദേശിക്കുന്നതെന്ന്‌ ഒപ്പം പ്രവര്‍ത്തിച്ചവര്‍ക്ക് എളുപ്പം മനസിലായി എന്നതാണ് എനിക്ക് ലഭിച്ച ഭാഗ്യങ്ങളിലൊന്ന്. വളരെ വൈകി 'തലവര'യ്‌ക്കൊപ്പം ചേര്‍ന്ന ആളാണ് ഇലക്ട്രോണിക് കിളി. തിരക്കഥയില്‍ തന്നെ പലയിടത്തും റെഫറന്‍സിനുള്ള മ്യൂസിക് സൂചിപ്പിച്ചിരുന്നു. ഞാന്‍ ആവശ്യപ്പെട്ടതിനേക്കാള്‍ ഒരുപടി മേലെയുള്ള കാര്യങ്ങളാണ് കിളി തന്നുകൊണ്ടിരുന്നത്. പോകെപോകെ എനിക്ക് എന്താണ് ആവശ്യമെന്ന് അവന് സ്വയം മനസിലാവാന്‍ തുടങ്ങി. അര്‍ജുനോട് ഉള്ളതുപോലെ തന്നെ ദൃഢമായ ബന്ധം സിനിമയ്‌ക്കൊപ്പം കിളിയുമായി ഉണ്ടായി. അവന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് വലിയ സന്തോഷമാണ്.

അഖിലിന്റെ സിനിമാ വഴികള്‍

ഷോര്‍ട്ട്‌ ഫിലിമുകളില്‍ അഭിനയിച്ചാണ് ഞാന്‍ തുടങ്ങിയത്. നായകനേക്കാള്‍ കോമഡി- ക്യാരക്ടര്‍ റോളുകള്‍ ആയിരുന്നു ഇഷ്ടം. കോളേജില്‍ പോയപ്പോള്‍ സംവിധായകനാവാനാണ് താത്പര്യം എന്ന് പറഞ്ഞതുകേട്ട്, 'സിനിമയൊന്നുമില്ലേ', എന്ന്‌ ആളുകള്‍ ഇങ്ങോട്ട് ചോദിക്കാന്‍ തുടങ്ങി. അങ്ങനെയാണ് 'അടി- ഫൈറ്റ് ആന്‍ഡ് ഫൈറ്റ് ഓണ്‍ലി' എന്ന ഷോര്‍ട്ട്‌ ഫിലിം ചെയ്യുന്നത്. അത് ശ്രദ്ധിക്കപ്പെട്ടു. രണ്ടാമത്തെ ഷോര്‍ട്ട്‌ ഫിലിമും കൂടുതല്‍ ആളുകളിലേക്ക് എത്തിയപ്പോള്‍ ആദ്യമായി ഷോര്‍ട്ട്‌ ഫിലിം നിര്‍മിക്കാന്‍ ഒരു നിര്‍മാതാവ് വന്നു. അന്നത്തെ കാലത്ത് ഷോര്‍ട്ട്‌ ഫിലിമിന് പണം മുടക്കാന്‍ നിര്‍മാതാവ് വരിക എന്നത് വലിയ കാര്യമായിരുന്നു. അതും വലിയ ഹിറ്റായി, സിനിമാ മേഖലയില്‍ ഉള്ളവര്‍ തന്നെ അത് ഷെയര്‍ ചെയ്യാന്‍ തുടങ്ങി.

ഷോര്‍ട്ട്‌ ഫിലിമുകളില്‍ സ്വന്തമായിട്ടായിരുന്നു സൗണ്ട് ഡിസൈന്‍ ചെയ്തത്. തുടര്‍ന്ന് സൗണ്ട് ഡിസൈന്‍ പഠിക്കാന്‍ തീരുമാനിച്ചു. സിനിമ ചെയ്യണം എന്ന ആഗ്രഹത്തോടെയാണ് വീട്ടില്‍ കൈയും കാലും പിടിച്ച് സമ്മതിപ്പിച്ച ശേഷം കൊച്ചിയിലേക്ക് പഠനത്തിനായി എത്തുന്നത്. പഠിക്കുന്ന സമയത്താണ് 'ദേവിക +2 ബയോളജി' ചെയ്തത്. ആ ഷോര്‍ട്ട്‌ ഫിലിം ഹിറ്റായി. 'അര്‍ച്ചന 31 നോട്ട് ഔട്ട്' സ്‌ക്രിപ്റ്റ് പൂര്‍ത്തിയായെങ്കിലും, സ്ത്രീപ്രാധാന്യമുള്ള ഷോര്‍ട്ട്‌ ഫിലിമുകളൊന്നും നിര്‍മാതാക്കളെ കാണിക്കാന്‍ ഉണ്ടായിരുന്നില്ല. അതിനുവേണ്ടി ചെയ്തതായിരുന്നു 'ദേവിക'. അതുവഴിയാണ് 'അര്‍ച്ചന' യാഥാര്‍ഥ്യമാവുന്നത്. സഹസംവിധായകനായി പ്രവര്‍ത്തിച്ച പരിചയം പോലുമില്ലാതെയാണ് ആദ്യസിനിമ, 'അര്‍ച്ചന 31 നോട്ട് ഔട്ട്' സംവിധാനംചെയ്യുന്നത്.

22-ാം വയസ്സിലാണ് 'അര്‍ച്ചന'യുടെ ജോലികള്‍ ആരംഭിക്കുന്നത്. പടം റിലീസ് ആവുമ്പോഴേക്ക് 25 വയസ്സായി. ഷൂട്ടിങ് തുടങ്ങാനിരിക്കെ കോവിഡ് മൂലം പ്രതിസന്ധി നേരിട്ടു. അതേസമയത്താണ്, പിന്നീടുള്ള രണ്ട് ചിത്രങ്ങളുടേയും കഥയെഴുതുന്നത്.

കോവിഡിന്റെ പ്രശ്‌നങ്ങളെത്തുടര്‍ന്ന് 'അര്‍ച്ചന' വളരേ നീണ്ടുപോയി. സ്‌ക്രിപ്റ്റ് ലോക്ക് ചെയ്താല്‍ പിന്നെ അതില്‍ മാറ്റങ്ങള്‍ വരുത്താന്‍ പാടില്ല എന്നായിരുന്നു ഞാന്‍ അന്ന് കരുതിയിരുന്നത്. സ്‌ക്രിപ്റ്റിന് കാലപ്പഴക്കം സംഭവിക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു. 'അര്‍ച്ചന'യില്‍നിന്നാണ് ആ പാഠം പഠിച്ചത്. 'അര്‍ച്ചന'യുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുമ്പോഴാണ് ജിയോ ചേട്ടന്റെ അടുത്ത് 'ഗീതു'വിന്റെ കഥ പറയുന്നത്. ഷോര്‍ട്ട്‌ ഫിലിമിനുവേണ്ടിയാണ് അദ്ദേഹത്തെ സമീപിച്ചത്. എന്നാല്‍, അദ്ദേഹം ആന്തോളജി പദ്ധതിയിടുന്നതായി പറഞ്ഞു. എന്നോട് ഒപ്പം കൂടാന്‍ താത്പര്യമുണ്ടോ എന്ന് ചോദിച്ചു. രജിഷയോട് കഥ പറഞ്ഞു. പിന്നീട് പെട്ടെന്നായിരുന്നു 'ഗീതു' പൂര്‍ത്തിയായത്. കേവലം അഞ്ചുമാസംകൊണ്ട് അതിന്റെ ജോലികള്‍ കഴിഞ്ഞു. 'അര്‍ച്ചന'യും 'ഫ്രീഡം ഫൈറ്റും' ഒരേ ദിവസമായിരുന്നു റിലീസ് ചെയ്തത്. അത് വളരേ ടെന്‍ഷന്‍ ആയിരുന്നു. ഒന്നിന് മികച്ചതും മറ്റൊന്നിന് കുറച്ച് നെഗറ്റീവ് പ്രതികരണങ്ങളുമായിരുന്നു ലഭിച്ചത്.

രേവതി ശര്‍മയ്ക്കും അര്‍ജുന്‍ അശോകനും ഒപ്പം അഖില്‍ അനില്‍കുമാര്‍ | Photo: Instagram/ Akhil Anilkumar

സിനിമ നല്‍കിയ പാഠങ്ങള്‍

സ്‌ക്രിപ്റ്റ് അപ്‌ഡേറ്റഡ് ആയിരിക്കുക എന്നതാണ് സിനിമ പഠിപ്പിച്ച ഏറ്റവും വലിയ പാഠം. 'തലവര' ആളുകള്‍ക്ക് ഇഷ്ടപ്പെടുന്നതിന്റെ വലിയ കാരണവും അതുതന്നെയാണ്. 2022-ല്‍ കമ്മിറ്റ് ചെയ്ത ചിത്രമാണ്. റിലീസ് ചെയ്യുമ്പോള്‍ 2025 ആയി. അത്രയും വലിയ യാത്രയായിരുന്നു. ആ യാത്രയില്‍, 2022-ല്‍ എഴുതിയ സ്‌ക്രിപ്റ്റുമായി ഇരുന്നാല്‍ പണിപാളും. അടിസ്ഥാന പ്രമേയം എന്തുതന്നെയായാലും ഉള്ളടക്കം പുതുക്കിക്കൊണ്ടിരിക്കുക. മേക്കിങ്ങില്‍ പുതുതായി എന്തെങ്കിലും കൊണ്ടുവന്നാല്‍ സിനിമ സ്വീകരിക്കപ്പെടും എന്ന ആത്മവിശ്വാസം ഇപ്പോള്‍ ഉണ്ട്. 'തലവര' ആ ആത്മവിശ്വാസം നല്‍കുന്നുണ്ട്.

വിമര്‍ശനം വേണം, മാന്യമാവണം

മൂന്ന് ചിത്രങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്. വിമര്‍ശനങ്ങളെ പോസിറ്റീവ് ആയാണ് കാണുന്നത്. അനാവശ്യമായി ഒരു ബന്ധവുമില്ലാതെ തെറിവിളിക്കുന്നവരോട് ദേഷ്യം തോന്നാറുണ്ട്. മാന്യമായി വിമര്‍ശിക്കുമ്പോള്‍ സന്തോഷം തോന്നാറുണ്ട്. നമുക്കൊരു തെറ്റ് പറ്റി, അടുത്ത തവണ തിരുത്തണം എന്ന് കരുതും. തിരക്കഥ എഴുതുമ്പോള്‍ തന്നെ കഥ പലരോടും പറയും. നമ്മള്‍ എഴുതിയ കഥയിലെ പോരായ്മകള്‍ ചിലപ്പോള്‍ നമുക്ക് കണ്ടെത്താന്‍ സാധിച്ചെന്ന് വരില്ല. മറ്റുള്ളവര്‍ പറയുമ്പോള്‍ നമുക്ക് പ്രശ്‌നങ്ങള്‍ മനസിലാവും. കഥ പറയുമ്പോള്‍ അവരുടെ പ്രതികരണങ്ങള്‍ കാണുമ്പോള്‍ തന്നെ നമുക്ക് ചില കാര്യങ്ങള്‍ ബോധ്യപ്പെടും. വര്‍ക്കാവാത്ത കാര്യങ്ങള്‍ മാറ്റി എഴുതും. അതുപോലെയാണ് വിമര്‍ശനങ്ങളേയും കാണുന്നത്.

കലാകാരന്‍ നന്നാവണമെങ്കില്‍ വിമര്‍ശനങ്ങള്‍ കൂടി അതിന്റെ ഭാഗമാണ്. 'അര്‍ച്ചന'യ്ക്ക് അത്രയും വിമര്‍ശനം കിട്ടിയില്ലായിരുന്നെങ്കില്‍ ഇന്ന് ഇങ്ങനെ ഒരു സിനിമ ചെയ്യാന്‍ കഴിയുമായിരുന്നെന്ന് എനിക്ക് തോന്നുന്നില്ല. വിമര്‍ശനങ്ങള്‍ വരണം, അത് മാന്യമായ ഭാഷയിലാവണം.

Read Entire Article