ഒരുമാസത്തെ ശമ്പളവും സം​ഗീതപരിപാടികളിൽനിന്നുള്ള വരുമാനവും സൈനികരുടെ ക്ഷേമത്തിന് സംഭാവന ചെയ്യും-ഇളയരാജ

8 months ago 7

Ilaiyaraja

ഇളയരാജ | ഫോട്ടോ: വി. രമേഷ് | മാതൃഭൂമി

ചെന്നൈ: തന്റെ ഒരുമാസത്തെ വരുമാനം സൈനികരുടെ ക്ഷേമത്തിനുള്ള ദേശീയ പ്രതിരോധ ഫണ്ടിലേക്ക് സംഭാവന ചെയ്യുമെന്ന് സംഗീതസംവിധായകൻ ഇളയരാജ. രാജ്യസഭാംഗം എന്ന നിലയിൽ ലഭിക്കുന്ന ഒരുമാസത്തെ ശമ്പളവും സംഗീതപരിപാടികളിൽനിന്നുള്ള വരുമാനവും സംഭാവന ചെയ്യുമെന്ന് അദ്ദേഹം സാമൂഹികമാധ്യമങ്ങളിലൂടെ വ്യക്തമാക്കി.

ഈ വർഷത്തിന്റെ തുടക്കത്തിൽ അരങ്ങേറിയ തന്റെ ആദ്യ സിംഫണിക്ക് വാലിയന്റ് (ധീരൻ) എന്ന് പേര് നൽകിയത് നിഷ്കളങ്കരായ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയതിന് രാജ്യത്തിന്റെ അഭിമാനമായ ധീരസൈനികർ തിരിച്ചടിനൽകുമെന്ന് അറിയാതെയായിരുന്നെന്ന് ഇളയരാജ എക്സിൽ കുറിച്ചു.

ഇളയരാജയുടെ വാക്കുകൾ:

"ധീരൻ" - ഈ വർഷം ആദ്യം ഞാൻ എൻ്റെ ആദ്യത്തെ സിംഫണി ചിട്ടപ്പെടുത്തി റെക്കോർഡ് ചെയ്യുകയും അതിന് "ധീരൻ" എന്ന് പേരിടുകയും ചെയ്തു. എന്നാൽ, മെയ് മാസത്തിൽ പഹൽഗാമിലെ നിരപരാധികളായ വിനോദസഞ്ചാരികളുടെ നിഷ്ഠൂരമായ കൊലപാതകത്തെത്തുടർന്ന് നമ്മുടെ യഥാർത്ഥ വീരന്മാരായ സൈനികർക്ക് അതിർത്തികളിൽ ധീരത, സാഹസികത, ധൈര്യം, കൃത്യത, ദൃഢനിശ്ചയം എന്നിവയോടെ പ്രവർത്തിക്കേണ്ടിവരുമെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. നമ്മുടെ നിസ്വാർത്ഥരായ ധീരജവാന്മാർ ശത്രുക്കളെ മുട്ടുകുത്തിക്കുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്.

ജയഭേരിഗൈ കൊട്ടടാ, കൊട്ടടാ,
ജയഭേരിഗൈ കൊട്ടടാ - ഭാരതി

ഒരഭിമാനിയായ ഇന്ത്യക്കാരൻ എന്ന നിലയിലും ഒരു പാർലമെൻ്റ് അംഗം എന്ന നിലയിലും, ഭീകരതയെ തുടച്ചുനീക്കുന്നതിനും നമ്മുടെ അതിർത്തികളെയും ജനങ്ങളെയും സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള നമ്മുടെ രാജ്യത്തെ ധീരരായ വീരന്മാരുടെ "ധീരമായ" പരിശ്രമങ്ങൾക്ക് പിന്തുണയായി, എൻ്റെ സംഗീത പരിപാടികളിൽ നിന്നുള്ള പ്രതിഫലവും ഒരു മാസത്തെ ശമ്പളവും "ദേശീയ പ്രതിരോധ നിധി"യിലേക്ക് ഒരു എളിയ സംഭാവനയായി നൽകാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു." ജയ് ഹിന്ദ്.

Content Highlights: Ilaiyaraaja Donates Month's Salary & Concert Earnings to National Defence Fund

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article