
റാണ ദഗ്ഗുബാട്ടി | Photo: AP, YouTube/ Netflix India
ബാഹുബലിയിലൂടെ പാന്‍ ഇന്ത്യന്‍ ശ്രദ്ധനേടിയ നടനാണ് റാണ ദഗ്ഗുബാട്ടി. 2010 മുതല്‍ തന്നെ തെലുങ്ക് സിനിമകളില്‍ സജീവമായിരുന്നെങ്കിലും ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങളിലെ വില്ലന്‍ കഥാപാത്രത്തിലൂടെയാണ് താരം കൂടുതല്‍ ശ്രദ്ധേയനായത്. തന്റെ ഒരു കണ്ണിന് കാഴ്ചയില്ലെന്ന റാണ ദഗ്ഗുബാട്ടിയുടെ വെളിപ്പെടുത്തില്‍ ആരാധകര്‍ ഞെട്ടലോടെയായിരുന്നു കേട്ടത്. പിന്നീട് വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായതായിരുന്നതായും താരം വെളിപ്പെടുത്തിയിരുന്നു. ആരോഗ്യപ്രശ്‌നങ്ങളുമായി താനിപ്പോള്‍ പൊരുത്തപ്പെട്ടുകഴിഞ്ഞുവെന്നും ചിലപ്പോഴത് കോമഡിയായി തോന്നിത്തുടങ്ങിയെന്നും റാണ ദഗ്ഗുബാട്ടി ഇപ്പോള്‍ തുറന്നുപറയുന്നു. നെറ്റ്ഫ്‌ളിക്‌സ് സീരീസായ 'റാണാ നായിഡു'വിന്റെ രണ്ടാംഭാഗത്തിന്റെ പ്രൊമോഷനോട് അനുബന്ധിച്ച അഭിമുഖത്തിലാണ് റാണ ദഗ്ഗുബാട്ടി ഇക്കാര്യം വെളിപ്പെടുത്തുന്നത്.
'വര്‍ഷങ്ങള്‍ കൊണ്ട് എന്റെ കണ്ണൊക്കെ ഒരു കോമഡിയായി മാറിയിട്ടുണ്ട്. ഒരുവശത്തുള്ളതൊന്നും എനിക്ക് കാണാന്‍ കഴിയില്ല. സംഘട്ടന രംഗങ്ങളിലൊക്കെ അത് ശരിക്കും തമാശയായി തീരും. ലെന്‍സ് ഇടാതിരിക്കുകയും നന്നായി പൊടിയടിക്കുകയും ചെയ്താല്‍, എല്ലാം തകിടംമറയും. ഏറെക്കുറെ ടെര്‍മിനേറ്റര്‍ പോലെയായെന്ന് ഞാന്‍ പറയും. ഒരു കണ്ണ്, കിഡ്‌നി, ട്രാന്‍സ്പ്ലാന്റ് നടത്തിയ ഒരുപാട് കാര്യങ്ങളുണ്ട്', റാണ ദഗ്ഗുബാട്ടി പറഞ്ഞു.
തന്റെ കാഴ്ചയില്ലാത്ത കണ്ണില്‍നിന്ന് വെള്ളം വരുന്നതുകണ്ട് സഹനടന്‍ അര്‍ജുന്‍ രാംപാല്‍ തെറ്റിദ്ധരിച്ചതിനെക്കുറിച്ചും റാണ ദഗ്ഗുബാട്ടി തുറന്നുപറഞ്ഞു. 'ഒരുതവണ ഷൂട്ടിങ്ങിനിടെ, അര്‍ജുന്‍ എന്നെ നോക്കിത്തന്നെ നില്‍ക്കുന്നു. ഞാന്‍ കരയുകയാണോ എന്ന് അര്‍ജുന്‍ എന്നോട് ചോദിച്ചു. കരയുകയല്ല, അത് കണ്ണില്‍നിന്ന് വരുന്ന വെള്ളമാണെന്ന് ഞാന്‍ പറഞ്ഞു. കണ്ണിന് പ്രശ്‌നമൊന്നുമില്ലെന്ന് പറഞ്ഞിട്ടും അദ്ദേഹം എന്നോട് കരയുകയാണോ എന്ന് ചോദിച്ചുകൊണ്ടിരുന്നു', റാണ ദഗ്ഗുബാട്ടി കൂട്ടിച്ചേര്‍ത്തു.
വലതുകണ്ണിന് കാഴ്ചയില്ലെന്ന് റാണ ദഗ്ഗുബാട്ടി നേരത്തെ വെളിപ്പെടുത്തിയിരുന്നു. പുറത്ത് കാണുന്നത് മറ്റാരുടേയോ നേത്രപടലമാണെന്നും ഇടതുകണ്ണടച്ചുകഴിഞ്ഞാല്‍ തനിക്ക് ഒന്നും കാണാന്‍ കഴിയില്ലെന്നും റാണ നേരത്തേ വെളിപ്പെടുത്തിയിരുന്നു. പിന്നീട് വൃക്കമാറ്റിവെക്കലിനു വിധേയനായെന്നും റാണ ദഗ്ഗുബാട്ടി പറഞ്ഞിരുന്നു.
Content Highlights: Rana Daggubati reveals his struggles with blindness successful 1 oculus and a kidney transplant
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·