'ഒരേ കടൽ സം​ഗീതജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി; മോശം സംഗീതം ഉറക്കത്തെപ്പോലും ബാധിക്കും'

4 months ago 4

Ouseppachan

ഔസേപ്പച്ചൻ | ഫോട്ടോ: എൻ.എം. പ്രദീപ്/ മാതൃഭൂമി

തൃശ്ശൂര്‍: ''റെക്കോര്‍ഡിങ്ങുള്ള ദിവസം നല്ല ത്രില്ലിലായിരിക്കും. കാലത്ത് അഞ്ചുമണിക്കുതന്നെ ഉണരും. അന്നു മുഴുവന്‍ സമയവും ജോലി ചെയ്യേണ്ടിവന്നാലും ഒരു പ്രശ്‌നവുമില്ല. കാരണം, ആസ്വദിച്ചുകൊണ്ടാണ് ഓരോന്നും ചെയ്യുന്നത്. ജീവിതത്തില്‍ ഇന്നേവരെ ഒരു പാഷനായി എടുത്തിട്ടുള്ളത് സംഗീതം മാത്രമാണ്. അതിനിയും അതുപോലെ തുടരും.....'' സംഗീത സംവിധായകനും വയലിനിസ്റ്റുമായ ഔസേപ്പച്ചന്റെ വാക്കുകള്‍. 13-ന് അദ്ദേഹത്തിന് 70 വയസ്സു തികയുകയാണ്.

ശനിയാഴ്ച പിറന്നാളാഘോഷമൊന്നും ഇല്ല. കേക്കു മുറിക്കല്‍ പോലുമില്ല. 1978-ല്‍ തുടങ്ങിയ ഈ സംഗീത സപര്യ 2025-ലും തുടരുകയാണ്. 200-ലധികം സിനിമയ്ക്ക് സംഗീതസംവിധാനം നിര്‍വഹിച്ചു. 'ഒരേ കടലിലെ' പാട്ടുകള്‍ക്ക് 2007-ല്‍ മികച്ച സംഗീതസംവിധായകനുള്ള ദേശീയ അവാര്‍ഡ്. 'ഉണ്ണികളെ ഒരു കഥ പറയാം' എന്ന ഗാനത്തിന് 1987-ല്‍ സംഗീതസംവിധായകനുള്ള സംസ്ഥാന അവാര്‍ഡ്, 2013-ല്‍ 'നടന്‍' എന്ന സിനിമയിലെ ഗാനങ്ങള്‍ക്ക് സംഗീതസംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് തുടങ്ങിയവയാണ് പ്രധാന നേട്ടങ്ങള്‍.

ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന ''കൃഷ്ണാഷ്ടമി'' എന്ന സിനിമയ്ക്കാണ് ഏറ്റവും ഒടുവില്‍ സംഗീതസംവിധാനം ചെയ്തത്. വൈലോപ്പിള്ളിയുടെ കവിതയെ ആസ്പദമാക്കിയാണ് ഈ സിനിമ. ഔസേപ്പച്ചന്‍തന്നെ ഇതില്‍ പാടിയിട്ടുണ്ട്. സംഗീത സംവിധായകന്‍ വിദ്യാധരന്‍, നടനും കാരിക്കേച്ചറിസ്റ്റുമായ ജയരാജ് വാരിയര്‍, മകള്‍ ഇന്ദുലേഖാവാരിയര്‍ തുടങ്ങിയവരും ഇതില്‍ പാടി.

ഒരേ കടല്‍ പാട്ടുകള്‍ ഗിന്നസ് റെക്കോഡില്‍
തന്റെ സംഗീതജീവിതത്തിലെ വലിയ വെല്ലുവിളിയായിരുന്നു 2007-ല്‍ പുറത്തിറങ്ങിയ 'ഒരേ കടല്‍' എന്ന സിനിമയിലെ ഗാനങ്ങളെന്ന് ഔസേപ്പച്ചന്‍ ഓര്‍ക്കുന്നു. ശുഭപന്തുവരാളി രാഗത്തില്‍ അഞ്ചുപാട്ടുകളാണ് സിനിമയിലുള്ളത്. ഒരേ രാഗത്തില്‍ ചെയ്യുമ്പോള്‍ വ്യത്യസ്തത കൊണ്ടുവരുക എന്നത് ഏറെ പ്രയാസമാണ്. ഇന്നുവരെ ഒരാളും ഇങ്ങനെയൊരു പരീക്ഷണത്തിന് മുതിര്‍ന്നിട്ടില്ല. ഇത് ഗിന്നസ് റെക്കോഡാണ്.

അന്നും ഇന്നും വയലിനിസ്റ്റ്
സംഗീതസംവിധായകനിലുപരിയായി അന്നും ഇന്നും ഔസേപ്പച്ചന്‍ ഒരു വയലിനിസ്റ്റാണ്. ''ഇന്നും ദിവസവും വയലിന്‍ പരിശീലിക്കും. കൂടുതല്‍ പഠിക്കാന്‍ പ്രായം അനുവദിക്കുന്നില്ലെങ്കിലും ചെയ്യുന്നത് തുടരാന്‍ അത് സഹായിക്കും. എല്ലാ ദിവസവും 16 കിലോമീറ്റര്‍ നടക്കും. സംഗീതം തരുന്ന ഊര്‍ജം ചില്ലറയല്ല. 70 വയസ്സില്‍ ചെയ്യുന്ന കാര്യമല്ല ഞാനിന്ന് ചെയ്യുന്നത്. ലിഫ്റ്റ് പോലും ഉപയോഗിക്കാറില്ല.''- അദ്ദേഹം പറയുന്നു.

ദിവസവും നല്ല സംഗീതം കേള്‍ക്കണമെന്നാണ് ആഗ്രഹം. മോശം സംഗീതം ഉറക്കത്തെപ്പോലും ബാധിക്കും- ഔസേപ്പച്ചന്‍ പറയുന്നു.

സംഗീതം പകര്‍ന്നുനല്‍കിയ സ്‌നേഹമുള്ള ഒരു കുടുംബവും കൂട്ടായുണ്ട്. ഭാര്യ മറിയം. കിരണും അരുണും മക്കളാണ്. രണ്ടുപേരും ഐടി മേഖലയില്‍ ജോലിചെയ്യുന്നു.

Content Highlights: Celebrated euphony composer & violinist Ouseppachan turns 70

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article