Published: September 27, 2025 12:55 PM IST
1 minute Read
കണ്ണൂർ∙ കോളജ് പഠനകാലത്ത്, സോഫ്റ്റ് ബോൾ കളിച്ച് പരിചയം മാത്രമാണ് രമ്യ ടീച്ചർക്കുള്ളത്. പക്ഷേ ബാറ്റുമായി ക്രീസിൽനിന്നപ്പോൾ ചീറിപ്പാഞ്ഞു വന്ന പന്തിനോട് ഒരു ‘സോഫ്റ്റ്നസും’ ടീച്ചർ കാണിച്ചില്ല. ഫുൾ ടോസ് പന്തിനെ ക്രീസ് വിട്ടിറങ്ങി സിക്സറിനു തൂക്കി! അതോടെ ആ ബോൾ ബൗണ്ടറിലൈൻ കടന്നതിനേക്കാൾ വേഗത്തിലാണ് ‘രമ്യ ടീച്ചറുടെ സിക്സർ’ സമൂഹമാധ്യമങ്ങളിൽ വൈറലായത്.
കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റ് സിക്സർ അടിച്ച് ഉദ്ഘാടനം ചെയ്ത ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.രമ്യയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഇതോടെ പ്രസിഡന്റിന് അഭിനന്ദനപ്രവാഹമാണ്. സ്പീക്കർ എ.എൻ.ഷംസീർ നേരിട്ട് വിളിച്ച്, പ്രസിഡന്റിനെ അഭിനന്ദിച്ചു. മന്ത്രിമാരായ എം.ബി.രാജേഷ്. വീണാ ജോർജ്, വി.ശിവൻകുട്ടി തുടങ്ങിയവരെല്ലാം രമ്യ ടീച്ചറെ അഭിനന്ദിച്ചവരിലുണ്ട്. വിഡിയോ വൈറലായതിലെ സന്തോഷം ‘മനോര ഓൺലൈനോട്’ പങ്കുവയ്ക്കുകയാണ് രമ്യ ടീച്ചർ.
ഈ മാസം 24നായിരുന്നു കേരളോത്സവം ക്രിക്കറ്റ് ടൂർണമെന്റിന്റെ ഉദ്ഘാടനച്ചടങ്ങ്. പഞ്ചായത്ത് സംഘടിപ്പിക്കുന്ന പരിപാടി, പഞ്ചായത്ത് പ്രസിഡന്റ് ബാറ്റ് ചെയ്ത് ഉദ്ഘാടനം ചെയ്യാനും തീരുമാനിച്ചു. എന്നാൽ വെറുതെ പന്തു തട്ടുകയല്ല, പന്തു വന്നാൽ അടിച്ചു തെറിപ്പിക്കുക തന്നെയായിരുന്നു ലക്ഷ്യമെന്ന് രമ്യ ടീച്ചർ പറയുന്നു. തന്റെ തന്നെ വാർഡിലുള്ള ഷാജി എന്നയാളാണ് വിഡിയോ പകർത്തിയത്. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ ശ്രദ്ധിക്കപ്പെട്ടു.
മട്ടന്നൂർ കോളജിൽ, ഡിഗ്രിക്കു പഠിക്കുമ്പോൾ സോഫ്റ്റ് ബോൾ താരമായിരുന്നു. എന്നാൽ പിന്നീട് കായിക രംഗവുമായി വലിയ ബന്ധമില്ല. ക്രിക്കറ്റ് മത്സരങ്ങൾ കാണാറുണ്ടെന്നും രമ്യ ടീച്ചർ പറയുന്നു. ഏഷ്യാ കപ്പ് ഫൈനലിൽ നാളെ നടക്കുന്ന ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
സിപിഎം അംഗമായ രമ്യ ടീച്ചർ, 2015 മുതൽ ചൊക്ലി പഞ്ചായത്തിലെ 17–ാം വാർഡ് മെംബറാണ്. 2020ലാണ് പ്രസിഡന്റായത്. ഇതോടെ കാഞ്ഞിരോട് ശങ്കരവിലാസം യുപി സ്കൂളിലെ ജോലിയിൽനിന്ന് അവധിയെടുത്തിരിക്കുകയാണ്. ഡിസംബറിൽ കാലാവധി കഴിയുന്നതോടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയ ‘ഇന്നിങ്സിൽ’നിന്ന് തൽക്കാലം ഇടവേളയെടുക്കാനാണ് രമ്യ ടീച്ചറുടെ തീരുമാനം. ജനുവരിയിൽ വീണ്ടും സ്കൂളിൽ ജോലിയിൽ പ്രവേശിക്കും. ടീച്ചറുടെ ഭർത്താവ് ബിജേഷ് കുമാർ വിമുക്തഭടനാണ്. രണ്ടു മക്കൾ. മൂത്തയാൾ പ്ലസ് വണ്ണിൽ പഠിക്കുന്നു. രണ്ടാമത്തെയാൾക്ക് നാല് വയസ്സ്.
English Summary:









English (US) ·