Published: August 31, 2025 04:44 PM IST
1 minute Read
ലണ്ടൻ∙ ഇന്ത്യൻ താരങ്ങളിൽ ഒരോവറിൽ എല്ലാ പന്തുകളും സിക്സടിക്കുന്ന ബാറ്റർക്ക് പോർഷെ കാർ വാഗ്ദാനം ചെയ്തിരുന്നതായി ഐപിഎൽ മുന്‍ ചെയർമാൻ ലളിത് മോദി. 2007 ട്വന്റി20 ലോകകപ്പിനു മുന്നോടിയായാണ് ഇന്ത്യൻ താരങ്ങൾക്കു മുന്നിൽ ഈ ഓഫർ വച്ചതെന്നും ലളിത് മോദി ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരം മൈക്കൽ ക്ലാർക്കുമായി നടത്തിയ ചർച്ചയിൽ വെളിപ്പെടുത്തി. 2007 ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ സ്റ്റുവർട്ട് ബ്രോഡിനെതിരെ യുവരാജ് സിങ് ഒരോവറിലെ ആറു പന്തുകളും സിക്സടിച്ചിരുന്നു.
‘‘2007 ലോകകപ്പിനു മുൻപാണ് ഞാൻ ഇന്ത്യൻ താരങ്ങളോട് ഇക്കാര്യം പറഞ്ഞത്. ഒരോവറിലെ ആറു പന്തുകളും സിക്സടിക്കുന്ന താരത്തിന് ഞാൻ പോർഷെ കാർ സമ്മാനിക്കും. ഇംഗ്ലണ്ടിനെതിരെ തുടർച്ചയായി സിക്സുകൾ പറത്തിയ ശേഷം യുവരാജ് എന്നെ നോക്കുന്നുണ്ടായിരുന്നു. ബാറ്റുയർത്തിക്കൊണ്ട് എന്റെ നേരെ ഓടിവന്നു. എന്റെ പോർഷെ തരൂ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. യുവരാജിന്റെ ബാറ്റ് കൈമാറാന്‍ ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.’’– ലളിത് മോദി വ്യക്തമാക്കി.
2007ലെ ട്വന്റി20 ലോകകപ്പ് ഇന്ത്യ വിജയിക്കുന്നതിൽ നിർണായക പ്രകടനമാണ് യുവരാജ് സിങ് നടത്തിയത്. ഇംഗ്ലണ്ടിനെതിരെ ഒരോവറിൽ ആറു സിക്സുകൾ അടിച്ച യുവരാജ് സിങ് ട്വന്റി20 ചരിത്രത്തിലെ വേഗതയേറിയ അർധ സെഞ്ചറിയും സ്വന്തമാക്കി. 12 പന്തുകളിൽനിന്നാണ് യുവരാജ് ഇംഗ്ലണ്ടിനെതിരെ അർധ സെഞ്ചറിയിലെത്തിയത്. ഫൈനലിൽ പാക്കിസ്ഥാനെ അഞ്ച് റൺസിനു തോൽപിച്ചാണ് ഇന്ത്യ ലോകകപ്പ് വിജയിച്ചത്.
English Summary:








English (US) ·