09 June 2025, 11:32 AM IST

ജേസൺ ഹോൾഡർ | AFP
ലണ്ടന്‍: വിന്‍ഡീസിനെതിരായ ടി20 മത്സരത്തില്‍ ഒരോവറില്‍ അഞ്ച് സിക്‌സറുകള്‍ വഴങ്ങി ഇംഗ്ലണ്ട് സ്പിന്നര്‍ ആദില്‍ റാഷിദ്. ഇംഗ്ലണ്ടും വെസ്റ്റിന്‍ഡീസും തമ്മിലുള്ള രണ്ടാം ടി20 യിലാണ് റാഷിദിനെ വിന്‍ഡീസ് ബാറ്റര്‍മാര്‍ അടിച്ചുതകര്‍ത്തത്. അതോടെ ടി20 ക്രിക്കറ്റില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന രണ്ടാമത്തെ ഇംഗ്ലണ്ട് ബൗളറെന്ന മോശം റെക്കോഡും താരം സ്വന്തമാക്കി.
വിന്‍ഡീസ് ഇന്നിങ്‌സിന്റെ 19-ാം ഓവറിലാണ് അഞ്ച് സിക്‌സറുകള്‍ പിറന്നത്. ആദില്‍ റാഷിദ് എറിഞ്ഞ ഓവറിലെ ആദ്യ മൂന്ന് പന്ത് ജേസണ്ഡ ഹോള്‍ഡര്‍ അതിര്‍ത്തികടത്തി. നാലാം പന്ത് സിംഗിളെടുത്തു. പിന്നീട് ബാറ്റുചെയ്ത റൊമാരിയോ ഷെഫേര്‍ഡ് ശേഷിക്കുന്ന രണ്ടുപന്തുകള്‍ കൂടി സിക്‌സറടിച്ചു. അതോടെ ഓവറില്‍ ആകെ പിറന്നത് 31 റണ്‍സ്.
ടി20 ക്രിക്കറ്റില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന രണ്ടാമത്തെ ഇംഗ്ലണ്ട് ബൗളറായി ആദില്‍ റാഷിദ് മാറി. 2007 ടി20 ലോകകപ്പില്‍ ഒരോവറില്‍ 36 റണ്‍സ് വഴങ്ങിയ ബ്രോഡാണ് ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ഇംഗ്ലണ്ട് ബൗളര്‍. അന്ന് ഇന്ത്യന്‍ താരം യുവരാജ് സിങ് ഓവറിലെ ആറുപന്തുകളും അതിര്‍ത്തികടത്തി.
അതേസമയം മത്സരത്തില്‍ വിജയം സ്വന്തമാക്കിയത് ഇംഗ്ലണ്ടാണ്. വിന്‍ഡീസ് ഉയര്‍ത്തിയ 197 റണ്‍സ് വിജയലക്ഷ്യം 18.3 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് മറികടന്നു.
Content Highlights: Adil Rashid bowls second-most costly implicit for England successful T20I history








English (US) ·