06 July 2025, 11:35 AM IST

പന്തിന്റെ കൈയ്യിൽ നിന്ന് ബാറ്റ് തെറിച്ചപ്പോൾ, ഡക്കറ്റ് ക്യാച്ചെടുക്കുന്നു | X.com/ECB
ബര്‍മിങ്ങാം: ബർമിങ്ങാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് മുന്നിൽ 608 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമാണ് ഇന്ത്യ ഉയർത്തിയത്. നാലാം ദിനം കളിയവസാനിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 72 റൺസെന്ന നിലയിലാണ് ഇംഗ്ലണ്ട്. ഒരുദിനം ബാക്കിനിൽക്കേ ഏഴ് വിക്കറ്റുകൾ കൂടി പിഴുതാൽ ഇന്ത്യയ്ക്ക് ജയിക്കാം. രണ്ടാമിന്നിങ്സിൽ ഇന്ത്യക്കായി ശുഭ്മാൻ ഗിൽ 161 റൺസെടുത്തപ്പോൾ രവീന്ദ്ര ജഡേജ, കെ.എൽ. രാഹുൽ, ഋഷഭ് പന്ത് എന്നിവർ അർധസെഞ്ചുറിയും തികച്ചു.
വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് 65 റൺസെടുത്താണ് പുറത്തായത്. ഋഷഭ് പന്തിന്റെ പുറത്താകലാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാകുന്നത്. അടിച്ചുകളിച്ച പന്ത് ഷൊയ്ബ് ബാഷിറിന്റെ പന്തിലാണ് പുറത്താവുന്നത്. ബാഷിറിന്റെ പന്തിൽ കൂറ്റനടിക്ക് ശ്രമിക്കുന്നതിനിടെ താരത്തിന്റെ ബാറ്റും കൈയ്യിൽ നിന്ന് തെറിച്ചു. പന്താകട്ടെ ഡെക്കറ്റിന്റെ കൈകളിലെത്തി. അതോടെ താരം പുറത്താവുകയും ചെയ്തു.
സാമൂഹികമാധ്യമങ്ങളിൽ ഇതിന്റെ ദൃശ്യങ്ങൾ വൈറലായി. മത്സരത്തിനിടെ പലതവണ പന്തിന്റെ കയ്യിൽ നിന്ന് ബാറ്റ് തെറിച്ചുപോയിരുന്നു. ഇംഗ്ലണ്ട് ക്രിക്കറ്റും ഈ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
അതേസമയം എഡ്ജ്ബാസ്റ്റണിൽ ഇതുവരെ ടെസ്റ്റിൽ ജയിക്കാൻ ഇന്ത്യൻ ടീമിന് ആയിട്ടില്ല. ശുഭ്മാൻ ഗില്ലിനും സംഘത്തിനും ആദ്യജയമെന്ന നേട്ടം സ്വന്തമാകുമോയെന്നാണ് ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ നോക്കിയിരിക്കുന്നത്. ഇവിടെ കളിച്ച എട്ട് ടെസ്റ്റുകളിൽ ഏഴിലും ഇന്ത്യ തോറ്റു. 1986-ൽ നേടിയ സമനില മാത്രമാണ് വലിയ നേട്ടം. ആ വേദിയിൽ ആദ്യം കളിച്ച മത്സരത്തിലെ ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ 92 റൺസിനാണ് പുറത്തായത്. 16 ഇന്നിങ്‌സുകളിൽ 300-ന് മുകളിൽ സ്കോർ ചെയ്തത് രണ്ടുതവണ മാത്രം. 390 റൺസാണ് ഇന്ത്യയുടെ ഉയർന്ന സ്കോർ.
Content Highlights: rishabh sound dismissal india vs england








English (US) ·