
പരിക്കേറ്റ ക്രിസ് വോക്സ് വീണ്ടും ബാറ്റിങ്ങിനിറങ്ങിയപ്പോൾ | Photo - AP
കെന്നിങ്ടണ്‍: ഓവലിൽ ആറു റൺസിന്റെ ജയം സ്വന്തമാക്കിയാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരായ പരമ്പര സമനിലയിലാക്കിയത്. 374 റൺസ് വിജയലക്ഷ്യവുമായി കളിച്ച ഇംഗ്ലണ്ട് 367 റൺസിന് പുറത്തായി. അവസാന ദിവസം നാലു വിക്കറ്റ് കൈയിലിരിക്കെ 35 റൺസ് വേണ്ടിയിരുന്ന ആതിഥേയർക്ക് 28 റൺസ് കൂട്ടിച്ചേർക്കാനേ കഴിഞ്ഞുള്ളൂ. മത്സരത്തില്‍ ജയം ഇന്ത്യക്കൊപ്പം നിന്നെങ്കിലും ഇംഗ്ലണ്ടിന്റെ പോരാട്ടവീര്യം പ്രശംസനീയമായിരുന്നു. തോളിന് പരിക്കേറ്റിട്ടും ബാറ്റുചെയ്യാനിറങ്ങിയ ഇംഗ്ലീഷ് പേസര്‍ ക്രിസ് വോക്‌സ് ക്രിക്കറ്റ് ലോകത്തിന്റെ കയ്യടി ഏറ്റുവാങ്ങിയാണ് മടങ്ങിയത്. ഇപ്പോഴിതാ ആ നിമിഷത്തെ അനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ് താരം.
“സന്തോഷവും സങ്കടവും ഒരുമിച്ച് തോന്നിയ നിമിഷങ്ങളായിരുന്നു അത്. മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും ഒരു പന്ത് പോലും നേരിടേണ്ടിവരാത്തത് സൂചിപ്പിച്ച് വോക്ക്സ് പറഞ്ഞു. പന്ത് പ്രതിരോധിക്കാനും ഒരുപക്ഷേ ഒരു ഓവർ കളിച്ചുതീർക്കാനും എനിക്ക് സാധിക്കുമോ എന്ന് ചിന്തിച്ചിരുന്നു. ഒരു റണ്ണോ അല്ലെങ്കിൽ ഒരു ഫോർ നേടാനോ എനിക്ക് കഴിയുമോ എന്നും ചിന്തിച്ചു. - വോക്ക്സ് ഗ്വാർഡിയനോട് പ്രതികരിച്ചു.
'എന്നാൽ മറ്റൊരു ചിന്തയും എനിക്ക് ഉണ്ടായിരുന്നു. ഞാൻ സ്ട്രൈക്കിൽ എത്തിയിരുന്നെങ്കിൽ, കുറച്ച് ബൗൺസറുകൾ ദേഹത്ത് കൊള്ളേണ്ടി വരുമെന്ന് എനിക്കറിയാമായിരുന്നു. അതായിരുന്നു യഥാർഥത്തിൽ എൻ്റെ ആശങ്ക. ക്രീസിൽ ഒട്ടും സുരക്ഷിതമല്ലല്ലോ. എന്നാൽ ദൈവത്തിന് നന്ദി, ഒറ്റക്കൈ കൊണ്ട് മണിക്കൂറിൽ 90 മൈൽ വേഗതയുള്ള ഒരു ബൗൺസർ നേരിടേണ്ടി വന്നില്ലല്ലോ.'- വോക്ക്സ് പറഞ്ഞു.
അവസാനദിവസം കളത്തിലിറങ്ങുമ്പോൾ ഇന്ത്യക്കും ഇംഗ്ലണ്ടിനും ജയിക്കാൻ ഒരുപോലെ അവസരമുണ്ടായിരുന്നു. എന്നാൽ, അഞ്ചുവിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജും നാലുവിക്കറ്റെടുത്ത പ്രസിദ്ധ് കൃഷ്ണയും ചേർന്ന് ഇംഗ്ലണ്ട് വാലറ്റത്തെ വീഴ്ത്തിയാണ് ജയം പിടിച്ചെടുത്തത്.
ആറിന് 339 റൺസെന്നനിലയിലാണ് ഇംഗ്ലണ്ട് കളിക്കാനിറങ്ങിയത്. നാലുവിക്കറ്റ് കൈയിലിരിക്കെ വേണ്ടത് 35 റൺസ്. അഞ്ചാം ദിനത്തിലെ ആദ്യ ഓവറിൽ പ്രസിദ്ധ് കൃഷ്ണയെ രണ്ടു ഫോറടിച്ച് ജാമി ഓവർട്ടൺ ഇംഗ്ലണ്ടിന് നല്ല തുടക്കംനൽകി. എന്നാൽ, തൊട്ടടുത്ത ഓവറിന്റെ മൂന്നാം പന്തിൽ സിറാജ്, ജാമി സ്മിത്തിനെ (2) ധ്രുവ് ജുറെലിന്റെ കൈയിലെത്തിച്ച് ഇന്ത്യക്ക് ആശിച്ച വിക്കറ്റുനൽകി. ഇതോടെ ഇംഗ്ലണ്ട് ഏഴിന് 347 എന്നനിലയിലായി. തൊട്ടടുത്ത പന്തിൽ ഗസ് അറ്റ്കിൻസൻ സ്ലിപ്പിൽ നൽകിയ ക്യാച്ചെടുക്കാൻ കെ.എൽ. രാഹുലിനായില്ല.
പ്രസിദ്ധ് കൃഷ്ണയുടെ അടുത്ത ഓവറിൽ നാലുറൺസ് വന്നതോടെ ഇന്ത്യ സമ്മർദത്തിലായി. എന്നാൽ, 80-ാം ഓവറിന്റെ അഞ്ചാം പന്തിൽ ജാമി ഓവർട്ടണിനെ (ഒൻപത്) വിക്കറ്റിനുമുന്നിൽ കുരുക്കി സിറാജ് ഇംഗ്ലണ്ടിന് വീണ്ടും പ്രഹരമേൽപ്പിച്ചു. 83-ാം ഓവറിന്റെ അവസാനപന്തിൽ ജോഷ് ടങ്ങിനെ (പൂജ്യം) ബൗൾഡാക്കി പ്രസിദ്ധ് കൃഷ്ണ ഇന്ത്യയുടെ വിജയത്തിലേക്കുള്ള ദൂരം കുറച്ചു. ടങ് പുറത്തായതോടെയാണ് വോക്‌സ് പരിക്കേറ്റ ഇടംകൈ ജാക്കറ്റിനുള്ളിലാക്കി ക്രിസിലേക്കെത്തിയത്. ഓവലിലെ തിങ്ങിക്കൂടിയ ജനം ഒന്നടങ്കം എഴുന്നേറ്റ് അദ്ദേഹത്തെ കൈയടികളോടെ വരവേറ്റു.
അടുത്ത ഓവറിൽ സിറാജിനെ സിക്‌സിനുപറത്തി അറ്റ്കിൻസൻ ഇംഗ്ലണ്ടിന് പ്രതീക്ഷനൽകി. തുടർന്ന് രണ്ടോവർ വോക്‌സിന് സ്‌ട്രൈക്ക് നൽകാതെ അറ്റ്കിൻസൻ കളിതുടർന്നു. ക്രീസില്‍ 16 മിനിറ്റ് ഉണ്ടായിരുന്നിട്ടും ഒരു പന്ത് പോലും നേരിട്ടില്ലെങ്കിലും, ഗസ് അറ്റ്കിന്‍സണെ സ്‌ട്രൈക്കില്‍ നിര്‍ത്താന്‍ സഹായിച്ച നിര്‍ണായകമായ രണ്ട് സിംഗിളുകള്‍ വോക്‌സ് ഓടിയെടുത്തു. മത്സരത്തിലെ ഇംഗ്ലണ്ടിന്റെ ഏറ്റവും തന്ത്രപരമായ രണ്ട് നീക്കങ്ങളായിരുന്നു അത്. ഒടുവിൽ 86-ാം ഓവറിന്റെ ആദ്യപന്തിൽ മുഹമ്മദ് സിറാജ് തൊടുത്തുവിട്ട യോർക്കറിൽ അറ്റ്കിൻസന്റെ (17) പ്രതിരോധം തകർന്നു. പോർച്ചുഗൽ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ സ്‌റ്റൈലിൽ വിക്കറ്റ് നേട്ടം ആഘോഷമാക്കി സിറാജും ഇന്ത്യൻ ടീമും വിജയാഘോഷം ആരംഭിച്ചു.
Content Highlights: Chris Woakes didnt privation to bat against 90mph bouncer with 1 hand








English (US) ·