
പരിക്കേറ്റ ക്രിസ് വോക്സ് വീണ്ടും ബാറ്റിങ്ങിനിറങ്ങിയപ്പോൾ | Photo - AP
കെന്നിങ്ടൺ: ഓവലില്‍ ആവേശകരമായിരുന്നു ടെസ്റ്റിന്റെ അന്തിമ നിമിഷങ്ങള്‍. അടിമുടി സസ്‌പെന്‍സ് നിറഞ്ഞ മിനിറ്റുകള്‍ക്കൊടുവില്‍ ഇന്ത്യക്ക് ആറു റണ്‍സിന്റെ ജയം. ഇതോടെ പരമ്പര 2-2 സമനിലയിലായി. മത്സരത്തില്‍ ജയം ഇന്ത്യക്കൊപ്പം നിന്നെങ്കിലും ഇംഗ്ലണ്ടിന്റെ പോരാട്ടവീര്യം എടുത്തുപറയണം. വിശേഷിച്ച് തോളിന് പരിക്കേറ്റിട്ടും തിരിച്ചുവന്ന ഇംഗ്ലീഷ് പേസര്‍ ക്രിസ് വോക്‌സിന്റെ പ്രതിബദ്ധത. ഇടതുകൈ സ്ലിംഗിലിട്ട്, വലതു കൈയില്‍ ബാറ്റുമായെത്തിയത് മത്സരത്തെ അടിമുടി ആവേശത്തിലാക്കി.
83-ാം ഓവറിന്റെ അവസാന പന്തില്‍ ജോഷ് ടങ്ക് പുറത്തായതോടെ വോക്‌സിന് ഇറങ്ങുകയല്ലാതെ നിവൃത്തിയില്ലായിരുന്നു. പ്രത്യേകിച്ച് ഇംഗ്ലണ്ട് സമ്മര്‍ദമേറിയ ഒരു റണ്‍വേട്ടയുടെ നടുവിലായിരിക്കുമ്പോള്‍. ഓവലിലെ തിങ്ങിക്കൂടിയ ജനം ഒന്നടങ്കം എഴുന്നേറ്റ് അദ്ദേഹത്തെ കൈയടികളോടെ വരവേറ്റു. ക്രീസില്‍ 16 മിനിറ്റ് ഉണ്ടായിരുന്നിട്ടും ഒരു പന്ത് പോലും നേരിട്ടില്ലെങ്കിലും, ഗസ് അറ്റ്കിന്‍സണെ സ്‌ട്രൈക്കില്‍ നിര്‍ത്താന്‍ സഹായിച്ച നിര്‍ണായകമായ രണ്ട് സിംഗിളുകള്‍ അദ്ദേഹം ഓടിയെടുത്തു. മത്സരത്തിലെ ഇംഗ്ലണ്ടിന്റെ ഏറ്റവും തന്ത്രപരമായ രണ്ട് നീക്കങ്ങളായിരുന്നു അത്.
ഒരു വിക്കറ്റ് മാത്രം ശേഷിക്കേ ഇംഗ്ലണ്ടിന് ജയിക്കാന്‍ 16 റണ്‍സ് വേണമായിരുന്നു അന്നേരം. സിറാജെറിഞ്ഞ 84-ാം ഓവറില്‍ അറ്റ്കിന്‍സണ്‍ ഒരു സിക്‌സ് നേടി വിജയത്തിലേക്കുള്ള ദൂരം വീണ്ടും കുറച്ചു. അവസാന പന്തില്‍ ബൈ നേടി അറ്റ്കിന്‍സണ്‍ വീണ്ടും ക്രീസിലേക്ക്. പ്രസിദ്ധ് കൃഷ്ണയെറിഞ്ഞ തൊട്ടടുത്ത ഓവറിലും ഇതേ വിധം ബൈ നേടി വീണ്ടും ഇന്ത്യയുടെ സമ്മര്‍ദമേറ്റി. ഇതിനിടയ്ക്ക് ആറ്റ്കിന്‍സണിന്റെ ഷോട്ടില്‍ രണ്ട് റണ്‍സ് ഓടിപൂര്‍ത്തിയാക്കുകയും ചെയ്തു. എങ്കിലും ഇംഗ്ലണ്ട് ആറ് റണ്‍സിന് മത്സരം പരാജയപ്പെട്ടു. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 2-2ന് സമനിലയിലാക്കാന്‍ ഇന്ത്യക്ക് സാധിച്ചു.
പ്രതിസന്ധി ഘട്ടങ്ങളിലെ ഇത്തരം ധീരമായ നിമിഷങ്ങള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ മുന്‍പുമുണ്ടായിട്ടുണ്ട്. 2009-ലെ സിഡ്‌നി ടെസ്റ്റില്‍, ദക്ഷിണാഫ്രിക്കയുടെ ഗ്രെയിം സ്മിത്ത് കൈ ഒടിഞ്ഞിട്ടും പതിനൊന്നാമനായി ബാറ്റ് ചെയ്യാനിറങ്ങി. കഠിനമായ വേദനയെയും ഓസ്ട്രേലിയയുടെ നിരന്തരമായ പേസ് ആക്രമണത്തെയും അദ്ദേഹം ധീരമായി നേരിട്ടു. മത്സരം രക്ഷിക്കാനുള്ള അവസാന ശ്രമത്തില്‍ അദ്ദേഹം 17 പന്തുകള്‍ നേരിട്ടു.
1986-ല്‍ ഫൈസലാബാദില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റില്‍, പാകിസ്ഥാന്റെ സലീം മാലിക്കും സമാനമായ ധീരത പ്രകടിപ്പിച്ചു. മാല്‍ക്കം മാര്‍ഷലിന്റെ പന്തേറില്‍ പരിക്കേറ്റ ശേഷം, കയ്യില്‍ പ്ലാസ്റ്ററിട്ട് മാലിക് ക്രീസിലേക്ക് മടങ്ങിവന്നു, പരിക്കേറ്റ കൈ സംരക്ഷിക്കുന്നതിനായി അദ്ദേഹം ഇടംകൈയ്യനായും വലംകൈയ്യനായും മാറിമാറി ബാറ്റ് ചെയ്തു. അദ്ദേഹത്തിന്റെ ധീരമായ ചെറുത്തുനില്‍പ്പ് നിര്‍ണായകമായ അവസാന വിക്കറ്റ് കൂട്ടുകെട്ടുണ്ടാക്കാനും കഠിനമായ പോരാട്ടത്തിനൊടുവില്‍ മത്സരം സമനിലയിലാക്കാനും സഹായിച്ചു.
Content Highlights: Courage Under Fire: Chris Woakes's One-Handed Stand Inspires astatine The Oval








English (US) ·